Breaking News

Trending right now:
Description
 
Dec 03, 2015

ആലപ്പുഴയിലെ ഗതാഗതവും കാല്‍നടയാത്രയും സുഗമമാക്കാന്‍

റോഡുകളിലും നടപ്പാതകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം:ടി.ആര്‍.എ
image ആലപ്പുഴ: പട്ടണത്തിലെ റോഡുകളില്‍ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും അപകടരഹിതമായും സുഗമമായും സഞ്ചരിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അധികൃതരോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു.

പട്ടണത്തില്‍ കാല്‍നടക്കാര്‍ക്കാവശ്യമായ നടപ്പാതകള്‍ ആവശ്യത്തിനില്ല. പ്രായമായവരേയും കുട്ടികളെയും ശാരീരികമായും മാനസികമായും അവശത അനുഭവിക്കുന്നവരെയും ആരും പരിഗണിക്കുന്നില്ല. തകരുന്ന റോഡുകള്‍ ഉടനുടനെ നന്നാക്കുന്നില്ല. റോഡുകളും ഉള്ള നടപ്പാതകളും വഴിവാണിഭക്കാരും കൈയേറ്റക്കാരും കൈയടക്കിയിരിക്കുകയാണ്. അനധികൃത നിര്‍മിതികളും ഓട്ടോറിക്ഷ-ടാക്‌സി കാര്‍ പാര്‍ക്കിംഗും സംഭരണവും ബോര്‍ഡുകളും കാരണം കാല്‍നടക്കാര്‍ റോഡിലേക്കിറങ്ങി നടക്കേണ്ടി വരുന്നതു മൂലം ദിവസവും ഏറെ അപകടങ്ങളുണ്ടാകുന്നുണ്ട്. സംഘടിതരും മുഷ്ടിബലവുമുള്ള ന്യൂനപക്ഷത്തിന്റെ ഇടുങ്ങിയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അംസംഘടിതരായ ബഹു ഭൂരിപക്ഷം വരുന്ന പൊതുജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ബലികഴിക്കരുത്. ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് പട്ടണത്തില്‍ സൈക്കിള്‍ ഉപയോഗിക്കുന്നത്. മലിനീകരണം ഇല്ലാത്ത സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

റോഡ് വാഹനഗതാഗതത്തിനും നടപ്പാതകള്‍ കാല്‍നടക്കാര്‍ക്കും എന്ന പൊതു തത്വം നടപ്പാക്കുക എന്നതു മാത്രമാണ് ആവശ്യം. അതിന്റെ ഭാഗമായി റോഡും നടപ്പാതയും തടസ്സപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും നീക്കം ചെയ്യണം:

>റോഡും നടപ്പാതയും കാണകളുടെ മുകളും തടസരഹിതമാക്കുക
>വഴിവാണിഭം നിരോധിക്കുക
>കച്ചവടം കടയുടെ ഷട്ടറിനുള്ളില്‍ മാത്രമാക്കുക
>കടകളുടെയും കെട്ടിടങ്ങളുടെയും ഏച്ചുകെട്ടലുകള്‍ നീക്കം ചെയ്യുക
>ബോര്‍ഡുകളും ബാനറുകളും കൊടികളും തോരണങ്ങളും മാറ്റുക
>വഴിവശങ്ങളിലെ കാടുംപടലും വള്ളികളും നീക്കം ചെയ്യുക
>റോഡിലെ സംഭരണം അനുവദിക്കാതിരിക്കുക
>താഴ്ന്നു കിടക്കുന്ന കേബിളുകള്‍ ഉയര്‍ത്തി കെട്ടിക്കുക
>റോഡിനൊപ്പം വശങ്ങളുടെ ഉയരവും ക്രമപ്പെടുത്തുക
>വഴിമുടക്കികളായി കിടക്കുന്ന വാഹനങ്ങളും യന്ത്രസാമഗ്രികളും നിര്‍മാണ ഉപകരണങ്ങളും നീക്കം ചെയ്യുക
>കല്ലുകളും തൂണുകളും അനധികൃത നിര്‍മിതികളും പൊളിച്ചുമാറ്റുക
>ആവശ്യമായ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുക
>റോഡുകളില്‍ രേഖകള്‍ വരയ്ക്കുകയും റിഫഌക്ടറുകളും ബാരിയറുകളും സ്ഥാപിക്കുകയും ചെയ്യുക
>ആവശ്യമായ പ്രവൃത്തി സ്ഥലവും പാര്‍ക്കിംഗ് സൗകര്യവും ഉള്ളവര്‍ക്കു മാത്രം വാണിജ്യ, വ്യാപാര, സേവന ലൈസന്‍സ് അനുവദിക്കുക
>ഒരേ സമയം കൂടുതല്‍ വാഹനങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യേണ്ടയിടങ്ങളില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗിനുള്ള സഹായം നല്കുക
>റോഡുവക്കിലിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുക
>ബസ് ബേകള്‍ ഏര്‍പ്പെടുത്തുക
>ജംഗ്ഷനുകളിലും പാലങ്ങളുടെ കയറ്റിയിറക്കങ്ങളിലുമുള്ള ബസ് സ്റ്റോപ്പുകള്‍ തടയുക
>അശാസ്ത്രീയമായ വണ്‍വേകളും നോ റെറ്റ്‌ടേണും നീക്കി വാഹനങ്ങളുടെ ഇന്ധനനഷ്ടവും അനാവശ്യ കുരുക്കുകളും ഒഴിവാക്കുക
>ഉത്സവകാലങ്ങളില്‍ റോഡില്‍ ഗതാഗതം നിരോധിച്ചു താത്കാലിക കടകള്‍ സ്ഥാപിക്കാനും റോഡു കുഴിച്ച് കമാനങ്ങളും ഗോപുരങ്ങളും കെട്ടാനും അനുമതി നല്കാതിരിക്കുക
>സാധ്യമായ റോഡുകളില്‍ സൈക്കിള്‍ ട്രാക്ക് രേഖപ്പെടുത്തുക
>സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള തുറന്ന സ്ഥലങ്ങള്‍ അവരുടെ പാര്‍ക്കിംഗിനായി ഉപയോഗിക്കാന്‍ നിര്‍ദേശിക്കുക
>ഡ്രൈവര്‍മാരുടെ കണ്ണിലേക്ക് അടിക്കുന്ന വിധത്തില്‍ തിരിച്ചുവച്ചിട്ടുള്ള സ്ട്രീറ്റ് ലൈറ്റുകളും അലങ്കാര ലൈറ്റുകളും നീക്കം ചെയ്യുക

ഈ വിഷയത്തില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കളക്ടര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, ജില്ലാ പോലീസ് മേധാവി, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, പി.ഡബ്ലിയു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ തുടങ്ങിയവര്‍ക്കാണ് നിവേദനം നല്കിയിട്ടുള്ളത്.

ഫോട്ടോ:

വഴിമുടക്കി... ആലപ്പുഴ പട്ടണത്തിലെ റോഡുവക്കുകളിലൂടെ കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാനാകാത്ത തടസ്സങ്ങളാണ്. സിവില്‍ സ്‌റ്റേഷന്‍ അനക്‌സിനു തൊട്ടു മുന്നിലുള്ള ഗതാഗതത്തിരക്കേറിയ റോഡിനു വശത്ത് വര്‍ഷങ്ങളായി തുരുമ്പു പിടിച്ചു ദ്രവിച്ചു കിടക്കുന്ന റോഡ് റോളര്‍.