Breaking News

Trending right now:
Description
 
Dec 18, 2015

സ്ലീപ് അലാം നിര്‍ബന്ധിതമാക്കുന്നത് ഡ്രൈവര്‍മാരെ വഴിയില്‍ പിഴിഞ്ഞെടുക്കാനുള്ള മാര്‍ഗം: ടി.ആര്‍.എ

image ആലപ്പുഴ: രാത്രിയില്‍ വാഹനമോടിക്കുന്നവര്‍ ഉറങ്ങാതിരിക്കാന്‍ വെയറബില്‍ സ്ലീപ് അലാം നിയമപരമായി നിര്‍ബന്ധിതമാക്കാനും ലംഘിക്കുന്നവരില്‍ നിന്നു പിഴ ഈടാക്കാനുമുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി പൊതുജനങ്ങളില്‍ നിന്നു എങ്ങനെയും പണം പിഴിഞ്ഞെടുക്കുക എന്നതു മാത്രം ലക്ഷ്യമാക്കിയുള്ള കുത്സിത നീക്കമാണെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍. 

ഉറങ്ങുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ പ്രയോഗസാധ്യമായ പരിഹാരമല്ലിത്. മയക്കത്തിലേക്കോ മോഹാലസ്യത്തിലേക്കോ വഴുതിവീണതിനു ശേഷം മുന്നറിയിപ്പു ലഭിച്ചിട്ടു പ്രയോജനമില്ലാത്തതിനാലാണിത്. മനുഷ്യരുടെ ക്ഷീണത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതെന്നു പറയപ്പെടുന്ന ഉപകരണത്തിന്റെ ഘടനയോ ഗുണനിലവാരമോ പ്രവര്‍ത്തനയുറപ്പോ തുടര്‍സേവനങ്ങളോ അറിയില്ല. മറ്റു ഏതെങ്കിലും വികസിത രാജ്യത്തു പോലും ഇത്തരം ഉപകരണം നിയപരമായി നടപ്പിലാക്കിയിട്ടുണ്ടോയെന്നു സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോയെന്നു സംശയമുണ്ട്. അതു മാല പോലെ കഴുത്തിലിടാനുള്ളതാണോ അതോ വാച്ചു പോലെ കൈയില്‍ കെട്ടുന്നതാണോ എന്നുപോലും വ്യക്തമല്ല. വിദേശത്തു ലഭ്യമായതും ചെവിയില്‍ ഘടിപ്പിക്കുന്നയിനവുമായ ഇത്തരം ചില ഉപകരണങ്ങള്‍ ഡ്രൈവിംഗില്‍ ഉടനീളം അസ്വസ്ഥതയും പ്രകോപനവും ഉണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. അതു കൂടുതല്‍ അപകടകാരണമാകും. എങ്ങനെയുള്ളതായാലും ഒരെണ്ണത്തിനു 5,000 രൂപയെങ്കിലും തുടക്കകാലത്തു സ്വകാര്യ വ്യാപാരികള്‍ വിലയീടാക്കുമെന്നാണു സൂചന. 

സര്‍ക്കാര്‍ വാഹന ഡ്രൈവര്‍മാര്‍ക്കു നിയമ പ്രകാരമുള്ള വിശ്രമസമയം അനുവദിച്ചാല്‍ തന്നെ ക്ഷീണിച്ചും ഉറങ്ങിയും ഉണ്ടാകുന്ന അപകടങ്ങള്‍ സംസ്ഥാനത്ത് ഏറെ കുറയും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ വിശ്രമം കിട്ടാറില്ലെന്നുള്ളതു വസ്തുതയാണ്. അതു ഗതാഗത വകുപ്പിലെ അടക്കം പല ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഡ്രൈവര്‍മാരുടെ തുടര്‍ച്ചായതും വിശ്രമമില്ലാത്തതുമായ ജോലിയെക്കുറിച്ചു തുറന്നു പറഞ്ഞിട്ടുമുണ്ട്പോ ലീസുകാര്‍ക്കു പെറ്റി കേസ് ക്വോട്ട തികയ്ക്കാന്‍ ഒരു ഏര്‍പ്പാടു കൂടിയായി മാത്രം സ്ലീപ് അലാം നിയമം മാറും. ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതു മൂലം ശാരീരികമായോ മാനസികമായോ മറ്റാര്‍ക്കും ക്ഷതമുണ്ടാക്കുന്നില്ലെങ്കിലും ഹെല്‍മറ്റ് വേട്ട മാത്രമാണ് കേരളത്തില്‍ പോലീസ് കാര്യക്ഷമമായി നടത്തിക്കൊണ്ടിരിക്കുന്നതെന്നുന്നള്ളത് ഉദാഹരണമാണ്.

 പോലീസുകാരുടെ കണ്‍മുന്‍പില്‍ നടക്കുന്ന വന്‍ കുറ്റകൃത്യങ്ങള്‍ക്കു പോലൂം രേഖാമൂലമുള്ള പരാതിക്കായി കാത്തിരിക്കുന്നവര്‍ ആരുടെയും വാക്കാലുള്ള പരാതി പോലുമില്ലാതെ വഴിയില്‍ ഇരുചക്രവാഹ യാത്രികരെ ക്രിമിനലുകളെയെന്ന പോലെ തടഞ്ഞുനിര്‍ത്തി ഉടനടി ശിക്ഷവിധിച്ചു പിഴയീടാക്കുന്ന ഏക വ്യര്‍ഥ നിയമാണിത്. അതിന്റെ കൂട്ടത്തില്‍ എളുപ്പം പിഴയും കൈക്കൂലിയും പിരിക്കാവുന്ന നിയമമാക്കി സ്ലീപ് അലാമിനെ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നു പിന്തിരിയണം. ഒരു നിമിഷാര്‍ധത്തിലെ അശ്രദ്ധയിലോ ഉറക്കത്തിലോ മറ്റോ ആയിരിക്കാം വാഹനാപകടങ്ങളുണ്ടാകുന്നത്. 

ഉറക്കത്തിലേക്കു വഴുതി അപകടമുണ്ടാകുന്നതിനു മുന്‍പ് മണിയടിച്ചു ഉണര്‍ത്തി അപകടമുണ്ടാകാതിരിക്കും എന്നു ഇപ്പോഴത്തെ സംവിധാനങ്ങള്‍ കണ്ടാല്‍ സാമാന്യ ബുദ്ധിക്കു വിശ്വസിക്കാനാകില്ല. അപ്പോഴേയ്ക്കും സംഭവിക്കാനുള്ള അപകടം നടന്നിരിക്കും. അങ്ങനെ അപകടത്തെ പ്രതിരോധിക്കാന്‍ ഈ ഉപകരണത്തിനു കഴിയുമെന്നു കേരളത്തില്‍ തെളിയിക്കപ്പെട്ടിട്ടുമില്ല. ഡ്രൈവര്‍മാര്‍ക്കു ക്ഷീണവും ഉറക്കവും രാത്രിയില്‍ മാത്രമല്ല ഉണ്ടാകുന്നത്. അതിനാല്‍ പിന്നാലെ രാവും പകലും ഉപകരണം നിര്‍ബന്ധമാക്കും. രാത്രികാലമെന്നത് എത്ര മണിക്കൂറാണെന്നു നിജപ്പെടുത്താനുമാകില്ല. അതുവഴി പിഴപ്പിരിവും ഊര്‍ജിതമാക്കാനാകും. കാര്യക്ഷമതയും ഫലപ്രാപ്തിയും നിലവാരവും തെളിയിക്കപ്പെടാത്ത ഉപകരണങ്ങള്‍ ജനങ്ങളില്‍ അനാവശ്യ നിയമത്തിലൂടെ കെട്ടിയേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതില്‍ സാധാരണ ജനം അഴിമതി മണത്താല്‍ അവരെ കുറ്റം പറയാനാകില്ല. നിയമപ്രകാരം ഐഎസ്‌ഐ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹെല്‍മറ്റ് മാത്രമേ ഉപയോഗിക്കാനാകൂ എന്നിരിക്കെ അങ്ങനെയല്ലാത്ത ഹെല്‍മറ്റുകള്‍ ഒന്നും വില്ക്കാന്‍ അനുവദിക്കേണ്ട കാര്യമില്ല. 

മാനദണ്ഡങ്ങള്‍ പാലിക്കാത്ത ധാരാളമായി വില്ക്കപ്പെടുന്ന വ്യാജ ഹെല്‍മറ്റുകള്‍ എല്ലാം പിടിച്ചെടുത്തു പൊതുജനമധ്യേയിട്ടു നശിപ്പിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അതറിഞ്ഞ ഭാവം പോലും നടിക്കുന്നില്ല. അതാണ് ജനങ്ങളുടെ തലയുടെ രക്ഷയിലല്ല, മറ്റെന്തോ കൈക്കൂലി കാര്യങ്ങളിലാണ് സര്‍ക്കാരിനു താത്പര്യമുള്ളതെന്നു സംശയിക്കാനിട നല്കുന്നത്. എന്നു തന്നെയുമല്ല, മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നു പരിശോധിച്ചു ഹെല്‍മറ്റ് ഉപയോഗിക്കാന്‍ പറ്റിയതാണെന്നു ഉറപ്പു വരുത്താന്‍ സര്‍ക്കാരിനു സംവിധാനങ്ങളുമില്ല. എന്നിട്ടും അങ്ങനെയുള്ള ഹെല്‍മറ്റ് നിയമം നടപ്പിലാക്കാന്‍ കാര്‍ക്കശ്യം കാട്ടുന്നവര്‍ സ്ലീപ് അലാമിന്റെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയാറാകില്ല. കൈ നനയാതെ മീന്‍ പിടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത മാര്‍ഗം മാത്രമാണിത്. വാഹനങ്ങളിലെയും വഴിയിലെയും വിവിധ സുരക്ഷിതത്വ സംവിധാനങ്ങള്‍ക്കു പ്രോത്സാഹനവും മികവും നല്കുക മാത്രമാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. 

കടമകള്‍ ചെയ്യാതെ പൊതുജനങ്ങളില്‍ നിന്നു എങ്ങനെയും പിഴത്തുകകള്‍ പിഴിഞ്ഞെടുത്തു അഴിമതിയ്ക്കും ധൂര്‍ത്തിനും വളമിടുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. ദിവസവും അനേകം പേരെ കുരുതികൊടുക്കുന്ന റോഡിലെ പാതാളക്കുഴികള്‍ അടയ്ക്കാത്തവര്‍ക്കു പിഴയിടാന്‍ നാട്ടില്‍ നിയമമില്ലെന്നിരിക്കെയാണ് അതില്‍ വീണു തല തകരുമെന്നു പേടിപ്പിച്ചു ഡ്രൈവര്‍മാരുടെ കുത്തിനു പിടിച്ചു പിഴ. 

ഹെല്‍മറ്റിലൂടെ ടയര്‍ കയറിയിറങ്ങിയാലും തലയ്ക്കു ഒരു കുഴപ്പവും പറ്റുകയില്ലെന്നു പ്രസംഗിച്ചും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയേ അടങ്ങൂ എന്നു വാശിപിടിച്ചും നടന്നിരുന്ന ഒരു മുന്‍ ട്രാന്‍പോര്‍ട്ട് കമ്മീഷണറോടു സര്‍ക്കാരിനു ഒട്ടും ചെലവില്ലാത്തതും എല്ലാവര്‍ക്കും പ്രയോജനപ്രദവുമായ ചില നിയമപരമായ കാര്യങ്ങള്‍ നടപ്പാക്കണമെന്നു ആവശ്യപ്പെട്ടിരുന്നിട്ടു ഒന്നും നടന്നിട്ടില്ല. ഓട്ടോറിക്ഷകളില്‍ മീറ്ററും വലിയ വാഹനങ്ങളില്‍ സ്പീഡ് ഗവേണറും ഘടിപ്പിപ്പിക്കാന്‍ സര്‍ക്കാരിനു ചെലവൊന്നുമില്ലെങ്കിലും ചെറുവിരല്‍ പോലും അനക്കിയില്ല.

റോഡില്‍ കാഴ്ചതടസം സൃഷ്ടിക്കുന്ന ബോര്‍ഡുകളും റോഡിലേക്കു കയറിയിരിക്കുന്ന അനധികൃത നിര്‍മിതികളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ മനസുമാത്രം വച്ചാല്‍ മതി. ബോര്‍ഡുകളില്‍ ഇപ്പോള്‍ ബഹുഭൂരിപക്ഷവും ജനപ്രതിനിധികളുടെ ചിത്രങ്ങളോടു കൂടിയവയാണെന്നുള്ളതാണ് ഖേദകരം. ന്യൂനപക്ഷമായ സംഘടിതരെ പേടിച്ചും അക്കൂട്ടരെ മാത്രം പ്രീണിപ്പിച്ചുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍. വോട്ടു ചെയ്തു അധികാരത്തിലേറ്റിയ അസംഘടിതരായ ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങള്‍ തൃണവത്കരിക്കുന്നതിനു ഒരു മടിയുമില്ല.

ഗതാഗത നിയമങ്ങള്‍ ഇന്ത്യയില്‍ എല്ലായിടത്തും ഒരുപോലെയായിരിക്കണം. ഓരോ സംസ്ഥാനത്തും ഓരോ തരം നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും ഉണ്ടാക്കി വയ്ക്കുന്നത് സംസ്ഥാനാന്തര യാത്രക്കാര്‍ക്ക് ഒത്തിരി ബുദ്ധിമുട്ടുകള്‍ വരുത്തും. കേരളം ഒരു വിനോദസഞ്ചാര ലക്ഷ്യകേന്ദ്രമായി പരസ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ഡ്രൈവര്‍മാര്‍ ഉറങ്ങിയാല്‍ ഉണര്‍ത്തുന്ന സ്ലീപ് അലാം സംസ്ഥാനത്തു നിര്‍ബന്ധമാക്കുമെന്നു ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയമസഭയില്‍ ഡിസംബര്‍ 17-ന് പ്രഖ്യാപിച്ചത്. പരിഷ്‌കാരം സംസ്ഥാനത്തു നടപ്പില്‍ വരുത്തുന്നതിനു കേരള മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ അതിന് അനുസൃതമായ മാറ്റം വരുത്തേണ്ടതുണ്ട്.