Breaking News

Trending right now:
Description
 
Dec 16, 2015

ആനയും മയിലും ഒട്ടകവും

സീമ
image എം.ജെ മൂവീസിന്റെ പുതിയ സിനിമ; "ആനമയിലൊട്ടകം " ജയകൃഷ്ണ, അനിൽ സൈൻ എന്നീ നവാഗത സംവിധായകരെ മലയാള സിനിമക്ക് പരിചയപ്പെടുത്തുന്നു. ഇത് മൂന്നു ചെറു സിനിമകൾ ആണ്. അതുകൊണ്ടാകും ഇങ്ങനെയൊരു പേര് സിനിമക്ക് വന്നു ചേർന്നത്! തികച്ചും വ്യത്യസ്തമായ മൂന്നു മൃഗങ്ങൾ ഒന്നുചേർന്ന് ഒരു ചെടിയുടെ പേരായതുപോലെ തന്നെ, മൂന്നു വ്യത്യസ്ത വ്യക്തികളുടെ കഥകൾ, ആത്മവിശ്വാസവും മനോബലവും ചേർന്ന ഒരു പോസിറ്റീവ് തിങ്കിങ്ങിന്റെ ഒറ്റ ച്ചരടിൽ കോർത്തു കെട്ടാനുള്ള ഒരു ശ്രമമാണ് ഈ സിനിമ.

ഒരു പുതു സംരംഭത്തിന്റെ പാകക്കേടുകളിലും ബാലാരിഷ്ടതകളിലും ഇടയ്ക്കിടെ കാലിടറുന്നുണ്ടെങ്കിലും പോസിറ്റീവ് തിങ്കിംഗ് എന്ന നന്മയുള്ള ഒരാശയം മുന്നോട്ടുവയ്ക്കാനുള്ള സംവിധായകരുടെ ശ്രമത്തിനെ അവഗണിക്കാൻ തോന്നുന്നില്ല.

 അ ആ ഇ ഈ 

ജയകൃഷ്ണ സംവിധാനം ചെയ്ത ഈ സിനിമ ഒരു ഗൃഹാതുര സ്മരണകളാൽ സമ്പന്നമാണ്. ഒരു ഗ്രാമത്തിന്റെ ലളിതമായ കാഴ്ചകളെ അനീഷ് ബാബുവിന്റെ ക്യാമറ നന്നായി ഒപ്പിയെടുത്തിരിക്കുന്നു. ഗിരീഷ് കരുണാകരന്റെ വരികളും ഹൃദ്യമായി. ഗായത്രി ആയി അഭിനയിച്ച കുമാരി മീനാക്ഷിയും, ബാലു ആയ മാസ്റ്റർ സിദ്ധാർത്ഥും പ്രത്യേക പ്രശംസ അർഹിക്കുന്നു. നായകന്റെ ചെറുപ്പം ചെയ്ത മാസ്റ്റർ ആകാശ് അഭിനയത്തിൽ കൂട്ടുകാരനൊപ്പമെത്തിയില്ലെങ്കിലും , നിഷ്കളങ്കമായ നോട്ടങ്ങളിലും മൗനമാർന്ന ആലോചനകളിലും സിനിമയുടെ ഭാവത്തിന്റെ പ്രതീകമായി മാറുന്നു.

സിനിമയുടെ പ്രമേയവും രാഷ്ടീയവും പലരും പറഞ്ഞു വച്ചിട്ടുള്ളതാണ്. അതിന്റെയൊപ്പം പരിചയ സമ്പന്നതയില്ലാത്ത നടീനടന്മാരുടെ അഭിനയവും കൂടിയായപ്പോൾ അത് സിനിമയുടെ സ്വാഭാവികതയെ ബാധിച്ചു.


12/15

ജയകൃഷ്ണയും അനിൽ സൈനിന്റേയും സിനിമ എന്നു പറയുന്നതിനൊപ്പം ബാലു വിന്റേയും സിനിമ എന്നുകൂടി പറയാം. 

ഒരു ഉദ്യോഗാർത്ഥി ഇന്റർവ്യൂവിന് തയ്യാറെടുക്കന്നതു മുതൽ അതിൽ ചോദിക്കുന്ന ചോദ്യങ്ങളും ആ ചോദ്യങ്ങൾ തയ്യാറാക്കുന്നതുമെല്ലാം കഥാതന്തുവിലേക് കോർത്തിണക്കുന്ന ഒരു സാധ്യതയെ സുന്ദരവും അയത്നലളിതവുമായി ഉപയോഗിക്കുന്നുണ്ട് ഈ 12/15. ഇന്റർവ്യൂ എന്നു കേൾക്കുമ്പോൾ ഉദ്യോഗാർത്ഥിയുടെ ഭാരിച്ച ഉൽക്കണ്ഠ എന്ന പതിവ് കാഴ്ചയിൽ തുടങ്ങിയ സിനിമ പെട്ടെന്ന്, ചോദ്യകർത്താവിന്റെ തെരഞ്ഞെടുക്കലുകളിലേക്ക് ക്യാമറ തിരിക്കുന്നതോടെ ഉദ്വേഗഭരിതമായ കുറച്ചു നിമിഷങ്ങൾ തരാൻ ഈ സിനിമക്കായിട്ടുണ്ട്. രാകേഷ് കേശവൻ തുടക്കക്കാരന്റെ ചാപല്യങ്ങളൊന്നും കാണിക്കാതെ ബാക് ഗ്രൗണ്ട് സ്കോറിംഗ് കൃത്യമാക്കി സിനിമയുടെ ചടുലത നിലനിർത്തി.മീരയായി അഭിനയിച്ച റൈന മരിയ നന്നായി.


ഫിൽ ഇൻദ ബ്ലാങ്ക്സ്

അനിൽ സൈനിന്റെ സിനിമ. എന്ന സിനിമയിൽ ഉപയോഗിച്ച സാധ്യതയെ കഥയുടെ കാമ്പിലേക്ക് ചേർത്തു നിറുത്തി എന്നിടത്താണ് ഈ സിനിമയുടെ പ്ലസ് പോയിൻറ്. നന്നായി അഭിനയിച്ച ഒരു കൂട്ടം അഭിനേതാക്കളും ഈ ചിത്രത്തിനു മുതൽക്കൂട്ടായി. ഇന്ദ്രൻസ്, ശരൺ, വിനോദ് കെടാമംഗലം, ഗോപാലകൃഷ്ണൻ, ശിവൻ ദേവദാസ് ,മാസ്റ്റർ അർജുൻ എന്നിവരൊക്കെ അഭിനയത്തിന്റെ കാര്യത്തിൽ പിശുക്കു കാണിച്ചില്ല എന്നു മാത്രമല്ല; സിനിമാഭിനയിത്തിന്റെ മിതത്വം പുലർത്തി എന്നു തന്നെ പറയണം. അനിൽ സൈനിന്റെ വരികളും ശ്യാമിന്റെ സംഗീതവും കഥയുടെ ഒഴുക്കിനൊപ്പം നീങ്ങുന്നുണ്ട്. ഇത്രയും ഒത്തപ്പോൾ മറ്റു രണ്ടിലും നന്നായ ക്യാമറ പാളിപ്പോയി. അവസാനം ഫ്രെയിമിൽ ഉത്തരമില്ലാതെ അവസാനിക്കുന്ന അമ്മൂമ്മയിലും കൊച്ചുമകനിലും നിർത്തി സിനിമയുടെ പേര് കാണികൾ ഓർത്തെടുക്കാനുള്ള ക്ഷമ സംവിധായകന് കാണിക്കാമായിരുന്നു. ഭാണ്ഡം പേറിയ അമ്മൂമ്മ ഒരു പഴയ കാല ചിത്രത്തിന്റെ ഓർമ്മപ്പെടുത്തലായി മറ്റൊരു കരടായി മാറി.


മൂന്നു ചെറു സിനിമകൾ ചേർന്ന ഈ ഒറ്റ സിനിമയെ കുറിച്ചു ഒറ്റവരിയിൽ പറഞ്ഞാൽ, കാമ്പും കരടും ഒപ്പത്തിനൊപ്പം വന്നു. കരട് അല്പം മേലെ ആയിപ്പോയി എന്നും തോന്നുന്നു. പക്ഷെ നവാഗതരെ തുടക്കത്തിലേ കുത്തി മുനകളയാനുള്ള നിരൂപണ കോലാഹലങ്ങൾക്കിടയിൽ പെട്ടു പോകേണ്ടതല്ല ഈ സിനിമ. കാരണം കനപ്പെട്ട പരിചയ സമ്പന്നതയാലും താര ബാഹുല്യങ്ങളാലും കോടികളുടെ കിലുക്കത്താലും തിളങ്ങി, ചാനൽ റേറ്റിംഗിൽ ഉയർന്ന്, ഫാൻസ് അസോസിയേഷനുകളുടെ അകമ്പടിയിൽ തിയറ്ററുകൾ നിറച്ചും, നാടുനീളെ വർണ്ണശബളിമയാലുള്ള പോസ്റ്ററുകൾ തൂക്കിയും, ആഘോഷിക്കപ്പെടുന്ന വമ്പൻ സിനിമകൾ കണ്ടിറങ്ങുമ്പോൾ മനസിലും ചിന്തയിലും അവശേഷിക്കുന്നതെന്ത് എന്നാലോചിക്കുമ്പോളാണ് ഇത്തരം കുഞ്ഞൻ സിനിമകളുടെ പ്രസക്തി.


സിനിമാ സങ്കേതങ്ങളിൽ പരിമിതപ്പെട്ടാലും പറയുന്നതിന്റെ ഉൾക്കാമ്പ് കനമേറിയതാകണം എന്നു വിശ്വസിക്കന്നുണ്ട് ഈ ചെറുപ്പക്കാർ . സിനിമാ ഭാഷയെ ശക്തമായി പൊലിപ്പിച്ചും സാങ്കേതിക ബാഹുല്യങ്ങളോട് ഒത്തുതീർപ്പില്ലാതെയും മികവുറ്റ നവാഗത സംവിധായകർ "ന്യൂ ജെൻ " എന്ന ലേബലിൽ തകർത്താടിക്കഴിഞ്ഞ ഒരിടവേളയാണിത്. അതിന്റെ ഒരു മുന്നണിപ്പോരാളി തന്റെ സിനിമാ സങ്കല്പങ്ങളെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്... നല്ല കാര്യം പറയുന്നതിലല്ല പറയുന്ന കാര്യം നന്നായി പറയുമ്പോഴാണ് സിനിമ നല്ലതാവുന്നത്. അതേ മലയാള സിനിമയുടെ തട്ടിൽ കയറി നിന്ന ഈ സംവിധായകർ വിശ്വസിക്കുന്നത് രീതികൾ പിഴച്ചാലും പറയാനുള്ള കാര്യങ്ങൾ പിഴ തീർത്തതാകണമെന്നും.
പരിമിതികളിൽ നിന്ന്ഒരു പാട് വൈകല്യങ്ങളോടെ ഈ സംവിധായകർ ഒത്തു പറയുന്നു മദ്യത്തിന് വശപ്പെടാതെ,മനോബലം വിടാതെ, ആത്മഹത്യ ചെയ്യാതെ ജീവിക്കലാണ് ഇവരുടെ ശരിയെന്ന്. ഈ സിനിമ ഇടം പിടിക്കേണ്ടത് എവിടെയാണ്? റിലീസു കഴിഞ്ഞ് കഷ്ടി രണ്ടു, ദിവസമെന്ന സംവിധായകരുടെ കണക്കുകൂട്ടലും കടന്ന് ആനമയിലൊട്ടകം ഇപ്പോഴും തിയറ്ററിലുണ്ട്; കിതച്ചു കൊണ്ട് തന്നെ. നല്ലതു പറയണോ നന്നായി പറയണോ എന്ന ഈ സംവാദത്തിന്റെബാക്കി പ്രേക്ഷകർ തീരുമാനിക്കട്ടെ.