Breaking News

Trending right now:
Description
 
Dec 21, 2015

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ പരിസരത്ത് അധികൃത പാര്‍ക്കിംഗ് വേണം: ടി.ആര്‍.എ

image ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ പരിസരത്ത് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താതെ, അവിടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിട്ടു ബസില്‍ കയറിപ്പോകുന്നവരെല്ലാം നിയമലംഘനം നടത്തുകയാണെന്ന വിധത്തില്‍ ചില കേന്ദ്രങ്ങള്‍ പ്രചാരണം നടത്തുന്നത് അപലപനീയമാണെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അധികൃതരെ അറിയിച്ചു. അധികൃത പാര്‍ക്കിംഗ് സൗകര്യം ഉടനെ ഏര്‍പ്പെടുത്തണം. അല്ലാതെ എല്ലായിടങ്ങളിലും തോന്നും പോലെ 'നോ പാര്‍ക്കിംഗ്' ബോര്‍ഡുകള്‍ സ്ഥാപിച്ച് അനധികൃത പാര്‍ക്കിംഗ് ആക്കി യാത്രക്കാരെ വട്ടംചുറ്റിക്കുകയല്ല വേണ്ടത്. നൂറു കണക്കിനു യാത്രക്കാരാണ് സ്‌റ്റേഷന്‍ പരിസരത്തുള്ള റോഡുവക്കില്‍ ഇരുചക്രവാഹനങ്ങളും മറ്റും പാര്‍ക്കു ചെയ്തിട്ടു പൊതുഗതാഗതമാര്‍ഗം ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതു മൂലം വന്‍തോതിലുള്ള ഇന്ധനലാഭമാണ് നാടിനുണ്ടാകുന്നത്. റോഡില്‍ വാഹനങ്ങള്‍ കൂടുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്കും കുറയും. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം അതുപയോഗിക്കുന്നവരെ പിന്‍തിരിപ്പിക്കാനും കുറ്റവാളികളാക്കാനുമാണ് ശ്രമിക്കുന്നത്. പോലീസും ഇതിനു കൂട്ടു നിന്നു പലപ്പോഴും ടയറുകളില്‍ നിന്നു കാറ്റൂരി വിട്ട സംഭവങ്ങളുണ്ടായപ്പോള്‍ യാത്രക്കാരില്‍ നിന്നു പ്രതിഷേധം രൂക്ഷമായിട്ടുള്ളതാണ്. പെട്രോള്‍ ഊറ്റുകാരുടേയും ഹെല്‍മറ്റ്, മിറര്‍ മോഷ്ടാക്കളുടെയും ശല്യം വേറെ. ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്‌റ്റേഷനു സമീപമുള്ള അഗ്നിശമന സേനയുടെ കേന്ദ്രത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ റോഡുവക്കിലെ പാര്‍ക്കിംഗ് തടസ്സമാകുന്നുണ്ടെന്നാണ് കാരണമായി എടുത്തുകാട്ടുന്നത്. എന്നാല്‍ റോഡുവക്കിലെ കടകളും കൈയേറ്റങ്ങളും അനധികൃത വളച്ചുകെട്ടലുമാണ് യാഥാര്‍ഥത്തില്‍ തടസമാകുന്നത്. കൈയൂക്കുള്ളവര്‍ അവരവരുടെ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ സ്വയം 'നോ പാര്‍ക്കിംഗ്' ബോര്‍ഡുവച്ച് അതു നിയമപരമാണെന്നു വാദിക്കുകയും മറ്റു വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതു തടയുകയുമാണ്. കെ.എസ്.ആര്‍.ടി.സിയും ഇങ്ങനെ അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡുവക്കില്‍ നിരത്തി സ്ഥാപിച്ചിരിക്കുന്ന കടകളുടെ മുന്നില്‍ വാഹനങ്ങള്‍ നിറുത്തിയാല്‍ വാക്കേറ്റമുണ്ടാകുന്നതു പതിവാണ്. യാത്രക്കാരെ കയറ്റിയിറക്കാന്‍ വരുന്ന വാഹനങ്ങള്‍ക്കു മറ്റു മാര്‍ഗമില്ല. ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റേഷന്‍ ആധുനിക രീതിയില്‍ പുതുക്കിപ്പണിയാനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ടൂ വീലര്‍, ഫോര്‍ വീലര്‍ പാര്‍ക്കിംഗിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുകയും റോഡിലെ തടസ്സങ്ങള്‍ നീക്കുകയും വേണം. റോഡുവക്കിലുള്ള വാണിഭവും ഏച്ചുകെട്ടലുകളും ഒഴിവാക്കി റോഡിലൂടെ വാഹനങ്ങള്‍ക്കു അനായാസം കടന്നു പോകാനുള്ള ഏര്‍പ്പാടുണ്ടാക്കാവുന്നതേയുള്ളു. റോഡുവക്കിലെ കച്ചവടക്കാരെ പല പ്രാവശ്യം നീക്കം ചെയ്തിട്ടുണ്ടെങ്കിലും അതിനേക്കാള്‍ വേഗത്തില്‍ വീണ്ടും കടകള്‍ സ്ഥാപിച്ചിട്ടുള്ള ചരിത്രമാണുള്ളത്. കച്ചവടക്കാരെ ട്രാന്‍സ്‌പോര്‍ട്ട് കോംപഌക്‌സിനുള്ളില്‍ മാത്രമാക്കണം. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും സുഗമായി ഉപയോഗിക്കാന്‍ തക്കവിധത്തില്‍ പരിസരം തുറന്നിടണം. സ്റ്റേഷനു മുന്നിലുള്ള റോഡില്‍ വരകള്‍ കൊണ്ടെങ്കിലും അതിര്‍ത്തി വേര്‍തിരിവു വേണം. ഇതേപോലെ, മുനിസിപ്പല്‍ പ്രൈവറ്റ് സ്റ്റേഷനിലും പാര്‍ക്കിംഗിനു സൗകര്യമില്ല. അതിനും ഉടന്‍ പരിഹാരം കാണണം. സുരക്ഷിതമായ ഇരുചക്രവാഹന പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ ആള്‍ക്കാര്‍ ബസ് ഉപയോഗിക്കാന്‍ തുടങ്ങും. ഇക്കാര്യം പല പ്രാവശ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ഭരണാധികാരികളുടെ ഭാഗത്തു നിന്നു ശ്രദ്ധ നല്കിയിട്ടില്ല. ആലപ്പുഴ ജില്ലാ കളക്ടര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, കെ.എസ്.ആര്‍.ടി.സി സി.എം.ഡി തുടങ്ങിയവരെയാണ് വിവരം അറിയിച്ചിട്ടുള്ളത്.