Breaking News

Trending right now:
Description
 
Nov 27, 2015

സദാചാരികളുടെ ലിറ്റ്മസ് ടെസ്റ്റില്‍ ചുവന്ന പെണ്ണുങ്ങള്‍!

ഷീബഷിജു
image

ഉമ്മവച്ചവരെയല്ല, ചുംബനത്തേയും സദാചാര ഫാസിസത്തിനെതിരെ ആയുധമാക്കാം എന്നുകാണിച്ചു തന്ന സമരത്തെയാണ് അന്ന് പിന്തുണച്ചത്. ഇന്നും അതിനു മാറ്റം ഒന്നുമില്ല. ആ സമരത്തെ മാത്രമല്ല അതിന്റെ ചുവടുപിടിച്ചു ഉണ്ടായിവന്ന സമരങ്ങളെയും, ഭാവിയില്‍ ഉണ്ടായി വരാവുന്ന ജാതി മത വര്‍ഗ്ഗാധിപത്യങ്ങള്‍ക്കെ-തിരായുള്ള എല്ലാത്തരം പ്രതിഷേധങ്ങളെയും യുക്തിഭദ്രമെങ്കില്‍ അംഗീകരിച്ചു പിന്തുണയ്ക്കുന്നതില്‍ തെറ്റുമില്ല. സമരം കണ്ടു നിന്നവര്‍ക്കും,സമരത്തില്‍ പങ്കെടുത്തവര്‍ക്കും കുറ്റം ചെയ്താല്‍ ഇരട്ട നീതിയില്ല, നിയമത്തിന്റെ നീതിയില്‍ ശിക്ഷയും രക്ഷയും എല്ലാവര്ക്കും തുല്യമാണ് എപ്പോളും ഉറച്ചു വിശ്വസിക്കുന്നു. എങ്കില്‍തന്നെയും ഇക്കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകള്‍ വായിച്ചും കേട്ടും അറിഞ്ഞപ്പോള്‍ തോന്നിയ ചില സംശയങ്ങളും വിയോജിപ്പുകളും പങ്കുവയ്ക്കുകയാണ്.

*മുഖം മായിച്ച രൂപത്തിലെങ്കിലും കുഞ്ഞുങ്ങളുടേതുള്‍പ്പെടെ ഗ്രാഫിക്സ് ആയി ആവര്‍ത്തിച്ചു കാണിച്ച ചില ചിത്രങ്ങള്‍, പീഡോഫീലിയയുടെ അപകടത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍പ്പോലും ആവര്‍ത്തിച്ചു തെളിഞ്ഞു വന്നു കൊണ്ടേയിരുന്നു. ആരോപണത്തില്‍ ഉള്‍പ്പെട്ട പെണ്‍ശരീരത്തിന്റെ അകമ്പടിയോടെമാത്രം ആണ് ഭൂരിഭാഗം വാര്‍ത്തകളും നവ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും കണ്ടത്. ഫ്രാന്‍സ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ശരീരം പ്രദര്‍ശിപ്പിക്കാതെ അന്നാട്ടിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ നടത്തിയ വാര്‍ത്താറിപ്പോര്‍ട്ടിങ്ങിനെ വാനോളം പുകഴ്ത്തി മാദ്ധ്യമമാന്യതയുടെ ഉദാഹരണമായി വാഴ്ത്തിയതിന്റെ ഓര്‍മ്മ മായുന്നതിന് മുന്നേതന്നെയാണ് ഇതെന്നതു കൌതുകമുളവാക്കുന്നു.

*പതിവുപോലെ വിറ്റവരെ മാത്രമേ എല്ലായിടവും കാണാന്‍ കഴിഞ്ഞുള്ളൂ. ലക്ഷങ്ങള്‍ കൊടുത്തു ചില മണിക്കൂറുകളെ വാങ്ങിയവരെ ആരെയും കുറിച്ച് ഒന്നും അറിയാന്‍ കഴിഞ്ഞില്ല. അന്വേഷിക്കുന്നു എന്ന പതിവ് മറുപടി കിട്ടുന്നുണ്ട്‌. സ്വാഭാവികമായും തോന്നിയ സംശയം ഇത്രയും മാസങ്ങളായി ഡിജിറ്റല്‍ തെളിവുകള്‍ ഒക്കെ ശേഖരിച്ചു നടത്തിയ അന്വേഷണത്തില്‍ വിറ്റവരെ കണ്ടെത്തിയിടത്ത് വാങ്ങിയവരെക്കൂടി കാണാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാവും!

*ഇന്റര്‍നെറ്റ് സര്‍വ്വേകള്‍ പ്രകാരം പോണ്‍ സൈറ്റുകള്‍ തിരഞ്ഞുപോവുന്നതും കയറിയിറങ്ങുന്നതുമായ കേരളീയര്‍, എണ്ണത്തില്‍ വളരെ കൂടുതല്‍ ആണ്. അപ്പോളും പ്രായഭേദമോ ലിംഗ വ്യത്യാസമോ ഇല്ലാതെ കുട്ടികളുടെ പോലും ഫോട്ടോകള്‍ കണ്ട് ലൈംഗിക ചുവയുള്ള കമന്റിലൂടെയും അതിന്‍റെ വായനയിലൂടെയും പോലും ഉത്തേജിതരാവാന്‍ കഴിയുന്ന ആയിരങ്ങള്‍ ഉണ്ടെന്നുള്ളതിന്റെ പ്രത്യക്ഷ തെളിവാണ് എഫ്.ബിയില്‍ ഉള്ള അത്തരം ചില പേജുകള്‍. ലൈക്കിന്റെയും ഷെയറിന്‍റെയും എണ്ണം പരിശോധിച്ചാല്‍ സദാചാരമൂല്യങ്ങള്‍ക്ക് വേണ്ടി ഘോരഘോരം വാദിക്കുന്ന ഭൂരിപക്ഷത്തില്‍പ്പെട്ടവരെല്ലാം നല്ലവരും, മറുഭാഗത്ത് സദാചാര ഫാസിസത്തിന് എതിരെ പ്രതിഷേധിക്കുന്ന ന്യൂനപക്ഷം മാത്രമാണ് സംശയത്തിന്റെ നിഴലിലും എന്ന വാദം ദഹിക്കാന്‍ പ്രയാസമുണ്ട്.

*പഴമയ്ക്ക് മാത്രമാണ് മൂല്യം എന്ന് കൂടുതല്‍ പേരും വാദിക്കുന്നു. തര്‍ക്കമില്ല, ശരിയായിരിക്കാം. പക്ഷെ ചിലപ്പോളെങ്കിലും ശരി വിവിധതലസ്പര്‍ശിയാവാം. ചക്കരക്കാപ്പി കുടിച്ചു മൂടിപ്പുതച്ചു കിടന്നാല്‍ പനി മാറുമെങ്കിലും, പാരസെറ്റാമോള്‍ വിഴുങ്ങി പണിക്കു പോയില്ലേല്‍ ലീവ് കൂടുതല്‍ എടുത്തതിനു ജോലിപോയേക്കാം എന്ന് പറയുമ്പോലെ. ഇക്കാലത്ത് സ്ത്രീകള്‍ വീട്ടകങ്ങളില്‍ നിന്നും പുറത്തേയ്ക്ക് ധാരാളമായി വന്നു നിറയുന്ന തെരുവിന് എകതന്മാത്രാഭാവം നഷ്ടപ്പെട്ടിരിക്കുന്നു. അത്തരം അവസരങ്ങളില്‍ കൂടിച്ചേര്‍ന്നുള്ള ഇടപഴകലുകള്‍ അനിവാര്യതയാണ്. പാരമ്പര്യവാദത്തിന്റെ ചൂരലുമായി കന്നുകാലികളെ അടിച്ചുമേയിക്കുംപോലെ കൂടുകളിലേയ്ക്ക് മടക്കാന്‍ ഇറങ്ങുന്നവര്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറു പ്രതിഷേധങ്ങള്‍ പോലും ഒറ്റത്തൂവല്‍ കൊഴിച്ചിട്ട് സാനിധ്യം അറിയിച്ചുള്ള പെണ്‍കുതിപ്പുകളാണ്. പെണ്ണുങ്ങള്‍ കൂടി ഉള്‍പ്പെടുന്ന എന്തിനോടും മൂല്യങ്ങളുടെ മാറാപ്പും ചുമന്നു പിറകിലേയ്ക്ക് നടക്കാന്‍ പറയുന്നവരോട് കുഴിയാനകളധികവും തുമ്പികളായിക്കഴിഞ്ഞെന്ന് മാത്രമേ പറയാനുള്ളൂ.

*'അമ്മ മലയാളത്തിന് തെരുവില്‍ നഷ്ടമായ മൂല്യം തിരിച്ചുകിട്ടിയ ആഹ്ലാദം എല്ലാരും ഓണ്‍ലൈനിലും ചാനലിലും പൂത്തിരി കത്തിച്ചു പങ്കുവയ്ക്കുമ്പോളും നിനക്കെന്താ സന്തോഷം തോന്നാത്തേന്നാ... ഇപ്പോളെങ്കിലും നന്നായില്ലേല്‍ ഇനിയെന്നാന്നാ...' ഇങ്ങനെയൊക്കെ ചോദിക്കുന്നവരോട് പറയാനുള്ളത്:

ആര്‍ത്തവമുള്ള പെണ്ണിനെ കണ്ടെത്താന്‍ സ്കാനിംഗ് യന്ത്രം കിനാവ്‌ കാണുന്നവരുടെ പൊട്ടക്കിണര്‍ ലോകമേ, തെറിപ്പാട്ടുകളിലൂടെയും ദ്വയാര്‍ത്ഥ തമാശകളിലൂടെയും സാമാന്യവല്‍ക്കരിച്ച് നിങ്ങള്‍ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന സദാചാരത്തിന്റെ മൂല്യങ്ങള്‍ ഫീഡ് ചെയ്ത്, പിഴകളായ (നിങ്ങളുടെ കപട അളവുകോലുകള്‍ പ്രകാരം) പെണ്ണുങ്ങളെ കാണുമ്പോള്‍ കൂവുന്ന മെഷീന്‍ കൂടി ഉണ്ടാക്കാന്‍ ശ്രമിക്കൂ. അപ്പോള്‍ നിരന്തരം ഇങ്ങനെ ഓരോരുത്തരോടും ചോദിച്ചു കഷ്ടപ്പെടേണ്ടി വരില്ല. എന്തായാലും ചുംബനസമരം പിന്തുണച്ച പെണ്ണുങ്ങളൊന്നും നന്നല്ല എന്നാണ് ചിലരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ അത്തരത്തിലായിപ്പോയ പെണ്ണുടപ്പെറന്നതുങ്ങളുടെ അപ്പോസ്തലപ്പുരയിലേയ്ക്ക് ഞാനും കുപ്പായം തയ്പ്പിക്കാന്‍ നോക്കട്ടെ!

sheebashij@gmail.com