Breaking News

Trending right now:
Description
 
Dec 26, 2012

ഡല്‍ഹി പ്രതിഷേധക്കാരോട്‌ അരുന്ധതി റായി; കൂട്ട ബലാത്സംഗം ഇന്ത്യന്‍ ഭരണകൂത്തിന്റെ ആയുധം

image സൈന്യത്തിന്റെ ഉത്തരവാദിത്വത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടം ബലാത്സംഗത്തെ ആയുധമായി ഉപയോഗിക്കുന്നുണ്ട്‌. അതില്‍ പ്രതിഷേധിക്കാത്ത ഇന്ത്യക്കാര്‍ ഇന്ന്‌ ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധ കൊടുങ്കാറ്റ്‌ ഉയര്‍ത്തുന്നതില്‍ അതിശയമുണ്ടെന്ന്‌ പ്രശസ്‌ത എഴുത്തുകാരി അരുന്ധതി റായി. ദല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായത്‌ സമ്പന്ന കുടുംബത്തിലെ വ്യക്തിയായതുകൊണ്ടും പ്രതികള്‍ ടാക്‌സി ഡ്രൈവര്‍മാരായ സാധാരണക്കാരുമായതിനാലാണ്‌ ബഹളകോലഹലങ്ങള്‍ക്ക്‌ ഇത്ര ശക്തിയെന്ന്‌ ബ്രിട്ടീഷ്‌ ടെലിവിഷന്‍ ചാനലായ "ചാനല്‍ ഫോറുമായുള്ള അഭിമുഖത്തില്‍" അരുന്ധതി തുറന്നടിച്ചത്‌. 


കാശ്‌മീരിലും മണിപ്പൂരിലും സൈന്യം കൂട്ട ബലാത്സംഗത്തിനിരയാക്കിയ സ്‌ത്രീകളെ തനിക്ക്‌ നേരിട്ടു പരിചയമുണ്ടെന്നും അവര്‍ പറഞ്ഞു. അവരോടൊന്നും യാതൊരുവിധ എൈക്യദാര്‍ഢ്യവും കാണിക്കാത്തവര്‍ ദല്‍ഹി ബലാത്സംഗത്തിന്റെ പേരില്‍ തെരുവില്‍ ഇറങ്ങുന്നത്‌ ഉപരി വര്‍ഗ ഇരട്ടത്താപ്പെന്ന്‌ അവര്‍ പരിഹസിക്കുകയും ചെയ്‌തു.

പട്ടാളവും പോലീസും ഉന്നതരും ബലാത്സംഗം നടത്തുന്നുണ്ട്‌, അവരാരും ശിക്ഷിക്കപ്പെടുന്നില്ല. അക്രമങ്ങള്‍ക്ക്‌ ഇരയാകുന്ന ദലിത്‌ സ്‌ത്രീകള്‍ക്ക്‌ നീതി ലഭിക്കുന്നില്ല, ദല്‍ഹിയിലെ ഈ സംഭവം ചിലപ്പോള്‍ പുതിയ നിയമ നിര്‍മാണത്തിനു വഴിവെച്ചേക്കാം. പക്ഷേ അതിന്റെ ഗുണം സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക്‌ ലഭിക്കുമെന്ന്‌ ഇപ്പോഴത്തെ ഭരണ വ്യവസ്ഥ വച്ച്‌ പ്രതീക്ഷിക്കാനാവില്ലന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.