Breaking News

Trending right now:
Description
 
Dec 10, 2015

വാഹനാപകത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടകേസ്‌: സല്‍മാന്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന്‌ തെളിവില്ലെന്ന്‌ കോടതി

image കാര്‍ ഇടിച്ചു ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌ത കേസില്‍ നടന്‍ സല്‍മാന്‍ ഖാന്‍ മദ്യലഹരിയിലായിരുന്നുവെന്ന്‌ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്ന്‌ മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു. അഞ്ചുവര്‍ഷം കഠിന തടവിനു ശിക്ഷിച്ച വിചാരണക്കോടതി വിധിക്കെതിരെ സല്‍മാന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ജസ്‌റ്റീസ്‌ എ.ആര്‍.ജോഷിയുടെ നിരീക്ഷണം. ബാന്ദ്രയില്‍ 2002 സെപ്‌റ്റംബര്‍ 28നു പുലര്‍ച്ചെയാണ്‌ അപകടം ഉണ്ടായത്‌. വഴിയോരത്ത്‌ ഉറങ്ങിക്കിടന്നവരുടെ മേല്‍ സല്‍മാന്റെ കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. വിചാരണവേളയില്‍ കഴിഞ്ഞ മേയില്‍ ശിക്ഷവിധിച്ചതിനെ തുടര്‍ന്ന്‌ ഹൈക്കോടതിയില്‍നിന്ന്‌ ജാമ്യം നേടാനുള്ള ശ്രമത്തിലാണ്‌ നടന്‍. മൂന്നുദിവസം പിന്നിട്ട വിധിപ്രസ്‌താവം ഇന്നു പൂര്‍ത്തിയായേക്കും. നടന്റെ സുരക്ഷയ്‌ക്കായി നിയോഗിക്കപ്പെട്ടിരുന്ന പൊലീസ്‌ കോണ്‍സ്‌റ്റബിള്‍ രവീന്ദ്ര പാട്ടീലിന്റെ ദൃക്‌സാക്ഷിമൊഴിയില്‍ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. പ്രോസിക്യൂഷനു ഇതു തിരിച്ചടിയായിട്ടുണ്ട്‌. സല്‍മാന്‍ മദ്യപിച്ചിരുന്നതായി അപകടം നടന്നയുടന്‍ പാട്ടീല്‍ പൊലീസിനു മൊഴി നല്‍കിയിരുന്നില്ല. മജിസ്‌ട്രേറ്റിനു മുമ്പില്‍ പിന്നീട്‌ നല്‍കിയ മൊഴിയിലാണ്‌ ഇക്കാര്യം പറഞ്ഞിട്ടുള്ളത്‌. ആദ്യമൊഴിയില്‍ പറയാതെ പിന്നീട്‌ മൊഴി നല്‍കിയത്‌ വിശ്വസിക്കാനാവില്ലെന്നു ജഡ്‌ജി നിരീക്ഷിച്ചു. കാറിന്റെ ടയര്‍ പൊട്ടിയാണോ അപകടം ഉണ്ടായത്‌ അതോ അപകടം നടന്നതിനുശേഷമാണോ ടയര്‍ പൊട്ടിയത്‌ എന്നതും വ്യക്തമല്ല. അപകടം നടന്നു രണ്ടുദിവസംകഴിഞ്ഞാണ്‌ അന്വേഷണത്തിന്റെ ഭാഗമായി സല്‍മാന്റെ രക്തം പരിശോധനയ്‌ക്ക്‌ എടുത്തത്‌. പരിശോധനാഫലം സല്‍മാന്റേതു തന്നെയാണോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.