Breaking News

Trending right now:
Description
 
Dec 28, 2012

വിവാഹിതരില്‍ ആദ്യവര്‍ഷങ്ങളില്‍ അസ്വാരസ്യമേറുന്നു, പോസ്‌റ്റ്‌ മാര്യേജ്‌ ക്ലാസുകള്‍ പരിഹാരമായേക്കും

ന്യൂസ്‌ ഡെസ്‌ക്‌, ഗ്ലോബല്‍ മലയാളം / Changanacherry Arch Diocese to conduct Post-Marriage Classes for newly wedded couples
image
വിവാഹത്തിന്‌ മുന്നൊരുക്കമായി നടത്തുന്ന പ്രീ-മാര്യേജ്‌ ക്ലാസുകളുടെ മാതൃകയില്‍ യുവദമ്പതികള്‍ക്കായി വിവാഹത്തിനു ശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ പ്രത്യേക പോസ്‌റ്റ്‌-മാര്യേജ്‌ ക്ലാസുകള്‍ നടത്താന്‍ ചങ്ങനാശേരി അതിരൂപതയിലെ ഫാമിലി അപ്പോസ്‌തലേറ്റ്‌ തീരുമാനിച്ചു. നവദമ്പതികളുടെ വിവാഹമോചനക്കേസുകള്‍ അധികരിക്കുന്നത്‌ മുന്നില്‍ കണ്ടാണ്‌ ഇത്‌. 

ദമ്പതികള്‍ തമ്മില്‍ വിവാഹത്തിന്റെ ആദ്യ മാസങ്ങളില്‍ അസ്വാരസ്യമുണ്ടാകുന്നത്‌ ഇപ്പോള്‍ പതിവായിട്ടുണ്ട്‌. ആദ്യത്തെ ഒരു വര്‍ഷത്തിനുള്ളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ദമ്പതികളില്‍ കനത്ത ഭിന്നതയുണ്ടാക്കുന്നുണ്ടെന്ന്‌ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടിയതിനാലാണ്‌ വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്കായി പ്രത്യേക സഹവാസ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന്‌ ഫാമിലി അപ്പോസ്‌തലേറ്റ്‌ ഡയറക്ടര്‍ ഫാ. സിറിയക്‌ കോട്ടയില്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. നവദമ്പതികളെ ഒന്നിച്ചിരുത്തി മാര്‍ഗദര്‍ശനം നല്‌കാനും അവര്‍ക്കു പറയാനുള്ളതു കേള്‍ക്കാനും ദമ്പതികള്‍ക്കു പരസ്‌പരം കൂടുതല്‍ മനസിലാക്കാനും കഴിയുന്ന രീതിയിലാകും ഈ ക്യാംപുകളെന്ന്‌ ഫാ. സിറിയക്‌ കോട്ടയില്‍ പറഞ്ഞു.

രണ്ടാം വെള്ളിയാഴ്‌ച വൈകുന്നേരം തുടങ്ങി ഒരു പകലും രാത്രിയും മാത്രം നീണ്ടു നില്‍ക്കുന്ന ദമ്പതീക്യാംപുകള്‍ ജനുവരിയില്‍ തുടങ്ങാനാണ്‌ പരിപാടി. വിവാഹത്തിനുശേഷം ആദ്യത്തെ മൂന്നു വര്‍ഷങ്ങളിലാണ്‌ ദമ്പതികള്‍ക്കിടയില്‍ വളരെ പെട്ടെന്ന്‌ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതെന്ന്‌ ചങ്ങനാശേരി അതിരൂപത നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചങ്ങനാശേരി അതിരൂപതയ്‌ക്കു പുറമെ മറ്റ്‌ രൂപതകളിലുള്ളവര്‍ക്കും മറ്റു റീത്തുകളില്‍ പെട്ടവര്‍ക്കും ഈ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചേക്കും.

വിവാഹത്തിനു മുന്‍പുള്ള ഒരുക്കം ഇന്ന്‌ പലയിടത്തും പതിവായിട്ടുണ്ട്‌. വിവാഹത്തെക്കുറിച്ചുള്ള വിശ്വാസപരമായ കാര്യങ്ങള്‍ പഠിപ്പിക്കുക എന്നതിനപ്പുറം മാനസികമായി വിവാഹത്തിനായി ഒരുക്കുക എന്നതാണ്‌ ഇതിന്റെ പ്രധാന ഉദ്ദേശ്യം. ചങ്ങനാശേരി അതിരൂപതയില്‍ ഏറെ വിജയകരമായി വിവാഹഒരുക്ക ധ്യാനം നടത്തിവരുന്നുണ്ട്‌. ഇത്‌ മറ്റു പല രൂപതകളും, എസ്‌എന്‍ഡിപി പോലുള്ള മറ്റ്‌ മതസംഘടനകളും ഇത്‌ മാതൃകയാക്കിക്കഴിഞ്ഞു.

സ്വസ്ഥമായ കുടുംബജീവിതത്തിനുള്ള കാര്യങ്ങള്‍ എന്തൊക്കെ എന്നു മനസിലാക്കി മറ്റു ദമ്പതികളുടെ ജീവിതത്തിലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന്‌ അറിഞ്ഞ്‌, സ്‌ത്രീയുടെയും പുരുഷന്റെയും ശാരീരിക പ്രത്യേകതകള്‍ മനസിലാക്കി കുടുംബജീവിതത്തിലേയ്‌ക്ക്‌ പ്രവേശിക്കുന്നത്‌ പുതിയ തലമുറയിലെ യുവതീയുവാക്കള്‍ക്ക്‌ ഏറെ ഗുണകരമാണെന്ന്‌ ഈ സെമിനാറുകളില്‍ പങ്കെടുത്തവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്‌. ഒരു മകന്‍, ഒരു മകള്‍ എന്ന സ്ഥിതിയില്‍ കുടുംബത്തിലും സമൂഹത്തിലും പെരുമാറേണ്ടത്‌ എങ്ങനെ എന്നു പോലും കൃത്യമായി മനസിലാക്കാതെ വിവാഹത്തിലേയ്‌ക്കു കടക്കുമ്പോഴുണ്ടാകുന്ന പൊട്ടിത്തെറികള്‍ ഇന്ന്‌ വളരെ വലുതാണ്‌.

ക്യാംപില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ വിളിക്കുക: +91 9447016240, +91 481 2424476


Tags: Changanacherry Arch Diocese to conduct Post-Marriage Classes for newly wedded couples.
Wedding, Newly wedded couples, pre-marriage course, post-marriage course, Family issues, Crisis period, Changanacherry Arch Diocese, Family Apostolate, Fr. Cyriac Kottayil, globalmalayalam.com