Breaking News

Trending right now:
Description
 
Dec 05, 2015

കല കാലത്തിന്റെ കണ്ണാടിയോ?

കാരൂര്‍ സോമന്‍ ചാരുംമൂട്‌
image കലയും കലാകാരനും കാലത്തെ ഉഴുതുമറിക്കുന്നവരാണ്‌. എന്നാല്‍, കേരളത്തിന്റെ മനസ്സും യശ്ശസ്സും ഉയര്‍ത്തിയ മലയാളത്തിന്റെ സ്വന്തം കലകളെ നാം മറന്നുകൊണ്ടേയിരിക്കുന്നു. ധാരാളം ദൃശ്യമാധ്യമങ്ങള്‍ കേരള മണ്ണില്‍ ഉണ്ടായിട്ടും അതിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഇന്നുള്ളവര്‍ക്കു കഴിയുന്നില്ല. വിശ്വകലയായി ഏ.ഡി. 1630-കളില്‍ രൂപമെടുത്ത കലകളുടെ രാജാവായി അറിയപ്പെട്ട കേരളത്തിന്റെ സ്വന്തം കഥകളി ഇന്ന്‌ വിസ്‌മൃതപ്പെട്ടു കൊണ്ടേയിരിക്കുന്നു. പുതിയ തലമുറയ്‌ക്ക്‌ കഥകളിക്ക്‌ രൂപവും ഭാവവും നല്‍കിയ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ അറിയില്ല, കൊട്ടാരക്കരത്തമ്പുരാനെ അറിയില്ല. അദ്ദേഹം രാമായണത്തെ എട്ടു ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിര്‍മ്മിച്ച രാമനാട്ടമാണ്‌ പില്‍ക്കാലത്തു കഥകളിയായി പരിണമിച്ചത്‌. നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്‌ജസ സമ്മേളനമാണ്‌ കഥകളി. ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്ങിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു.

കലകളുടെ പിതാവ്‌ കഥകളിയാണെങ്കില്‍ ചാക്യന്‍മാര്‍ അവതരിപ്പിക്കുന്ന കൂടിയാട്ടം മാതാവാണ്‌. ലോകപൈതൃകമായി യുനെസ്‌കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ്‌ കൂടിയാട്ടം. അഭിനയകലയ്‌ക്ക്‌ നൃത്തത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ കൂടിയാട്ടത്തിനെ `അഭിനയത്തിന്റെ അമ്മ` എന്നും വിശേഷിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന്‌ എണ്ണൂറ്‌ വര്‍ഷങ്ങളുടെ പഴക്കമെയുള്ളു. ഏറ്റവും പ്രാചീനമായ സംസ്‌കൃതനാടകരൂപങ്ങളിലൊന്നാണിത്‌. പൂര്‍ണരൂപത്തില്‍ ഒരു കൂടിയാട്ടം അവതരിപ്പിക്കാന്‍ 41 ദിവസം വേണ്ടിവരുമെന്ന്‌ അറിയുമ്പോഴാണ്‌ ഇതിന്റെ മഹത്വം വെളിപ്പെടുന്നത്‌. കൃഷ്‌ണനാട്ടം, കൂത്ത്‌, തെയ്യം, തിറ തുടങ്ങിയ കലകളൊക്കെയും ഇന്ന്‌ നമ്മുടെ സംസ്‌ക്കാരത്തില്‍ നിന്നും വേറിട്ട്‌ പോകുന്നു.

ഇതില്‍ മോഹനിയാട്ടത്തെ സ്വന്തം കാമുകിയെന്ന്‌ വേണമെങ്കില്‍ വിളിക്കാം. മോഹിനിയാട്ടം കേരളത്തിന്റെ തനത്‌ ലാസ്യനൃത്തകലാരൂപമാണ്‌. നാട്യശാസ്‌ത്രത്തില്‍ പ്രതിപാദിക്കുന്ന ചതുര്‍വൃത്തികളില്‍ ലാസ്യലാവണ്യസമ്പന്നമായ കൈശികീവൃത്തിയില്‍ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികള്‍. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തില്‍ കൂടുതലായി ആവിഷ്‌കരിക്കപ്പെടാറുള്ളത്‌. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്‌ത്രീയ സ്‌ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചുകാണുന്നു. കേരളീയക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്‌കരിച്ച രൂപമാണ്‌ മോഹിനിയാട്ടം. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്‌തയായ മോഹിനിയാട്ട നര്‍ത്തകിയായിരുന്നു. എന്നാല്‍ പുതിയ തലമുറയ്‌ക്കൊന്നും ഇതിനെക്കുറിച്ച്‌ യാതൊരു പിടിപാടുമില്ല.

മോഹിനിയെന്നാല്‍ സൗന്ദര്യത്തിന്റെ താജ്‌മഹല്‍ തീര്‍ക്കുന്നവള്‍ എന്ന്‌ അര്‍ത്ഥം. സാഹിത്യകാരന്റെ രചനകളില്‍ നിറഞ്ഞു നില്‍ക്കുന്ന വശ്യ സൗന്ദര്യമാണ്‌ മദാലസയായ മോഹിനിയിലുള്ളത്‌. അവളുടെ ഓരോ ചലനങ്ങളും രസാനുഭൂതിതലത്തില്‍ സംഗമിക്കുന്നു. മലയാളത്തനിമയുള്ള സ്‌ത്രീകളുടെ സൗന്ദര്യവിതാനം കസവുസാരിയിലെന്നപോലെ കൊട്ടും പാട്ടും കാലില്‍ ചിലങ്കയും കൈകളില്‍ വളകളും, കൈകളില്‍ മൈലാഞ്ചിയും, പുരികം, ചുണ്ടുകള്‍, കവിളുകള്‍, കണ്ണുകള്‍, സിന്ദൂരപ്പൊട്ടുകള്‍ എല്ലാംതന്നെ ആസ്വാദകഹൃദയങ്ങളെ ആകര്‍ഷിക്കുംവിധമാണ്‌ ഓരോ ചുവടുകളും മോഹനിയാട്ടം നൃത്തകലയില്‍ അവതരിപ്പിക്കുന്നത്‌.
കല കാലത്തിന്റെ കണ്ണാടിയാണോയെന്ന്‌ സൂക്ഷ്‌മതലത്തില്‍ നിരീക്ഷിച്ചാല്‍ ഈ നടനചാതുര്യമായ മോഹിനിയാട്ടത്തെ കൊമേഷ്‌സ്യല്‍ സിനിമകളും കലാ കച്ചവടക്കാരും തിന്നു കൊഴുക്കുമ്പോള്‍ പന്നിക്ക്‌ ചെവി കേള്‍ക്കില്ലെന്ന ഭാവത്തില്‍ മോഹിനിയുടെ കസവുസാരി അഴിച്ചുമാറ്റി ഒരു മുഴം തുണിയണിഞ്ഞ്‌ മിന്നിത്തെളിയുന്ന വര്‍ണ്ണ പ്രകാശത്തില്‍ അവളുടെ നടന ശരീരത്തെ അടയാളപ്പെടുത്തി പണക്കൊയ്‌ത്തുണ്ടാക്കുന്നു. വാസ്‌തവത്തില്‍ ദൃശ്യമാധ്യമങ്ങള്‍ കേരളീയ കലാരൂപങ്ങളോടു ചെയ്യുന്നത്‌ ധാര്‍മ്മികമായ അവഹേളനമാണ്‌. കഥകളിയുടെ കാര്യത്തിലും മോഹിനിയാട്ടത്തിന്റെ കാര്യത്തിലും സ്ഥിതി ഇതു തന്നെ. കൊമേഷ്‌സ്യല്‍ സിനിമ പരിഷ്‌ക്കരണം ഇത്തരം വഴിപിഴച്ച പോക്കിന്‌ നാന്ദിക്കുറിച്ചു എന്നു വേണം പറയാന്‍.

കേരളത്തിന്റെ സ്വന്തം സംസ്‌കൃതകലകള്‍ക്ക്‌ ലഭിച്ച ഈ ചാട്ടവാറടി പുതു തലമുറയുടെ സംഭാവനയാണ്‌. അക്കൂട്ടത്തില്‍ മദ്യം, മയക്കുമുരന്ന്‌, ബലാല്‍സംഗം, ഗുണ്ടായിസം, അഴിമതി, അന്യായം തുടങ്ങിയ ധാര്‍മ്മികച്യുതികള്‍ കൂടി സംഭവിക്കുമ്പോള്‍ കലയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിക്ക്‌ പോലും കണ്ണു കാണാന്‍ കഴിയുന്നില്ലെന്നതാണ്‌ സത്യം. കലാമൂല്യമിടിഞ്ഞ്‌ ഇന്നത്തെ കലയെന്ന നിലയില്‍ നമ്മുടെ സിനിമ പേരുമാറ്റികഴിഞ്ഞു. വളര്‍ന്നുവരുന്ന കുട്ടികള്‍ ഈ കൃത്രിമ സൗന്ദര്യത്തിന്റെ മായാജാലത്തിനുള്ളില്‍ ആനന്ദത്തിന്റെ നിറനിലാവ്‌ കാണുന്നു. ജീവിത ദര്‍ശനമില്ലാത്ത ഇന്നത്തെ ബഹഭൂരിപക്ഷം കച്ചവട-സിനിമകള്‍ പ്രത്യേകിച്ചും യുവജനതയെ വഴിതെറ്റിക്കുന്നു. ഇന്‍ഡ്യയിലെ സെന്‍സര്‍ബോര്‍ഡിലുള്ളവര്‍ കാവ്യബോധമില്ലാത്ത രാഷ്‌ട്രീയ പ്രതിനിധികളായതിനാല്‍ അവരുടെ ഇത്തരം ധാര്‍മ്മികച്യുതികള്‍ക്ക്‌ നേരെ ജിഹ്വയാവുന്ന നാവ്‌ പൊക്കില്ല. ഒരു സ്‌ത്രീയുടെ ശരീരത്തെ കച്ചവടം ചെയ്യുന്നതില്‍ അവര്‍ക്ക്‌ കുറ്റബോധമില്ല. അവളുടെ ശരീരത്തെ ആഴത്തില്‍ കാണാനാണ്‌ ഇവര്‍ക്കും താല്‌പര്യം. മദ്യം ആരോഗ്യത്തിന്‌ ഹാനികരം എന്നെഴുതി കാണിച്ചു കൊണ്ടു മദ്യം കഴിപ്പിക്കുന്നു. പുകവലിക്കരുതെന്നു കാണിച്ചു കൊണ്ട്‌ പുകവലി കാട്ടി ക്യാന്‍സറിനെ വിലയ്‌ക്കെടുക്കുന്നു. ഇത്‌ ധാര്‍മ്മിക അധഃപതനത്തിന്റെ ദ്വന്ദഭാവമാണ്‌.

വാസ്‌തവത്തില്‍, ഇത്‌ ഇന്ത്യന്‍ രാഷ്‌ട്രീയഭരണത്തിന്റെ ഇരട്ടത്താപ്പ്‌ നയമാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. മറിച്ചായാല്‍ മദ്യരാജാക്കന്മാരില്‍ നിന്നുള്ള കോടിക്കണക്കായ കള്ളപ്പണം വിദേശ ബാങ്കുകളില്‍ എത്തില്ല. മദ്യം വിലക്കപ്പെട്ട കനിയെങ്കില്‍ അതു പൂര്‍ണ്ണമായും നിരോധിക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ, യുവജനങ്ങള്‍ക്ക്‌ ആവശ്യമായി വിധത്തില്‍ മദ്യപിക്കാനുള്ള മദ്യശാലകള്‍ തുറന്നു നല്‍കുകയാണോ വേണ്ടതെന്ന്‌ നമ്മുടെ അധികൃതര്‍ രണ്ടു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇവിടെ മാര്‍ക്‌സ്‌ ഒക്കെ ചൂണ്ടിക്കാട്ടിയതു പോലെ സ്ഥിതി സമത്വമില്ലെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്തരം ദുര്‍നടത്തത്തിനു വിധേയരാവുന്നവരിലേറെയും താഴേക്കിടയിലുള്ള ദുര്‍ബലരാണ്‌. മദ്യത്തിനും മയക്കുമരുന്നിനും കീഴടങ്ങി വീടുകളില്‍, റോഡുകളില്‍ മയങ്ങി വീഴുന്നതും മരിക്കുന്നതൊന്നും സമ്പന്നവര്‍ഗ്ഗത്തില്‍പ്പെട്ടവരല്ല. അതുപോലെ സിനിമകളില്‍ കാണുന്ന വൈകൃത ലൈംഗീകത, ബലാല്‍സംഗങ്ങള്‍, മയക്കുമരുന്നുകള്‍ കുട്ടികളുടെ മനസ്സുകളില്‍ ആഴത്തില്‍ വേരുന്നുന്നവയാണ്‌.

ഈ സിനിമകളും അധികാരത്തിന്റെ അഹങ്കാരവും കൂട്ടുകച്ചവടങ്ങളും സമൂഹത്തിനെന്നും ഒരു വിപത്തുതന്നെയാണ്‌. ഈ വിപത്തിനെയാണ്‌ നാം കണ്ടില്ലെന്നു നടിക്കുന്നത്‌. സത്യത്തിന്റെയും മാനവമൂല്യങ്ങളുടെയും മൈതാനത്തിലൂടെ ഇവര്‍ എന്നാണ്‌ സഞ്ചരിക്കുക! ഇവര്‍ അക്ഷരത്തില്‍ നിന്ന്‌ അക്കത്തിലേക്ക്‌ മാറിയത്‌ എന്തിനാണ്‌?

സാഹിത്യത്തിന്‌ മാധ്യമം ഭാഷയെങ്കില്‍ ഇന്നത്തെ കച്ചവട സിനിമകള്‍, നടീനടന്‍മാരുടെ മാധ്യമമായി മാറിക്കൊണ്ടിരിക്കുന്നത്‌ ദൃശ്യമാധ്യമങ്ങളാണ്‌. മദ്യകച്ചവടത്തിലെ ലാഭ കച്ചവടംപോലെയാണ്‌ ഈ കൂട്ടര്‍ തമ്മിലുള്ള കൂട്ടുകച്ചവടം. ഇന്നും ജനങ്ങള്‍ കറന്നെടുക്കുന്ന ഒരു കറവപ്പശുവായി മാറിയിരിക്കുന്നു. ആ പാല്‍ കുടിച്ചും ഈ സമ്പന്നര്‍ കൊഴുത്തു തടിക്കുന്നു. അക്ഷരത്തെക്കാള്‍ സാഹിത്യത്തെക്കാള്‍ കച്ചവടസിനിമകള്‍ക്കും പ്രചുര പ്രചാരം കൊടുക്കുന്നു. ജാതിമത ഭരണത്തില്‍ അരങ്ങുവാഴുന്നവര്‍, സമൂഹത്തില്‍ കാണുന്ന ഈ അരാഷ്‌ട്രീയ, ജീര്‍ണ്ണിച്ച അവിശുദ്ധകൂട്ടുകച്ചവടങ്ങള്‍ക്ക്‌ എന്നാണ്‌ ഒരന്ത്യമുണ്ടാകുക? ചാനലില്‍ ഒരു മത്സരമുണ്ടായാല്‍ അവിടെ പഠിപ്പിക്കുന്നത്‌ സിനിമയാണ്‌. ഈ സിനിമയില്‍ ആര്‌ അഭിനയിച്ചു, ആരാണ്‌ സംവിധായകന്‍, ഇതില്‍ നിന്ന്‌ എന്തു വിജ്ഞാനമാണ്‌ സമൂഹത്തിനുള്ളത്‌? അറിവില്ലാത്തവന്‍ ചാനല്‍ മുതലാളിയായാല്‍ ഇതല്ല ഇതിനപ്പുറമുണ്ടാകും. സഫാരിപോലുള്ള ചാനലുകളൊഴിച്ചാല്‍ എല്ലായിടത്തും നടീനടന്‍മാരെ മുത്തംവെച്ച്‌ ഓമനിക്കുന്നു. അത്‌ ചാനലുകളില്‍ മാത്രമല്ല സാഹിത്യസംസ്‌കാരിക രാഷ്‌ട്രീയ വേദികളില്‍പോലും പ്രകടമാണ്‌. ഇതൊക്കെ കണ്ടും കേട്ടുമിരിക്കുന്ന ഒരുപറ്റമാളുകള്‍ ഈ ഭാഷയെ, പ്രകൃതിയെ, മണ്ണിനെ, ജനാധിപത്യത്തെ ചൂഷണം ചെയ്യുന്നവരെ മനസ്സിലാക്കുന്നുണ്ട്‌. ജനഹൃദയങ്ങളില്‍ നന്മകള്‍ വേരോടിക്കാനല്ല ഈ കൂട്ടരുടെ ശ്രമം മറിച്ച്‌ തട്ടികൂട്ടിയുണ്ടാക്കുന്ന ചാനല്‍ മസാല പരിപാടികള്‍, നിലവാരമില്ലാത്ത സീരിയലുകള്‍, സിനിമകള്‍ ജനങ്ങളില്‍ കുത്തി നിറയ്‌ക്കാനാണ്‌ ശ്രമം. ഇന്‍ഡ്യയില്‍ ധാരാളം നീറുന്ന പ്രശ്‌നങ്ങളായ ദാരിദ്ര്യം, പട്ടിണി, വിശപ്പ്‌, അഴിമതി, തൊഴിലില്ലായ്‌മയും അനുദിനം വളരുന്നതിനൊപ്പം ഈ തട്ടിക്കൂട്ടുമസ്സാല സാധനങ്ങള്‍ കൊടുത്തു അവരെ വീണ്ടും അറിവില്ലായ്‌മയിലേക്ക്‌ വഴി നടത്തുന്നു. സിനിമയും-സീരിയലുകളും ഒരു വ്യാപാരമായതുപോലെ ചാനലുകളും ഒരു വ്യാപാരസംഘടനയായി മാറിയിരിക്കുന്നു. ചാനലുകളില്‍ ചര്‍ച്ച ചെയ്യുന്നത്‌ കച്ചവടസിനിമകളും അതിലെ നടീനടന്‍മാരുമാണ്‌. എന്നാല്‍ സാഹിത്യമോ സാഹിത്യകാരന്‍മാരോ, പ്രകൃതിയോ, കൃഷിയോ, ശാസ്‌ത്രമോ ശാസ്‌ത്രകാരന്‍മാരെയോ കാണാനില്ല. കാഴ്‌ചക്കാരില്‍ ലഹരിയും പ്രണയ ലൈംഗീകതയും നിറച്ചാല്‍ കാശുണ്ടാക്കാം അതാണ്‌ അവരും ലക്ഷ്യമിട്ടിരിക്കുന്നത്‌. കാലത്തിന്‌ പറ്റിയ കോലങ്ങള്‍! അറിവില്‍ അജ്ഞരും നിസ്സഹായരുമായ മനുഷ്യരെ മായാജാലംപോലുള്ള സിനിമകള്‍ കാണിച്ചല്ല ബോധവാന്‍മാരാക്കേണ്ടത്‌. അവര്‍ക്ക്‌ അറിവിന്റെ ലോകം തുറന്നുകൊടുക്കണം എങ്കിലേ കാലത്തിന്റെ കണ്ണാടിയായി കലകളെ മാധ്യമങ്ങളെ കാണാന്‍ കഴിയൂ.