Breaking News

Trending right now:
Description
 
Dec 30, 2015

കുതിരമുഖി, കണ്ടുമുട്ടേണ്ട സുന്ദരി

Dipin Augustine
image മൌനത്തിന്റെ മഹാസാഗരത്തിൽ ആണ്ടുകിടക്കുന്ന പശ്ചിമഘട്ട മലനിരകൾക്കിടയിൽ 1905 മീറ്റർ / 6250 അടിഉയരത്തിൽ തല ഉയർത്തി നില്ക്കുന്ന പർവ്വത സുന്ദരി ....അതാണ്‌ കുദ്രെമുഖ് എന്ന കുതിരമുഖി. കർണ്ണാടകയിലെ ചിക്മഗ്ലൂർ ജില്ലയിലാണ് കുതിരമുഖ് നാഷണൽ പാർക്ക് സ്ഥിതിചെയുന്നത്. കുതിരയുടെ മുഖത്തോടു സാദൃശ്യമുള്ള പർവ്വത മുനമ്പിൽ നിന്നാണ് ആ പേരിന്റെ ഉത്ഭവം. കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണത്. ഒഴുകി നടക്കുന്ന മേഘങ്ങൾക്ക് താഴെ, ഏകാന്തതയിൽ വനത്തിന്റെയും നീർച്ചോലകലുടെയും സംഗീതം ആസ്വദിച്ചുകൊണ്ട്‌ മലമുകളിലേക്കൊരു യാത്ര നിങ്ങൾ ഇഷ്ടപ്പെടുവെങ്കിൽ ഈ പ്രദേശം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. മുല്ലോടി എന്ന വനഗ്രാമത്തിൽ നിന്നാണ് കുതിരമുഖിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. ബാല്ലെഗൽ എന്ന പ്രദേശത്തുനിന്നും 6 കി.മി. മലകയറിയാണ്, ഏതാണ്ട് നാല്പതോളം കുടുംബങ്ങൾ മാത്രം താമസിക്കുന്ന മുല്ലോടിയ്യിൽ എത്തുക. മുല്ലോടിയിൽ നിന്നും 10 കി.മി ആണ് കുതിരമുഖിയിലേക്കുള്ള ദൂരം.

 പുലരുവോളം നീണ്ട ആഘോഷങ്ങൾക്കൊടുവിലാണ് മംഗലാപുരത്തുനിന്നും ഞങ്ങളുടെ അഞ്ചംഗസംഘം കുതിരമുഖിയിലേക്ക് യാത്ര തിരിച്ചത്. ട്രെയിൻ വഴി മംഗലാപുരത്ത് എത്തിയശേഷം അവിടെനിന്നു റോഡ്‌ മാർഗ്ഗമായിരുന്നു ഞങ്ങളുടെ സഞ്ചാരപാത. രാത്രി വൈകിയും നീണ്ട ആഘോഷത്തിന്റെ ആലസ്യത്തിൽ കിടന്നുറങ്ങിയിരുന്ന സുഹൃത്തുക്കളെ വിളിച്ചുണർത്തി തയ്യാറായപ്പോഴേക്കും, പുറപ്പെടാൻ തീരുമാനിച്ചിരുന്ന ബസ് നഷ്ടപ്പെട്ടിരുന്നു. ഓരോ അരമണിക്കൂർ ഇടവേളയിലും മംഗലാപുരത്ത് നിന്നും ബാല്ലെഗലേക്ക് ബസ് ലഭ്യമാണ് എന്നതിനാൽ നഷ്ടബോധം തീരെയങ്ങ് അലോസരപ്പെടുത്തിയില്ല. 

കുതിരമുഖിയുടെ വിദൂരതയിൽ നിന്നുള്ള നിശബ്ദമായ വിളിയെ പിന്തുടർന്നുകൊണ്ട് മംഗലാപുരം സ്റ്റാന്റിൽനിന്നും ബസ്സിൽ കയറി. കാലത്തിന്റെ കരവിരുത് വിളിച്ചോതുന്ന ബസ്സിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ഞങ്ങൾ ആദ്യമേ കയറി സീറ്റുകൾ കയ്യടക്കിയിരുന്നു. മിനിട്ടുകൾ കഴിയുന്തോറും യാത്രികരുടെ എണ്ണം കൂടി വന്നു. വലിയൊരു കുലുക്കത്തോടെ ബസ്സിനു ജീവൻ വച്ചപ്പോഴേക്കും അത് നിറഞ്ഞിരുന്നു. മംഗലാപുരത്തുനിന്നും 120 കി.മി. ആണ് ബാല്ലെഗൽ വരെയുള്ള ദൂരം. മുല്ലോടിയിലുള്ള ഹോംസ്റ്റേയിൽ താമസം മുൻകൂട്ടി ഏർപ്പാട് ചെയ്തിരുന്നതിനാൽ അതിന്റെ ഉടമസ്ഥൻ വാഹനവുമായി ബാല്ലെഗൽ കാത്തുനില്ക്കും എന്ന് അറിയിച്ചിരുന്നു.

നഗരങ്ങൾ വിഴുങ്ങി കൊണ്ടിരിക്കുന്ന ശ്വാസംമുട്ടിക്കുന്ന ചുറ്റുവട്ട കാഴ്ചകൾ പിന്നിലേക്ക്‌ ഓടിമറഞ്ഞപ്പോൾ പച്ചപുതച്ച മലനിരകളും താഴ്‌വരകളും കണ്മുന്നിലേക്ക് എത്തി. ഒരുകാലത്ത് ഇരുമ്പയിർ ഖനനത്തിന് പേരുകേട്ട സ്ഥലമായിരുന്നു കുതിരമുഖ്. കോടാനുകോടി ജീവികൾ ആവസിക്കുന്ന പശ്ചിമഘട്ടത്തിലെ ഈ മനോഹര പ്രദേശം ഇന്ന് സംരക്ഷിത കേന്ദ്രമാണ്. ലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്നു ഞങ്ങൾ. പച്ച പുതച്ച മലനിരകളെ ചുറ്റി പിണഞ്ഞു പോവുന്ന വഴിയിലൂടെ, ബസ് വളവുകളും തിരിവുകളും പിന്നിട്ട് മുകളിലേക്ക് നീങ്ങി കൊണ്ടിരുന്നു. കാഴ്ചകൾ... ഹൃദയത്തിന്റെ തുടികൊട്ടൽ ... പെട്ടെന്ന് എല്ലാം നിശ്ചലമായി ഞങ്ങളുടെ വാഹനവും. കാര്യം തിരക്കി . ബസ് പണിമുടക്കിയിരിക്കുന്നു. ബാഗും സാധനങ്ങളും കെട്ടിപ്പെറുക്കി എല്ലാവരും വഴിയിലിറങ്ങി കാത്തിരിപ്പായി. ക്യാമറയുമായി ചുറ്റികറങ്ങി ഇടവേള ആസ്വദിക്കുകയായിരുന്നു ഞങ്ങൾ. അരമണിക്കൂർ നേരത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഒരു ബസ് ആ വഴിയെത്തി. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഏതാണ്ട് എല്ലാവരുംതന്നെ അതിൽ കയറിപറ്റി. ഇനിയും അരമണിക്കൂർ കാത്തിരിക്കാൻ തീരുമാനിച്ച് ഞങ്ങൾ പിൻവാങ്ങി. അല്ലെങ്കിലും സഞ്ചാരനുഭവങ്ങൽ പൂർണ്ണമാവുന്നത് സൗകര്യങ്ങളെക്കാൾ വിഷമതകൾ നേരിടുമ്പോഴാണല്ലോ. പിന്നിട്ട യാത്രവഴികളെ എന്നെങ്കിലും ഓർക്കുന്ന വേളയിൽ - ആ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് ആത്മഗതം ചെയ്യുമ്പോഴാണ് അത് സമഗ്രമാവുന്നത്. അങ്ങനെ ഒരു യാത്രസാഫല്യത്തിനു കഷ്ടപ്പാടിന്റെ ആനന്ദം കൂടി അനുഭവിച്ചറിഞ്ഞേതീരു.അഞ്ചുപേരും കയ്യിലെ ക്യാമറയിൽ കാഴ്ചകളോരോന്നും ഒപ്പിയെടുത്തുകൊണ്ടിരുന്നു. അരമണിക്കൂറിനു ശേഷം എത്തിയ അടുത്ത ബസിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. ഹോം സ്റ്റേ ഉടമസ്ഥനോട് ബസ് പണിമുടക്കിയ വിവരവും, പുതിയ ബസിന്റെ സമയവും എല്ലാം അറിയിച്ചിരുന്നതിനാൽ കൃത്യസമയത്ത് അദ്ദേഹം വാഹനവുമായി ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. രാജഗൌട എന്നാണ് അദ്ദേഹത്തിന്റെ പേര് . പേരിലുള്ള ഗാംഭീര്യമൊന്നും രൂപത്തിൽ ഇല്ലാത്ത സാധു മനുഷ്യൻ. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ബാല്ലെഗൽ നിന്നും 6 കി.മി ഓഫ് റോഡ്‌ യാത്രയാണ്. ചെമ്മണ്‍ പാതയിലൂടെ അതിസാഹസികമായ ജീപ്പ് യാത്രയിൽ, വാഹനത്തിൽനിന്നും തെറിച്ചുവീഴുമോ എന്ന് ഒരു നിമിഷം ഭയന്ന് പോവുകയുണ്ടായി. കാടിന് നടുവിലൂടെയാണ്‌ യാത്ര. എതിരെ മറ്റൊരു വാഹനം വന്നാൽ കടന്നുപോവാൻ കഴിയാത്തത്ര ഇടുങ്ങിയതാണ് പാത. മലകൾക്കിടയിൽ തടവിലാക്കപ്പെട്ട വനഗ്രാമാമാണ് മുല്ലോടി. അങ്ങിങ്ങായി ഒറ്റപ്പെട്ട വീടുകൾ കാണാമായിരുന്നു. 

പോക്കുവെയിൽ ചാഞ്ഞതോടെ, മുകളിലേക്ക് പോവുന്തോറും തണുപ്പ് ശക്തമായികൊണ്ടിരുന്നു. അദ്ദേഹം ഞങ്ങളെ വീടിനകത്തേക്ക് കൊണ്ടുപോയി മുറിയും സൌകര്യങ്ങളും കാണിച്ചു തന്നപ്പോഴേക്കും അദ്ദേഹത്തിന്റെ ഭാര്യ ചൂടുകാപ്പിയും ബജിയുമായെത്തി. തളർന്ന ശരീരത്തെയും വിശന്ന വയറിനെയും കാപ്പിയും ബജിയും സമാശ്വസിപ്പിച്ചു.

Dipin Augustine


വീടിന്റെ ടെറസ്സിൽ നിന്നാൽ ചുറ്റുപാടുമുള്ള മലനിരകൾ വ്യക്തമായി കാണാം. ഏതുമൂലയിൽ നിന്ന് നോക്കിയാലും തലയെടുപ്പുള്ള മലനിരകളാണ്‌ കാഴ്ച. ചുവന്നു തുടുത്ത സൂര്യൻ മലകൾക്ക് പിന്നിൽ മറഞ്ഞതോടെ മലകൾക്ക്മേൽ കോടമഞ്ഞിന്റെ പുതപ്പുവീണു. തണുപ്പ് കഠിനമായി തുടങ്ങിയിരുന്നു. താഴെ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ കേൾക്കാമായിരുന്നു. അതോടെ തണുപ്പിനെ മറന്ന് എല്ലാവരും ആവേശത്തിലായി. രാജഗൌടയോട്‌ വഴി ചോദിച്ച് മനസിലാക്കി ഞങ്ങൾ വെള്ളച്ചാട്ടം കാണാൻ ഇറങ്ങി. രാത്രി വളർന്നു തുടങ്ങിയിരുന്നു. ഇരുവശവും ആൾപ്പൊക്കത്തിൽ ഉയർന്നു നില്ക്കുന്ന കുറ്റി ചെടികൾക്കിടയിലൂടെ ഇരുട്ടിൽ കുറെ ദൂരം പിന്നിട്ടപ്പോഴാണ് വഴി തെറ്റിയിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായത്. തിരിച്ചു പോവാൻ കൂട്ടാക്കിയില്ല. വെള്ളച്ചാട്ടത്തിന്റെ ശബ്ദം ലക്ഷ്യമാക്കി കാട്ടിലൂടെ പുതിയ വഴിതെളിച്ചുകൊണ്ട് അഞ്ചംഗ സംഘം മുന്നേറി. ഒടുവിൽ വലിയൊരു പാറ ചാടികടന്ന് ലക്ഷ്യസ്ഥാനത്ത് എത്തിയെങ്കിലും ഇരുട്ട് വീണ വഴിയിൽ വിശ്രമിച്ചിരുന്ന കൂറ്റൻ ഒരു കാളയുടെ മുന്നിലാണ് എത്തിപ്പെട്ടത്. രാത്രി കാഴ്ചയിൽ വിജനമായ സ്ഥലവും കാളക്കൂറ്റനും പകർന്നു നല്കിയ ഭീകരത നിസ്സരമാല്ലയിരുന്നു. 

സംഭ്രാന്തിപൂണ്ട ഞങ്ങൾ ഓരോരുത്തരും പരസ്പരം ഒളികണ്ണിട്ട് കൂടെയുള്ളവരുടെ ഹൃദയവികാരം വായിക്കാൻ വിഫല ശ്രമം നടത്തി. ഭയങ്കരമായത് എന്തെങ്കിലും ഉടനെ സംഭവിക്കും എന്ന് കരുതിനിന്നിരുന്ന ഞങ്ങളുടെ അതെ മാനസികാവസ്ഥ തന്നെ ആയിരുന്നിരിക്കണം ആ കാളയ്ക്കും ഉണ്ടായിരുന്നത്. ഏതാനും നിമിഷം അമ്പരന്ന് ഞങ്ങളെ നോക്കിയശേഷം അത് ജീവനും കൊണ്ടോടി. നിലാവിൽ കുളിച്ച നവംബറിലെ തണുത്ത രാത്രിയെയും, മിന്നി തിളങ്ങുന്ന കോടാനുകോടി നക്ഷത്രങ്ങളെയും സാക്ഷിയാക്കി തണുത്തുറഞ്ഞ വെള്ളത്തിലേക്ക്‌ ചാടി. തണുപ്പ് അസഹ്യമായിരുന്നു. കുളിക്കാനുള്ള തയ്യാറെടുപ്പുകൾ ഇല്ലാതെയാണ് ഇറങ്ങിതിരിച്ചത് . നിലാവിനെ മാത്രം ധരിച്ചുകൊണ്ട് എല്ലാവരും പിറന്നപടി പാറമുകളിലേക്ക് ഓടി കയറി. തണുപ്പുകൊണ്ട് വിറക്കുകയായിരുന്നു ഓരോരുത്തരും. തണുപ്പിന്റെ കൂർത്ത മുനയുമായി വീശുന്ന കാറ്റിനു മുഖം കൊടുത്ത് രാത്രി വളരെ വൈകുവോളം പാറയിൽ കിടന്നു. പിന്നീട് മുറിയിലേക്ക് മടക്കം . രാജഗൌട അത്തഴവുമായി മുറിയിലെത്തി. ആഘോഷം രാവേറെ നീണ്ടു.

പുലർച്ചെ അഞ്ചു മണിയോടെ രാജഗൌട ചൂട് ചായയുമായി വിളിച്ചുണർത്തി. വാതിൽ തുറന്നതും കൊടുംതണുപ്പിൽ വിറച്ചുപോയി. സുഹൃത്തുക്കൾ ആരും എഴുന്നേൽക്കുന്ന ലക്ഷണമില്ല. ജാലകച്ചില്ലിൽ മഞ്ഞുത്തുള്ളികൾ തീർത്ത ചിത്രങ്ങൾ കണ്ട് കരിമ്പടത്തിനുള്ളിലേക്ക് വീണ്ടും ചുരുണ്ട് കൂടി. രാജഗൌട ഒരിക്കൽകൂടി എത്തിയതോടെ ആലസ്യം വെടിഞ്ഞ് ഓരോരുത്തരായി യാത്രയ്ക്ക് തയ്യാറായി. അദ്ദേഹത്തിന്റെ ഭാര്യ ഇഡലിയും ചായയുമായി പ്രത്യക്ഷീഭവിച്ചു. ഉച്ചഭക്ഷണം പൊതിഞ്ഞെടുത്ത്, ഏഴു മണിയോടെ ഗൈഡിനൊപ്പം ഞങ്ങളുടെ യാത്ര ആരംഭിച്ചു. പ്രായംചെന്ന പ്രദേശവാസിയായിരുന്നു ഞങ്ങളുടെ ഗൈഡ്. കന്നഡ അല്ലാതെ മറ്റൊന്നും അയാൾക്കറിയുമായിരുന്നില്ല.


ഉഷസ്സിന്റെ നീണ്ടു കിടക്കുന്ന നിഴലുകൾ നിറഞ്ഞ പാത കോടമഞ്ഞിൽ മൂടപ്പെട്ടിരുന്നു. ദൂരെ മലകൾക്കപ്പുറത്ത് സൂര്യൻ ഉദിച്ചുയർന്നിരുന്നു. ചുറ്റുപാടും പച്ചപുതച്ച പുൽമേടുകളും മേഘങ്ങളേ ചുംബിക്കുന്ന മലനിരകളും മാത്രം. പുല്മേട്ടിലൂടെയുള്ള യാത്ര അല്പം കഴിഞ്ഞതോടെ വനത്തിനുള്ളിലൂടെയായി. കാനനത്തിന്റെ വന്യതയും ശാന്ത ഗംഭീര ഭാവങ്ങളും ആസ്വദിച്ചുള്ള യാത്രയിൽ ക്യാമറയ്ക്ക് വിരുന്നൊരുക്കി അസംഖ്യം പക്ഷികൾ. കാലൊച്ച കേട്ട് കാടുകുലുക്കി ഓടിമറഞ്ഞ ജീവി ഞങ്ങളെ ഒരു നിമിഷം ആശങ്കയിലാഴ്ത്തി. ചോലവനത്തിനിടയിലൂടെ ഒഴുകുന്ന അനേകം നീർച്ചാലുകൾ നീന്തി കടന്ന് വീണ്ടും പുൽമേട്ടിൽ എത്തി. വിശാലമായ പുൽമേട്ടിൽ അവിടവിടെയായി മഞ്ഞയും വയലറ്റും നിറമാർന്ന പൂവുകൾ നിറഞ്ഞിരുന്നു. വിഷവായു ഇല്ലാത്ത ശുദ്ധമായ കാറ്റ് ഏറ്റുവാങ്ങി മലമുകളിലേക്ക്. അകലെ കുതിരമുഖി തലയുയർത്തി നില്ക്കുന്നത് കാണായി. അവിടെക്കുള്ള ദൂരങ്ങൾക്കിടയിൽ കുന്നുകളും താഴ്വരകളും തരംഗങ്ങൾ പോലെ നീണ്ടു കിടക്കുന്നു. അവർണ്ണനീയമായ ശാന്തത പകരുന്ന താഴ്വരകളിലേക്കിറങ്ങുന്ന മൂടൽമഞ്ഞ് ഇടയ്ക്ക് കാഴ്ചകളെ മറച്ചു കളയുന്നു. അവസാന ഘട്ടത്തിലെ 3 കി.മി കയറ്റം അല്പം ദുഷ്കരമായിരുന്നു. പുല്ലുമൂടിയ ചെരിവിലൂടെയുള്ള മലകയറ്റം ഉച്ചയോടടുക്കവേ പരിസമാപ്തിയിലെത്തി.


മലമുകളിൽ ബ്രിട്ടീഷ്കാർ പണിതീർത്ത ബംഗ്ലാവ് ഞങ്ങൾക്ക് അപ്രതീക്ഷിതമായ കാഴ്ചയായിരുന്നു. നൂറ്റാണ്ടുകളുടെ പ്രഹരവും കാലത്തിന്റെ കരവിരുതും പ്രതിഫലിപ്പിച്ചു നില്ക്കുന്ന ആ കെട്ടിടം ഇന്ന് , മഹത്തായ ഒരു പ്രതാപ കാലത്തിന്റെ തിരുശേഷിപ്പ് മാത്രമാണ്. മേല്ക്കൂരയില്ലാതെ തകർന്ന ചുവരുകളോടെ, നിതാന്ത മൌനത്തിൽ നിലകൊള്ളുന്ന ആ കെട്ടിടത്തിന്റെ സിംഹഭാഗത്തെയും ചുറ്റുപാടുള്ള വനം വിഴുങ്ങി കഴിഞ്ഞിരിക്കുന്നു. വിശാലമായ ആ കെട്ടിടത്തിന്റെ മുന്നിൽ നിൽകുമ്പോൾ ധ്യാന നിമഗ്നമായി തീർന്നു മനസ്സ്. അതിന്റെ ഇരുളടഞ്ഞ. കാടുപിടിച്ച മൂലകളിൽ നിന്ന് എന്തൊക്കെയോ വിചിത്രമായ ശബ്ദധ്വനികൾ കേൾക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. അതൊരുപക്ഷെ ജീവിതാഘോഷത്തിന്റെ ലഹരി നുരയുന്ന അട്ടഹാസമാവം .. അല്ലെങ്കിൽ അടിമത്തത്തിന്റെ, വേദന നിറഞ്ഞ നിഗൂഡവും നിശബ്ദവുമായ കടിച്ചമർത്തലാവാം. പുറം ലോകത്തിന് അന്യമായ അറിയപ്പെടാത്ത മറ്റൊരു ലോകത്തിന്റെ ആഘോഷങ്ങളുടെയും സങ്കടങ്ങളുടെയും എത്രയെത്ര കഥകൾ പറയാനുണ്ടാവും ഈ ചുവരുകൾക്ക്. ഗഹനതകളിൽ കുടുങ്ങി കിടക്കുന്ന കെട്ടിടത്തെ വിട്ട് വീണ്ടും മുകളിലേക്ക് കയറി. വിശപ്പിന്റെ ആക്രമണം രൂക്ഷമായിരുന്നു. കുതിരമുഖിയുടെ നെറുകയിലെത്തിയശേഷം പൊതിഞ്ഞെടുത്തിരുന്ന ഉച്ചഭക്ഷണം കഴിച്ചു. കണ്ണെത്താ ദൂരത്തോളം നിതാന്ത മൌനത്തിലാണ്ടു കിടക്കുന്ന പശ്ചിമഘട്ട മലനിരകളെ നോക്കി മലമുകളിൽ കിടന്നു. ഉച്ചവെയിലിന് ചൂട് തീരെ അനുഭവപ്പെട്ടില്ല. വിശാലമായ താഴ്വരയിലേക്ക് ഒഴുകിയിറങ്ങുന്ന മേഘങ്ങൾ കയ്യെത്തും ദൂരത്തായി. അവിസ്മരണീയമായ അനുഭവമായിരുന്നു അത്.


അല്പം കഴിഞ്ഞ് മലയിറക്കം തുടങ്ങി. കാൽകീഴിൽ നിന്ന് തെന്നിമാറുന്ന ഉരുളൻ കല്ലുകൾ ഇടയ്ക്ക് ഇറക്കം ദുഷ്കരമാക്കി തീർത്തു. എന്നാൽ പുല്മേട്ടിലൂടെയുള്ള ഇറക്കം രസകരമായിരുന്നു. കാറ്റിൽ പുല്ലുകൾ പരസ്പരം ഉരയുന്ന ശബ്ദം കേട്ടും കാട്ടുപൂക്കളെ തലോടിയും താഴേക്ക്‌. ഒടുവിൽ താഴെ എത്തുമ്പോഴേക്കും വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. പോക്കുവെയിൽ ഗ്രാമത്തെ കൂടുതൽ മനോഹരമാക്കി തീർത്തിരുന്നു. രാത്രി തന്നെ മടക്കയാത്ര തുടങ്ങി. രാജഗൌടയോടും കുടുംബത്തോടും യാത്ര പറഞ്ഞ് വാഹനത്തിൽ കയറുമ്പോൾ മുകളിൽ താരാപഥം വ്യക്തമായി. തണുത്ത കാറ്റിനു മുഖം കൊടുത്ത് വാഹനത്തിൽ ഇരിക്കുമ്പോൾ അങ്ങകലെ മേഘങ്ങൾ ഒഴുകി നീങ്ങുന്ന മലമുകളിൽ, ഏകാന്തതയിലലിഞ്ഞു നില്ക്കുന്ന കെട്ടിടത്തിലെ ഇരുട്ട് നിറഞ്ഞ കോണിൽ നിന്നും അവ്യക്തമായ ഒരു വിളി എന്റെ കാതുകളിലേക്കെത്തി.