Breaking News

Trending right now:
Description
 
Dec 27, 2015

ചലച്ചിത്ര അവാര്‍ഡ്‌ മലയാള സിനിമയിലെ താരങ്ങള്‍ക്ക്‌ മുഖ്യമന്ത്രി സമ്മാനിച്ചു

image സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മലയാള സിനിമയിലെ താരങ്ങള്‍ക്ക്‌ കോട്ടയത്ത്‌ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിച്ചു. ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ഐ.വി. ശശി മുഖ്യമന്ത്രിയില്‍നിന്ന്‌ ഏറ്റുവാങ്ങി. മികച്ച കഥാചിത്രമായ ഒറ്റാലിന്റെ സംവിധായകന്‍ ജയരാജും നിര്‍മാതാവ്‌ കെ. മോഹനനും രണ്ട്‌ ലക്ഷം രൂപ വീതവും ശില്‌പവും പ്രശസ്‌തിപത്രവും ഏറ്റുവാങ്ങി. കുട്ടികളുടെ മികച്ച ചിത്രമായ അങ്കുരത്തിന്റെ നിര്‍മാതാവ്‌ പ്രദീപ്‌ കാന്‍ധാരിക്ക്‌ മൂന്നുലക്ഷം രൂപയും, സംവിധായകന്‍ ടി. ദീപേഷിന്‌ ഒരു ലക്ഷം രൂപയും നല്‍കി. രണ്ടാമത്തെ മികച്ച ചിത്രമായ മൈ ലൈഫ്‌ പാര്‍ട്‌ണറുടെ സംവിധായകന്‍ പത്മകുമാര്‍, നിര്‍മാതാവ്‌ കെ.എ.റെജിമോന്‍ എന്നിവര്‍ക്ക്‌ ഒന്നരലക്ഷം രൂപ വീതം കാഷ്‌ അവാര്‍ഡും ശില്‌പവും പ്രശസ്‌തിപത്രവും സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രണ്ടു ലക്ഷം രൂപയുടെ കാഷ്‌ അവാര്‍ഡും ശില്‌പവും പ്രശസ്‌തിപത്രവും സനല്‍കുമാര്‍ ശശിധരന്‍ (ഒരാള്‍പ്പൊക്കം) ഏറ്റുവാങ്ങി. മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ട നിവിന്‍ പോളി (ബാംഗളൂര്‍ ഡേയ്‌സ്‌, 1983), സുദേവ്‌ നായര്‍ (മൈ ലൈഫ്‌ പാര്‍ട്‌ണര്‍) എന്നിവര്‍ ഒരു ലക്ഷം രൂപ പങ്കിട്ടു. ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രമായ ഓംശാന്തി ഓശാനയുടെ സംവിധായകന്‍ ജൂഡ്‌ ആന്റണി ജോസഫ്‌, നിര്‍മാതാവ്‌ ആല്‍വിന്‍ ആന്റണി, മികച്ച നവാഗത സംവിധായകനായ എബ്രിഡ്‌ ഷൈന്‍ (1983) എന്നിവര്‍ക്ക്‌ ഒരുലക്ഷം രൂപ വീതവും നല്‍കി. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട നസ്രിയ നസീം (ഓംശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്‌), രഞ്‌ജിത്ത്‌ (തിരക്കഥ), അനൂപ്‌ മേനോന്‍ (സ്വഭാവ നടന്‍), സേതുലക്ഷ്‌മി (സ്വഭാവ നടി), മാസ്റ്റര്‍ അദൈ്വത്‌ (മികച്ച ബാലതാരം), അന്ന ഫാത്തിമ (മികച്ച ബാലതാരം), സിദ്ധാര്‍ഥ്‌ ശിവ (കഥാകൃത്ത്‌), അഞ്‌ജലി മേനോന്‍ (തിരക്കഥ), ഒ.എസ്‌. ഉണ്ണികൃഷ്‌ണന്‍ (ഗാനരചന), രമേഷ്‌ നാരായണന്‍ (സംഗീത സംവിധാനം), ബിജി ബാല്‍ (പശ്ചാത്തല സംഗീതം), ലിജോ പോള്‍ (ചിത്രസംയോജനം), ഇന്ദുലാല്‍ കാവീട്‌ (കലാസംവിധാനം), സന്ദീപ്‌ കുറിശേരി, ജിജി മോന്‍ ജോസഫ്‌ (ലൈവ്‌ സൗണ്ട്‌), ഹരികുമാര്‍ (ശബ്‌ദസങ്കലനം), തപസ്‌ നായക്‌ (സൗണ്ട്‌ ഡിസൈന്‍), രംഗനാഥന്‍ (കളറിസ്റ്റ്‌), മനോജ്‌ അങ്കമാലി (മേക്കപ്പ്‌), സമീറ സനീഷ്‌ (വസ്‌ത്രാലങ്കാരം), ശരണ്‍ (ഡബിംഗ്‌), വിമ്മി മറിയം ജോര്‍ജ്‌ (ഡംബിംഗ്‌), സജ്‌നാ നജാം (നൃത്തസംവിധാനം) എന്നിവര്‍ അരലക്ഷം രൂപയും ശില്‌പവും പ്രശസ്‌തിപത്രവും ഏറ്റുവാങ്ങി. ജി.കെ. പിള്ള, ജയരാജ്‌ എന്നിവരെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. നസ്രിയ അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നത്‌ കാണാന്‍ ഭര്‍ത്താവ്‌ ഫഹദ്‌ ഫാസിലും എത്തിയിരുന്നു.

മലയാളത്തിലെ പ്രശസ്‌ത പിന്നണി ഗായകരായ മധു ബാലകൃഷ്‌ണന്‍, സുദീപ്‌ കുമാര്‍, സിത്താര, ശ്രീറാം, ഗണേശ്‌ സുന്ദരം, ചിത്ര അരുണ്‍, സൗമ്യ രാമകൃഷ്‌ണന്‍, നിഖില്‍ മാത്യു, വിപിന്‍ ലാല്‍ (തൈക്കൂടം ബ്രിജ്‌) എന്നിവര്‍ അവതരിപ്പിച്ച ഗാനസന്ധ്യ പുരസ്‌കാര ചടങ്ങിനെ സംഗീതസാന്ദ്രമാക്കി. പ്രശസ്‌ത നര്‍ത്തകന്‍ നസീര്‍ അവതരിപ്പിച്ച ഈജിപ്‌ഷ്യന്‍ സൂഫി നൃത്തമായ തനോറ കാണികളെ വിസ്‌മയത്തിലാറാടിച്ചു. കേരള രാഷ്‌ട്രീയത്തിലെ നേതാക്കളുടെ ക്രിസ്‌മസ്‌ ആഘോഷം, നസീറിനെയും ഷീലയെയും കോര്‍ത്തിണക്കി പ്രേമം സിനിമയിലെ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച കോട്ടയം നസീര്‍ ഷോ കാണികള്‍ക്ക്‌ ഹരം പകര്‍ന്നു. അവാര്‍ഡ്‌ നിശാവേദിയില്‍ അമ്പതിനായിരത്തിലേറെപ്പേര്‍ പങ്കെടുത്തു. സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മന്ത്രി കെ.സി. ജോസഫ്‌ അവാര്‍ഡ്‌ഗ്രന്ഥം പ്രകാശനം ചെയ്‌തു. മന്ത്രി ഡോ. എം. കെ. മുനീര്‍ ഗ്രന്ഥം ഏറ്റുവാങ്ങി. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ആരാധകരില്‍ ആവേശമുണര്‍ത്തി.