Breaking News

Trending right now:
Description
 
Nov 26, 2015

ടി.ആര്‍.എ ആവശ്യ പത്രിക: ആദ്യ ആഴ്ച കൗണ്‍സിലര്‍മാര്‍ എങ്ങനെ പരിഗണിച്ചു?

image ആലപ്പുഴ: തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ ആലപ്പുഴ മുനിസിപ്പല്‍ തെരഞ്ഞെടുപ്പു പ്രമാണിച്ചു തത്തംപള്ളി, ജില്ലാ കോടതി വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്കു സമര്‍പ്പിച്ചതും ജയിച്ചു കൗണ്‍സിലര്‍മാരായവര്‍ക്കു ബാധകവുമായ ടി.ആര്‍.എ സന്തുഷ്ടി ആവശ്യ പത്രിക 2015 അനുസരിച്ചു ഒരാഴ്ചയ്ക്കുള്ളില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ എന്തു സംഭവിച്ചു? എന്തൊക്കെ പരിഗണിച്ചു നടപ്പാക്കി? തെരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കുന്ന 2015 നവംബര്‍ 17 മുതല്‍ 24 വൈകുന്നേരം അഞ്ചു വരെയായിരുന്നു ഒരാഴ്ച സമയം അനുവദിച്ചിരുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ സമയബന്ധിതമായി ചെയ്യേണ്ടിയിരുന്ന ആവശ്യങ്ങളും കൗണ്‍സിലര്‍മാരുടെ നടപടിയും:

1. പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കം ചെയ്തു മതിലുകള്‍ വൃത്തിയാക്കുക. 

> ഒരു സ്ഥാനാര്‍ഥിയും ആത്മാര്‍ഥമായി ഇതിനു തുനിഞ്ഞില്ല. ഭാഗികമായി മാറ്റാന്‍ തയാറായിട്ടുള്ളത് തത്തംപള്ളിയിലെ സ്ഥാനാര്‍ഥികളില്‍ ഒരാളായിരുന്ന ചാക്കോ താഴ്ചയില്‍ മാത്രം. മുഴുവനായി നീക്കം ചെയ്യാന്‍ സാധിക്കാതിരുന്നതില്‍ നേരിട്ടു ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇവ നീക്കം ചെയ്യണമെന്നു വീണ്ടും അധികൃതരോട് ആവശ്യപ്പെടും. തുടക്കം മുതല്‍ ഇക്കാര്യത്തില്‍ അധികൃതര്‍ തികഞ്ഞ അലംഭാവം കാട്ടുകയാണ്.

2. കൗണ്‍സിലര്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുക.

> ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങിയില്ല.

3. കൗണ്‍സിലര്‍മാരുടെ ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തുക.

> പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

4. ഇ-മെയിലുകള്‍ക്കും മറ്റും മറുപടി നല്കുക.

> നല്കി തുടങ്ങിയില്ല.

5. അതിര്‍ത്തി റോഡുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക.

> തത്തംപള്ളി, ജില്ലാ കോടതി വാര്‍ഡുകളുടെ അതിര്‍ത്തി റോഡുകളായ കിടങ്ങാംപറമ്പ് - കോര്‍ത്തശേരി റോഡും, കോര്‍ത്തശേരി കുരിശടി - തത്തംപള്ളി കുരിശടി റോഡും തത്തംപള്ളി കൗണ്‍സിലറായ (നിലവില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍) തോമസ് ജോസഫ് ഏറ്റെടുത്തു.

വര്‍ഷങ്ങളായി തര്‍ക്കവിഷയമായിക്കിടക്കുകയും അതിനാല്‍ അറ്റകുറ്റപ്പണികള്‍ നടത്താതിരിക്കുകയുമായിരുന്ന അതിര്‍ത്തി റോഡുകളുടെ കാര്യത്തില്‍ തീരുമാനമായത് ശുഭോദര്‍ക്കമാണ്. ജയിച്ചാല്‍ ഈ റോഡുകള്‍ ഏറ്റെടുക്കാമെന്നു തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ വ്യക്തമാക്കിയിരുന്നു.

ഒരാഴ്ചയ്ക്കുള്ളില്‍ ചെയ്യാവുന്ന (ഫലപ്രഖ്യാപനം നടത്തിയ ഏഴു കഴിഞ്ഞിട്ട് 17 ദിവസമായി) പണച്ചെലവില്ലാത്ത, നിസാര കാര്യങ്ങള്‍ പോലും കൗണ്‍സിലര്‍മാര്‍ ചെയ്യാത്തതില്‍ വോട്ടര്‍മാര്‍ക്ക് അമര്‍ഷമുണ്ട്. ചെറിയ കാര്യങ്ങള്‍ പോലും സമയബന്ധിതമായി ചെയ്യാത്തവര്‍ വലിയ കാര്യങ്ങള്‍ എങ്ങനെ കൃത്യമായി ചെയ്യുമെന്നാണ് പൊതുജനങ്ങളുടെ ചോദ്യം.

ഓണ്‍ലൈനില്‍ വായിക്കാം ടി.ആര്‍.എ ആവശ്യ പത്രിക:http://issuu.com/trabulletin/docs/tra_santhushti