Breaking News

Trending right now:
Description
 
Dec 28, 2012

മനക്കരുത്തിന്റെ ഭാഷയില്‍, തെളിമയോടെ ഏലിസബത്ത്‌ കോശി എഴുതുന്നു

image
ഒരു മഞ്ഞുതുള്ളിതന്‍ നൈര്‍മല്യം നിറയുന്ന അക്ഷരങ്ങള്‍. ഓരോ വാക്കിലും ഒളിപ്പിച്ചുവച്ച നുറുങ്ങുവെട്ടം പ്രതിഫലിക്കുന്ന ഒരുപിടി കവിതകള്‍. അതിലപ്പുറം ഹൃദയസ്‌പര്‍ശിയായ മുന്‍കുറിപ്പ്‌. ഏലിസബത്ത്‌ കോശി എഴുതി അധികമാരും കാണാതെയും പ്രസിദ്ധീകരിക്കാതെയും സൂക്ഷിച്ച കവിതകളുടെ സമാഹാരമാണ്‌ 'നളിനദലസലിലം.' 

തലക്കെട്ട്‌ കണ്ട്‌ ദുര്‍ഗ്രാഹ്യമെന്നു തോന്നുന്നവര്‍ പേടിക്കേണ്ട. ലളിതസുന്ദരമായ പദങ്ങള്‍കൊണ്ടുകൊരുത്തെടുത്ത മുത്തുമാലയാണിത്‌. അടുത്തറിഞ്ഞാല്‍, വീണ്ടും വീണ്ടും വായിക്കാനും ആസ്വദിക്കാനും പ്രേരിപ്പിക്കുന്നത്ര സുന്ദരമായ എഴുത്ത്‌. 

"പുല്‍നാമ്പിലലിയും 
ഹിമകണമതിന്‍ വര്‍ണ്ണവീചി
മിന്നിമറയുമതീ ക്ഷണമെങ്കിലും
ഉള്ളില്‍തെളിയുന്നതൊരാര്‍ദ്ര-
രാഗത്തിന്‍ നുറുങ്ങ്‌ വെട്ടമായ്‌  "

ഭയത്തോടെയാണ്‌ ഈ രചനകളെ കവിതകളെന്ന്‌ വിശേഷിപ്പിക്കുന്നതെന്നുള്ള മുന്നറിയിപ്പുണ്ട്‌ തുടക്കത്തില്‍. ഇതൊരു വിനയപ്രകടനം മാത്രമായി കരുതാനാകും വായനക്കൊടുവില്‍ ആര്‍ക്കും തോന്നുക. "എന്തെങ്കിലുമെഴുതുമോ?"എന്നു ചോദിക്കുന്നവരോട്‌ "ഇല്ല..."എന്ന്‌ വിക്കിവിക്കി പറഞ്ഞുകൊണ്ടേയിരുന്ന എഴുത്തുകാരിയുടെ കവിതകളെ പുറത്തെത്തിച്ചത്‌ സുഹൃത്തുക്കളാണ്‌. 

നന്നേ ചെറുപ്പത്തില്‍ പോളിയോ കാലുകളെ തളര്‍ത്തിയത്‌ ഒരു തടസമായി കരുതാതെ ക്ലാസ്‌ മുറികളില്‍ ഔദ്യോഗിക വിദ്യാഭ്യാസം നേടാനായത്‌ ഒരു കുറവായി കാണാതെ, മനക്കരുത്തോടെ അക്ഷരങ്ങളെ അത്യധികമായി സ്‌നേഹിക്കുകയായിരുന്നു ഏലിസബത്ത്‌ കോശി. മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തരബിരുദം നേടിയശേഷം ഇരുഭാഷകളിലും, പരിഭാഷകളടക്കം വിവിധ മേഖലകള്‍ ഒന്നുപോലെ കൈകാര്യം ചെയ്യുന്നതില്‍ വിജയിച്ചു. ജനാലച്ചില്ലുകള്‍ക്കപ്പുറത്തെ വലിയ ലോകം നേരിട്ടു കാണാന്‍ കഴിഞ്ഞില്ലെന്നത്‌ വരികളില്‍ സങ്കടക്കടലായി നിറയുന്നുണ്ട്‌ :

"ആടാന്‍ വയ്യൊരു ചുവടും കണ്ണാ,
തെളിയുമൊരുക്ഷണം നീയാടിത്തിമിര്‍ക്കും
കാളിന്ദിയിലൊരു വെണ്‍നുരയാകാം.

പാടാന്‍ വയ്യൊരു പാട്ടും കണ്ണാ,
അലിയാം നിന്‍ വേണുവില്‍നിന്നു-
മുതിരുമൊരു രാഗത്തിന്‍ മൗനതാളമാകാം.

നടക്കാന്‍ വയ്യൊരു ചുവടും കണ്ണാ,
പറന്നുവരാമൊളിക്കാം നിന്‍
പീലിത്തിരുമുടിക്കെട്ടിനുളളിലാരും
കാണാത്തൊരു വെണ്‍തൂവലാകാം."

(നിനക്കായ്‌, പേജ്‌ 55)

"...നടക്കാന്‍ വയ്യൊരു ചുവടും
അതിനാലാടാം, അണിയാം ചിലങ്കകള്‍,
പട്ടുടയാടകള്‍, ആടിത്തിമിര്‍ക്കാം
സൃഷ്ടിസ്ഥിതിസംഹാര നൃത്തം."

(അതിലംഘനം, പേജ്‌ 39)

പ്രശ്‌നങ്ങളില്‍പെട്ടുഴലുന്നവര്‍ക്ക്‌ ആശ്വാസത്തിന്റെ വാക്കുകളാണ്‌ ഏലിസബത്ത്‌ ടീച്ചര്‍. കോട്ടയം കെ. നൈനാന്‍സ്‌ കോളജില്‍ വര്‍ഷങ്ങളോളം അദ്ധ്യാപികയായിരുന്ന ഏലിസബത്ത്‌ കോശിയുടെ 'തത്ത്വമസി' എന്ന പൊകുടിയില്‍ വീട്ടുമുറ്റത്ത്‌ വരുന്നവര്‍ പലരും സ്വസ്ഥതയുടെയും സ്‌നേഹത്തിന്റെയും സ്വച്ഛതയുമുള്ള മനസുമായാണ്‌ മടങ്ങുന്നത്‌. സദാ ചിരിനിറയുന്ന ടീച്ചറുടെ മുഖത്തുനിന്ന്‌ കേള്‍ക്കുന്നതെന്തും വേദവാക്യമായി കരുതുന്ന ശിഷ്യര്‍ ഈ ലോകം മുഴുവനുമുണ്ട്‌. 'വീട്‌' എന്ന കവിതയില്‍ ടീച്ചര്‍ ഇങ്ങനെ കുറിക്കുന്നു:

"ഇന്നലെ ഞാനവരുടെ വീട്ടില്‍പ്പോയി.
ആഡംബരത്തിന്റെ കണ്ണാടിമാളികയില്‍
കണ്ണഞ്ചിക്കുന്ന വെളിച്ചത്തിലിരുന്ന്‌ 
പരസ്‌പരം പല്ലിളിക്കുന്ന അവരെന്നെ
കണ്ടതേയില്ല."

കണ്ണീര്‍ത്തുള്ളിയുടെ തിളക്കവും സ്‌നേഹത്തിന്റെ നിറവും ഒപ്പിയെടുത്തതാണ്‌ 'സ്‌നേഹം' എന്ന കവിത. 

"തൊട്ടുനോക്കി ഞാന്‍ വിറയാര്‍ന്ന വിരലാല്‍
ഹിമകണങ്ങളിറ്റ്‌ വീഴുമാ പുല്‍നാമ്പ്‌
മെല്ലേ വിടരുമൊരു നറുംപൂവിതളാ-
ക്കിളിക്കുഞ്ഞിന്‍ വര്‍ണ്ണച്ചിറകുകള്‍
അറിഞ്ഞു ഞാന്‍ സ്‌നേഹത്തിന്‍ സ്‌പര്‍ശ-
മതത്ര മൃദുലം കണ്ണീരിന്‍ നനവാര്‍ന്ന
കവിള്‍ത്തടത്തില്‍." "

കാറ്റും കടലും കാടും കാട്ടാറുമൊന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലെന്ത്‌്‌ ടീച്ചിറിന്റെ മനസിലുമുണ്ട്‌ കൊമ്പുകുലുക്കി നടക്കുന്നൊരു കൊമ്പന്റെ നേര്‍ചിത്രം.

"കാട്‌ കണ്ടിട്ടില്ല ഞാനെങ്കിലും
ഉണ്ടെന്റെയുള്ളിലൊരു 
കാടുമവിടെക്കൊമ്പ്‌ കുലുക്കി
നടക്കുമൊരു കൊമ്പനും."

(സ്വന്തം 65)

ബൈബിളും, പന്ത്രണ്ടുമാസങ്ങളുമൊക്കെ ഏലിസബത്ത്‌ കോശിയെ പ്രചോദിപ്പിക്കുന്നുണ്ട്‌. അവയൊക്കെയും ഒഴുക്കുള്ള കവിതകളായി ഈ പുസ്‌തകത്തില്‍ നിറയുന്നു. കെ.ബി. പ്രസന്നകുമാറിന്റെ അവതരണം പുസ്‌തകത്തിന്‌ അലങ്കാരമാകുന്നു. മണ്‍മറഞ്ഞുപോയ ഏക സഹോദരന്‍ പ്രസാദ്‌ കോശിക്കാണ്‌ സമര്‍പ്പണം. വില 75 രൂപ.

email: elizakoshy@gmail.com