Breaking News

Trending right now:
Description
 
Dec 27, 2012

പ്രതിഭാ റേയ്‌ക്ക്‌ ജ്ഞാനപീഠം പുരസ്‌കാരം

image ന്യൂഡല്‍ഹി: 2011 -ലെ ജ്ഞാനപീഠം പുരസ്‌കാരം പ്രശസ്‌ത ഒറിയ എഴുത്തുകാരിയും ഭാഷാ പണ്ഡിതയുമായ പ്രതിഭ റേയ്‌ക്ക്‌ (69) ലഭിച്ചു. ഏഴുലക്ഷം രൂപയും വാഗ്‌ദേവിയുടെ വെങ്കല ശില്‌പവും പ്രശസ്‌തിപത്രവും ഉള്‍പ്പെടുന്നതാണ്‌ പുരസ്‌കാരം. ഭാരതീയ സാഹിത്യത്തിനു നല്‍കിയ സവിശേഷ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ്‌ പുരസ്‌കാരം സമ്മാനിക്കുന്നത്‌. അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രതിഭയെ 2007-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ശിലാപത്മ എന്ന നോവലിന്‌ ഒറിയ സാഹിത്യ അക്കാദമി അവാര്‍ഡും അപരിചിത എന്ന സ്വന്തം നോവലിനെ ആധാരമാക്കി നിര്‍മിച്ച ചലച്ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡും നേടി. സ്‌കൂള്‍ അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ പ്രതിഭാ റേ പിന്നീട്‌ ഒഡീഷയിലെ ഗവ. കോളജുകളില്‍ അധ്യാപികയായി 30 വര്‍ഷത്തോളം സേവനം ചെയ്‌തു. പിന്നീട്‌ സ്വയം വിരമിച്ച ഇവര്‍ ഒഡീഷ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ അംഗമായി നിയമിതയായി. ആരണ്യ, നിഷിദ്ധ പൃഥ്വി, പരിച്യ, അപരിചിത, പുണ്യതോയ, ആശാബാരി, യജ്‌ഞസേനി, ഉത്തര്‍മാര്‍ഗ്‌, മഹാമോഹ്‌ തുടങ്ങിയവയാണ്‌ പ്രതിഭാ റേയുടെ നോവലുകള്‍. ഇതിനോടകം ഇരുപതു നോവലുകളും 24 കഥാസമാഹാരങ്ങളും രചിച്ചു. മലയാളം അടക്കമുള്ള എല്ലാ ഭാരതീയ ഭാഷകളിലേക്കും കൃതികള്‍ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. കൂടാതെ നിരവധി ചെറുകഥകളും അവര്‍ എഴുതിയിട്ടുണ്ട്‌. 1943-ല്‍ ജഗത്സിങ്‌പൂര്‍ ജില്ലയിലുള്ള ആലബോള്‍ ഗ്രാമത്തിലാണ്‌ജനനം. കവിയും സ്വാതന്ത്രസമര സേനാനിയുമായിരുന്ന പരശുരാമദാസിന്റെയും സാമൂഹിക പ്രവര്‍ത്തകയായിരുന്ന മനോരമാദേവിയുടെയും മകളാണ്‌.