Breaking News

Trending right now:
Description
 
Dec 18, 2015

മീരയുടെ ആരാച്ചാര്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടി

image മലയാളത്തിലെ മികച്ച കൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന്‌ കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും ഫലകവും പൊന്നാടയുമുള്‍പ്പെടുന്ന പുരസ്‌കാരം ഫെബ്രുവരി 16ന്‌ അക്കാദമി ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന അക്ഷരോത്സവത്തില്‍ വിതരണം ചെയ്യും. ഈ കൃതിയുടെ ഇംഗ്ലീഷ്‌ പരിഭാഷയായ ഹാങ്‌ വുമണ്‍ ദക്ഷിണേഷ്യയില്‍നിന്നുള്ള സാഹിത്യകൃതികള്‍ക്കു നല്‍കുന്ന പ്രശസ്‌തമായ ഡിഎസ്‌ സി സൗത്ത്‌ ഏഷ്യന്‍ ലിറ്ററേച്ചര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്‌. മലയാളത്തിലെ യുവ കഥാകൃത്തുകളില്‍ ശ്രദ്ധേയയായ എഴുത്തുകാരിയായ മീരയുടെ ആരാച്ചാര്‍ കേരള സാഹിത്യ അക്കാദമി, വയലാര്‍, ഓടക്കുഴല്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്‌. തമിഴില്‍നിന്നുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന്‌ മലയാളിയായ ആ. മാധവന്‍ രചിച്ച ഇളക്കിയ സുവടുകള്‍ എന്ന ലേഖന സമാഹാരം അര്‍ഹമായി. തിരുനല്‍വേലി സ്വദേശിയായ ആവുടനായകം പിള്ളയുടെ മകനാണ്‌ മാധവന്‍. തിരുവനന്തപുത്താണ്‌ മാധവന്റെ ജനനം. പിതാവിന്റെ പേരിലെ ആദ്യാക്ഷരമാണ്‌ ഇനീഷ്യല്‍ ആക്കിയത്‌. ഇതിനോടകം അഞ്ഞൂറ്‌ ചെറുകഥകളും ഏതാനും നോവലുകളും എഴുതിയിട്ടുണ്ട്‌. ഒട്ടേറെ മലയാളം കൃതികള്‍ തമിഴിലേക്ക്‌ വിവര്‍ത്തനം ചെയ്‌തു. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്‌.

മികച്ച സാഹിത്യ സംഭാവനകള്‍ക്കുള്ള ഭാഷാ സമ്മാന്‍ പ്രഫ. ശ്രീകാന്ത്‌ ബാഹുല്‍കര്‍ക്ക്‌ നല്‍കും. ബംഗാളി ഒഴികെ 23 ഭാഷകളിലെ അവാര്‍ഡുകളാണ്‌ അക്കാദമി സെക്രട്ടറി ശ്രീനിവാസ റാവു ഇന്നലെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്‌. കുല സൈക്കിയ (അസമീസ്‌), ബ്രജേന്ദ്രകുമാര്‍ ബ്രഹ്മ (ബോഡോ), ധ്യാന്‍സിംഗ്‌ (ഡോംഗ്രി), സൈറസ്‌ മിസ്രി (ഇംഗ്ലീഷ്‌), രസിക്‌ ഷാ (ഗുജറാത്ത്‌), രാംദര്‍ശ്‌ മിശ്ര (ഹിന്ദി), കെ.വി. തിരുമലേശ്‌ ( കന്നട), ബഷീര്‍ ബദര്‍വാഹി (കാഷ്‌മീരി), ഉദയ്‌ ഭേംബ്രേ (കൊങ്കണി), മന്‍ മോഹന്‍ ജാ (മൈഥിലി), ക്ഷേത്രി രാജന്‍ (മണിപൂരി), അരുണ്‍ ഖോപ്‌കര്‍ (മറാത്തി), ഗുപ്‌ത പ്രധാന്‍ (നേപ്പാളി), ബിഭൂതി പട്‌നായിക്‌ (ഒഡിയ), ജസ്വീന്ദര്‍ സിംഗ്‌ (പഞ്ചാബി), മധു ആചാര്യ അഷാവാദി (രാജസ്ഥാനി), രബിലാല്‍ തുഡു (സന്താളി), മായാ റാഹി (സിന്ധി), വോള്‍ഗ (തെലുഗു), ഷമീം താരീഖ്‌ (ഉറുദു) എന്നിവരാണ്‌ മറ്റ്‌ അവാര്‍ഡ്‌ ജേതാക്കള്‍.