Breaking News

Trending right now:
Description
 
Dec 26, 2012

ആനപ്പുറവും ഇല്ലാതെ പോയ തഴമ്പും പാവം പാവം മുരളിയും

ജിജിമോള്‍ ഇ എസ്‌
image കേരളത്തിലെ പഴഞ്ചൊല്ലുകള്‍ക്ക്‌ ആനയുമായുള്ള ബന്ധം നിസാരമല്ല. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ല, അമ്മാവന്‍ ആനപ്പുറത്തിരുന്നാല്‍ മരുമോന്‌്‌ തഴമ്പ്‌ കാണില്ല, ന്റുപ്പാപ്പാന്‌ ഒരു ആനയുണ്ടായിരുന്നു.. ആനനടനം, ആനച്ചന്തം, എന്നുവേണ്ട ആനയെ ആക്ഷേപിക്കുകയും ആശ്ലേഷിക്കുയും ചെയ്യുന്ന എത്രയെത്ര പഴഞ്ചൊല്ലുകളും ഉപമകളും ഉല്‍പ്രേക്ഷകളും നമ്മള്‍ മലയാളികള്‍ക്ക്‌ ചിരപരിചിതമായിരിക്കുന്നു.

എന്നാല്‍, കെപിസിസി ഭാരവാഹി പട്ടിക പുറത്തു വന്നതോടെ കോണ്‍ഗ്രസില്‍ വീണ്ടും ആനക്കാര്യം ചര്‍ച്ചയ്‌ക്ക്‌ എടുത്തത്‌ മുരളീധരനാണ്‌. രമേശ്‌ ചെന്നിത്തല മുരളിയെ പേടിക്കാത്തത്‌ ആനപ്പുറത്തിരിക്കുന്നതു കൊണ്ടാണത്രേ. ആനപ്പുറത്തൂന്ന്‌ താഴെയിറങ്ങിയാല്‍ ഏത്‌ മുരളിയും രമേശിനെ ആക്രമിക്കുമെന്നും അതിന്റെ പരുക്കുകളില്‍ നിന്ന്‌ മോചിതനാകുവാന്‍ തന്നെപ്പോലെ അലഞ്ഞ്‌ നടക്കേണ്ടി വരുമെന്നും മുരളീനാദം കേരളക്കരയാകെ അലയടിച്ചു. ഈ ആനപ്പുറത്തിരുന്നുള്ള തഴമ്പുള്ള മുരളി പറയുമ്പോള്‍ അതില്‍ കാര്യമുണ്ടെന്ന്‌ ജനത്തിന്‌ ഊഹിക്കാം

പണ്ട്‌, പിതാവിന്റെ തോളത്തിരുന്ന്‌ യാത്ര ചെയ്‌തിരുന്ന നല്ല കാലത്ത്‌ താന്‍ രമേശിനെയും ഉമ്മച്ചനെയും ഒന്നും പേടിച്ചിരുന്നില്ല. എന്നാല്‍ കാലം മാറി ആനപ്പുറത്തൂന്ന്‌ താഴെ ചാടിയ താന്‍ ഇന്ന്‌ ആനപ്പുറത്ത്‌ കയറാന്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുന്നത്‌ കണ്ട്‌ എല്ലാ കോണ്‍ഗ്രസുകാരും പാഠം പഠിക്കണമെന്ന്‌ ക്രിസ്‌മസിനു റിലീസായ ചാനല്‍ ഷോയില്‍ മുരളിയേട്ടന്‍ ലൈവായി പറഞ്ഞു.

ആനപ്പുറത്തൂന്ന്‌ വീണ താന്‍ അനുഭവിച്ച ദുരിതങ്ങള്‍ എണ്ണി എണ്ണി പറഞ്ഞ്‌ മുരളി സാര്‍ ഒരു നിമിഷം തേങ്ങി. എന്നാല്‍, പോകാന്‍ മറ്റു സ്ഥലങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ്‌ മുരളീയേട്ടന്‍ ഇവിടെ ത ന്നെ നില്‌ക്കുന്നത്‌. അതുകൊണ്ട്‌ ആനപ്പുറത്തു കയറിയാല്‍ മരണംവരെ അതില്‍ പിടിച്ചിരിക്കാനുള്ള മെയ്‌ വഴക്കവും എല്ലാ കോണ്‍ഗ്രസുകാരും പഠിക്കണമെന്നും മുരളീയേട്ടന്‍ പറഞ്ഞു. പിന്നെ ഇന്നത്തെ സാഹചര്യത്തില്‍ മലയാളത്തിന്‌ ക്ലാസിക്‌ പദവി കിട്ടിയാലും ഇല്ലെങ്കിലും എല്ലാ കോണ്‍ഗ്രസുകാരും തീര്‍ച്ചയായും ഹിന്ദി വിദ്വാനു ചേരണമെന്നും കുറഞ്ഞപക്ഷം ഇറ്റാലിയന്‍ ഭാഷ പഠിക്കണമെന്നുമാണ്‌ മുരളി സ്വജീവിതം സാക്ഷിയാക്കി വിശദീകരിച്ചത്‌. തൃശൂരുള്ള ചാക്കോച്ചേട്ടന്‍ മുരളീ കുടുംബ വക ഡിസിസി പ്രസിഡന്റ്‌ പദവി സ്വന്തമാക്കിയത്‌ ഇത്തരത്തിലുള്ള ഭാഷാവൈദഗ്‌ധ്യത്തിലാണത്രേ. രമേശാണെങ്കില്‍ യൂത്തായിരുന്ന കാലത്ത്‌ ഇന്ദിരാഗാന്ധിയുടെ യോഗത്തില്‍ പോലും ഹിന്ദിയില്‍ പ്രസംഗിക്കുന്ന പാര്‍ട്ടിയാണ്‌.

ചില അസൂയക്കാര്‍ മുരളീയേട്ടനെക്കുറിച്ച്‌ ചില അപവാദങ്ങള്‍ ഹിന്ദിയില്‍ പറഞ്ഞു പരത്തി. ആനപ്പുറത്തിരുന്നതു കൊണ്ട്‌ തഴമ്പു കാണില്ലെന്നും മറ്റുമായിരുന്നു ഈ അപവാദ വര്‍ത്തമാനം. ഈ കാര്യം നന്നായി മനസിലാക്കിയിട്ടുള്ള സോണിയ മാഡം മുരളിച്ചേട്ടനെയും കുടുംബത്തെയും തൂത്തെറിഞ്ഞുവെന്ന്‌ മറ്റൊരു വാദവും ഉണ്ട്‌. മരിച്ചുപോയ പിതാശ്രീയോട്‌ സോണിയ മാഡം വാക്കു പാലിച്ചില്ലെന്ന ്‌ ക്ലാസിക്‌ ഭാഷയായ മലയാളത്തില്‍ മുരളിയേട്ടന്‍ തന്റെ വിനീത അഭിപ്രായം പുറപ്പെടുവിച്ചത്‌. തൃശൂര്‍ ഡിസിസി ഭാരവാഹിത്വം തന്റെ പിതാവിന്റെ പിതൃസ്വത്താണെന്നും അത്‌ തങ്ങള്‍ക്ക്‌ വിട്ടു കിട്ടണമെന്നാണ്‌ മുരളിയേട്ടനും പെങ്ങള്‍ പത്മജചേച്ചിയുടെയും വാദം. ആ വാദം തള്ളികളയാന്‍ കോണ്‍ഗ്രസുകാര്‍ക്ക്‌ യാതൊരുവിധ അവകാശവുമില്ലെന്ന്‌ കേരള ജനത ഒന്നാകെ പറയുന്നത്‌. കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റു സ്ഥാനം വര്‍ഷങ്ങളായി നെഹ്‌റു കുടുംബത്തിന്റെ സ്വകാര്യ സിംഹാസനമാണ്‌. അതിനെതിരെ ഹിന്ദി അറിയാവുന്ന ഒറ്റ കോണ്‍ഗ്രസ്‌ നേതാക്കള്‍ കമാന്ന്‌ മിണ്ടില്ല. മിണ്ടിയാല്‍ ആനപ്പുറത്തൂന്ന്‌ താഴെ കിടക്കുമത്രേ.

പണ്ട്‌ കാലത്ത്‌ സേവാദള്‍ തൊപ്പിയിട്ടും സഫാരി സ്യൂട്ടണിഞ്ഞും നടന്നിരുന്ന കാലത്ത്‌ നാല്‌ നല്ല ഹിന്ദി പഠിക്കാതെ പോയതില്‍ മുരളീധരന്‍ ഇന്ന്‌ ശരിക്കും ദു:ഖിക്കുന്നുണ്ട്‌്‌.

ഹിന്ദിയൊന്നും വശമില്ലെങ്കിലും കാര്യങ്ങള്‍ നടത്തിയെടുക്കുന്നതു കാണണമെങ്കില്‍ കണ്ണൂര്‌ ചെല്ലണം. സുധാകരന്‍ ചോദിച്ചാല്‍ രമേശ്‌ജിയും ഉമ്മന്‍ സാറുമൊക്കെ എന്തും നല്‌കും. തണ്ടും തടിമിടുക്കുമുണ്ടെങ്കില്‍ സ്വന്തം ഫോട്ടോസ്‌റ്റാറ്റിനെത്തന്നെ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ അവരോധിക്കാമെന്ന്‌ കണ്ണൂരില്‍ സുധാകരന്‍ തെളിയിച്ചു. പാവം സുധാകരന്റെ ഉള്ളിലെ സ്‌ഫോടനങ്ങള്‍ സിപിഎമ്മുകാരേക്കാല്‍ നല്ലപോലെ അറിയാവുന്നവരാണല്ലോ ഇപ്പോള്‍ ആനപ്പുറത്തിരിക്കുന്നത്‌.

എട്ടു വര്‍ഷമെടുത്ത്‌ രമേശ്‌ ചിലരെ ആനത്തോട്ടിയ്‌ക്ക്‌ വലിച്ചു താഴെയിടാനും ചിലരെ തുമ്പിക്കൈയില്‍ ഇരുത്തി ആനപ്പുറത്തേയ്‌ക്ക്‌ ആനയിക്കാനും. ആനപ്പുറത്തൂന്ന്‌ വീണവരെ ചികിത്സിക്കാന്‍ ആന വൈദ്യന്മാര്‍ നിരനിരയായി കാത്തു നില്‌ക്കുന്നുവെന്ന്‌ സമാശ്വസിച്ച്‌ രമേശ്‌ജിയും ഉമ്മന്‍ സാറും മട്ടണ്‍ ബിരിയാണി കഴിച്ച്‌ ഇത്തവണത്തെ ക്രിസ്‌മസ്‌ സമംഗളം ആഘോഷിച്ചു. ആനപ്പുറത്തിരിക്കുന്നവര്‍ക്കും ആനപ്പുറത്തൂന്ന്‌ വീണവര്‍ക്കും പണ്ട്‌ ആനപ്പുറത്ത്‌ ഇരുന്നവര്‍ക്കും ഇനിയും ആനപ്പുറത്ത്‌ കയറുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എട്ടോ പത്തുവര്‍ഷം കാത്തിരിക്കാന്‍ ക്ഷമയുണ്ടാകട്ടെയെന്ന്‌ പുതുവര്‍ഷത്തില്‍ ആശംസിക്കുന്നു.