Breaking News

Trending right now:
Description
 
Dec 05, 2015

വിദ്യാര്‍ഥികളുടെ നിയമലംഘന പ്രവണതകള്‍ ഒഴിവാക്കാന്‍ പദ്ധതി ആരംഭിക്കണം: ടി.ആര്‍.എ

image ആലപ്പുഴ: പട്ടണത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന നിയമലംഘന പ്രവണതകള്‍ ഒഴിവാക്കി ആരോഗ്യപരമായ ഒരു വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും തുടര്‍ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതി ആരംഭിക്കണമെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു.

സമൂഹത്തിലും പൊതുയിടങ്ങളിലും പൊതുജനങ്ങളോട് മാന്യമായും കരുണയോടെയും അഴിമതിരഹിതമായും എങ്ങനെ പെരുമാറണമെന്നു കുട്ടികളെ ചെറുപ്പം മുതല്‍ പഠിപ്പിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ വീടുകളേക്കാള്‍ പ്രാധാന്യം വിദ്യാലയങ്ങള്‍ക്കും അധ്യാപകര്‍ക്കുമുണ്ട്. കൂട്ടം ചേരുമ്പോഴുണ്ടാകുന്ന സാമൂഹ്യവിരുദ്ധ പ്രവണതകളും ആക്രമണസ്വഭാവങ്ങളും ധാരാളം കണ്ടുവരുന്നു. അത്തരം സാമൂഹ്യവിരുദ്ധ ഏര്‍പ്പാടുകളില്‍ നിന്നു പിന്തിരിപ്പിക്കാന്‍ തീര്‍ച്ചയായും അധ്യാപകര്‍ക്കാകും. കൗണ്‍സിലിംഗും ആവശ്യമായി വരാം.

ഇതിനായി പ്രത്യേക പ്രവര്‍ത്തന പദ്ധതി ആവിഷ്‌ക്കരിക്കുന്നത് ഉചിതമായിരിക്കും. അന്യരെ പരിഗണിക്കുക കൂടി ചെയ്യേണ്ട നന്മനിറഞ്ഞ മനോഭാവം വളര്‍ത്തിയെടുക്കുന്നതിനു പാഠ്യപദ്ധതിക്കു പുറമേ ഇത്തരം മോറല്‍ ക്ലാസുകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനു തുടര്‍നടപടികളും വേണം.

വഴിയിലും വാഹനമോടിക്കുമ്പോഴും പാലിക്കേണ്ട ഗതാഗത മര്യാദകള്‍, മദ്യ-പുകവലി-മയക്കുമരുന്നു ദൂഷ്യഫലങ്ങള്‍, ആള്‍ക്കുട്ടത്തിലും വിജനമായയിടങ്ങളിലും പെരുമാറേണ്ട രീതികള്‍, ആരോഗ്യ വര്‍ധനവ്, ശുചിത്വ മാര്‍ഗങ്ങള്‍, പ്രധാന നിയമങ്ങള്‍ തുടങ്ങിയവയിലെല്ലാം ബോധവത്കരണം നല്കണം. പ്രഥമശുശ്രൂഷയില്‍ പരിശീലനം ആവശ്യമാണ്. സാമൂഹ്യബന്ധം, സന്മാര്‍ഗം, ധര്‍മ്മനിഷ്ഠ, കരുണ, ചുമതലാബോധം, അച്ചടക്കം എന്നിവയില്‍ അധിഷ്ഠിതമായ ഭാവിതലമുറയെ വാര്‍ത്തെടുത്തു രാജ്യത്തിനു കൂടുതല്‍ പ്രയോജനപ്പെടുത്തുകയായിരിക്കണം ലക്ഷ്യം.

ഇക്കാര്യത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ നിലപാട് എത്രയും വേഗം അറിയിക്കണമെന്നു മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.മനോജ് കുമാര്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.