Breaking News

Trending right now:
Description
 
Dec 21, 2015

പാര്‍ട്ടീഷന്‍ സീലാണത്രേ... പാര്‍ട്ടീഷന്‍ സീല്‍

ജനറ്റ്‌ ബിനോയി
image
പതിവുപോലെ വൈകിട്ട്‌ ആറരമണി സമയത്ത്‌ ആപ്പീസര്‍ വര്‍ഗത്തില്‍പ്പെട്ട ഞങ്ങള്‍ നാലാളും പൈനാപ്പിള്‍ സിറ്റിയായ വാഴക്കുളത്തെ എസ്‌ ബി ഐ ബ്രാഞ്ചില്‍ തിരക്കിട്ടു പണിയിലാണ്‌. കസ്റ്റേമേഴ്‌സ്‌ എല്ലാം 4 മണിയ്‌ക്ക്‌ പിരിഞ്ഞു പോയി കഴിയുമ്പോള്‍ മിച്ചം നില്‍ക്കുന്ന പെന്‍ഡിങ്ങുകള്‍ പെന്‍ഡിങ്ങായി തന്നെ നില്‍പ്പുണ്ടാകാം. എങ്ങനെയെങ്കിലും കുറെയെങ്കിലും തീര്‍പ്പാക്കണ്ടേ. pure banking nothing else എന്നൊക്കെ പറയുമെങ്കിലും ഏഴുമണിയ്‌ക്കെങ്കിലും ഇറങ്ങിയാല്‍ 8 മണിയ്‌ക്ക വീട്ടിലെത്താം എന്ന വാശിയോടെയാണ്‌ ഓരോന്നും ഒതുക്കിതീര്‍ക്കുന്നത്‌ അതിനിടയില്‍ അന്ന്‌ നടന്ന ബാങ്ക്‌ അദാലത്തിന്റെ( ബാങ്കിന്റെ കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിനുള്ള പല മാര്‍ഗങ്ങളിലൊന്ന്‌) കുറെ വൗച്ചറുകളും പിടിച്ച്‌ മാനേജര്‍ റെജി സാര്‍ ധൃതിയില്‍ വന്നു പറഞ്ഞു.
" ആ പാര്‍ട്ടീഷന്‍ സീല്‍ ഇങ്ങു തന്നേടോ....?" എന്റെ മേശപ്പുറത്ത്‌ കിടക്കുന്ന നീലയും ചുവപ്പും കളറുള്ള സീലുകളെ ഞാന്‍ മാറി മാറി നോക്കി. സാര്‍ പിന്നെയും ചോദിച്ചു," പാര്‍ട്ടീഷന്‍ സീല്‍"
" പാര്‍ട്ടീഷന്‍ സീലന്നെതാ സാറെ...?" അറിയാനുള്ള ആകാംഷകൊണ്ട്‌ ഒരു വിദ്യാര്‍ത്ഥിയുടെ മനസോടെ ഞാന്‍ ഗുരുമുഖത്തേയ്‌ക്ക്‌ നോക്കി. എന്തോ പണിചെയ്യുന്ന തിരക്കിനിടയില്‍ ഈ വിദ്യാകുതുകിയുടെ മുഖത്തേയ്‌ക്ക്‌ നോക്കാതെ മറ്റു ചങ്ങാതിമാരോടായി ( തോമസ്‌ സാര്‍, ജോസ്‌ സാര്‍) റെജി സാര്‍ പറയാന്‍ തുടങ്ങി. പാര്‍ട്ടീഷന്‍ സീല്‍ ചോദിച്ചപ്പോള്‍ ജനറ്റ്‌ പറയുവാ... ഞങ്ങളുടെ പാര്‍ട്ടീഷനൊന്നും കഴിഞ്ഞിട്ടില്ലെന്ന്‌. എത്ര വര്‍ഷമായടോ ബാങ്കില്‍ ജോലികിട്ടിയിട്ട്‌, പാര്‍ട്ടീഷന്‍ സീല്‍ അറിയില്ല പോലും"
റെജിസാര്‍ തമാശ രൂപേണ പറഞ്ഞു കൊണ്ടേയിരുന്നു. കോറസു പോലെ തോമസു സാറും ജോസ്‌്‌ സാറും കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്‌. 
അതോടെ മഴക്കൂടുതല്‍ കൊണ്ടു തുറന്നു വിട്ട അണക്കെട്ടു പോലെയായി എന്റെ മുഖം. ഒരു വശപ്പിശക്‌ തോന്നിയിട്ടു തോമസ്‌ സാര്‍ സുല്ലിട്ടു. ഇവിടെ നടക്കുന്നതൊന്നും ശ്രദ്ധയില്‍ പെടാതെ റെജി സാര്‍ തിരക്കിലാണ്‌. അഞ്ചു മിനിറ്റ്‌ കഴിഞ്ഞ്‌ സാര്‍ വന്നു നോക്കുമ്പോഴും എന്റെ കണ്ണൂനീര്‍ തടയാനാവാതെ ഒഴുകുകയാണ്‌. 
എന്റെ ദൈവമേ എന്തുവാടോ ഇത്‌, ഒരു തമാശ പറയാന്‍ പോലും വയ്യേ.. എങ്ങാണ്ടത്തേ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായായിരുവെന്നു വെറുതേ താങ്ങിയതാണാടോ, എന്തോന്നു കമ്യൂണിസ്‌റ്റ്‌..., അസിസ്‌റ്റന്റ്‌ മാനേജരാണത്രേ.. അസിസ്‌റ്റന്റ്‌ മാനേജര്‍. റെജി സാര്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ്‌.
സാര്‍ കളിയാക്കിയതുകൊണ്ടല്ല എന്റെ അറിവില്ലായ്‌മയെ ഓര്‍ത്താണ്‌ കരഞ്ഞതെന്നായി ഞാന്‍. ( അതായിരുന്നു സത്യവും). കൊച്ചേ, പെന്‍ഷന്‍ ആകുവാന്‍ കുറച്ചു വര്‍ഷമേയുള്ളു. അതിനിടയില്‍ സഹപ്രവര്‍ത്തകയെ പേടിപ്പിച്ചു( പീഡിപ്പിച്ചുവെന്നല്ല) കരയിപ്പിച്ചുവെന്നു പേരു കേള്‍പ്പിക്കല്ലേ എന്നായി സാര്‍. 
എന്റെ വിവരക്കേടോര്‍ത്തു സങ്കടപ്പെട്ടു, എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വീട്ടിലെത്തി സീരിയല്‍ കാണുന്നുണ്ടാകുമെന്നു എന്നെല്ലാം ആരോടന്നില്ലാതെ പരിഭവിച്ച്‌ സഞ്ചിയും തോളിലിട്ടു ഞാനിറങ്ങി. 
പിറ്റേന്ന്‌ രാവിലെ ഗുഡ്‌മോര്‍ണിങ്ങ്‌ പറയാന്‍ വന്ന എന്നെക്കാള്‍ ഇളയവരായ ചങ്ങാതിമാരോടു ചോദിച്ചു. " പാര്‍ട്ടീഷന്‍ സീലെന്താന്ന്‌ അറിയാമോ...? , ഇല്ലേ കഷ്ടം, എത്ര വര്‍ഷമായി ബാങ്കില്‍, എന്നിട്ടും അറിയില്ലല്ലേ..? പക്ഷേ ബിന്‍സി മാത്രം പറഞ്ഞു. അതെനിക്ക്‌ അത്ര ഇഷ്ടപ്പെട്ടില്ല കേട്ടോ. 

റെസിപ്‌റ്റ്‌ ആന്‍ഡ്‌ പേമെന്റ്‌ വൗച്ചറിന്റെ കുറുകെ അടിക്കുന്ന നീളത്തില്‍ വെട്ടുള്ള നിങ്ങളുടെ സ്വന്തം പേരുവച്ച സീലാണ്‌ പാര്‍ട്ടീഷന്‍ സീല്‍ കേട്ടോ. എനിക്ക്‌ ഭയങ്കര ജി കെയാണെന്നു അവര്‍ തെറ്റുദ്ധരിച്ചു, സിന്ധുവും നൈസിയും അശ്വതിയും ജിതിനുമെല്ലാം തോറ്റു തുന്നം പാടി.

എനിക്ക്‌ സന്തോഷം കൊണ്ടുരിക്കാന്‍ മേല. ജിതിന്‍ പെട്ടെന്ന്‌ മമ്മൂട്ടിയായി.
" പാര്‍ട്ടീഷന്‍ സീലെന്താന്നറിയണമെങ്കില്‍ സ്‌്‌റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്തെന്നറിയണം, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്തെന്നറിയണമെങ്കില്‍ ഇന്ത്യ എന്തെന്നറിയണം
തുള്ളിച്ചാടി ഞാന്‍ മാനേജരുടെ ക്യാബിനില്‍ എത്തി. എന്റെ സന്തോഷം കണ്ടു ഇന്നലെ മോങ്ങിക്കൊണ്ടു പോയവഴി എടുത്ത ലോട്ടറിക്ക്‌ ഫസ്റ്റ്‌ പ്രൈസ്‌ എങ്ങാനും അടിച്ചു കാണുമെന്നു സാര്‍ ഓര്‍ത്തിട്ടുണ്ടാവും. " സാറേ ഈ ബ്രാഞ്ചില്‍ ഞാന്‍ ചോദിച്ച ജൂണിയേഴ്‌സിന്‌ ആര്‍ക്കും പാര്‍ട്ടീഷന്‍ സീലെന്താന്നു അറിയില്ല. ്‌ ഞാന്‍ എസ്‌ എസ്‌ എല്‍ സിക്ക്‌ തോറ്റുവെങ്കിലെത്താ സാറു പഠിപ്പിച്ച എല്ലാ കുട്ടികളും തോറ്റില്ലേയെന്നാ സന്തോഷമായിരുന്നു എന്റെ നെറ്റിയില്‍ സ്‌റ്റിക്കറൊട്ടിച്ചു വച്ചിരുന്നത്‌


പാര്‍ട്ടീഷന്‍ സീല്‍ എന്താണെന്ന്‌ അറിയില്ലെന്നുളള ഈയുള്ളവളുടെ മനസ്‌താപം മാറി. ലോണിന്റെയും കിട്ടാകടങ്ങളുടെയും പിരിമുറുക്കങ്ങളുടെയിടയില്‍ ഓര്‍ക്കാനിഷ്ടപ്പെടുന്ന ഈ സംഭവം ഇക്കഴിഞ്ഞ ഒക്ടോബറിലും നവംബറിലുമായി സര്‍വീസില്‍ നിന്നു വിരമിച്ചു ജോസ്‌ സാറിനും തോമസ്‌ സാറിനും സമര്‍പ്പിക്കുന്നു.
ലാല്‍ സലാം( അതെന്തിനാണാന്നോ ചുമ്മാ ഒരു പഞ്ചിന്‌ കിടക്കട്ടെ...)