Breaking News

Trending right now:
Description
 
Nov 19, 2015

ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സ്വര്‍ണ്ണനാണയവും സ്വര്‍ണ്ണക്കട്ടിയും വിപണിയില്‍

image മേക്ക്‌ ഇന്‍ ഇന്ത്യ ഉദ്യമത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഗവണ്‍മെന്റ്‌ ആദ്യമായി സ്വര്‍ണ്ണ നാണയവും സ്വര്‍ണ്ണ കട്ടിയും പുറത്തിറക്കി. ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വെച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ സ്വര്‍ണ്ണ നാണയവും സ്വര്‍ണ്ണക്കട്ടിയും പുറത്തിറക്കിയത്‌. 2015 ലെ ബജറ്റില്‍ അവതരിപ്പിച്ച ഗോള്‍ഡ്‌ റീഫോം പദ്ധതി പ്രകാരമാണ്‌ സ്വര്‍ണ്ണ നാണയവും സ്വര്‍ണ്ണക്കട്ടിയും സര്‍ക്കാര്‍ പുറത്തിറക്കുന്നത്‌.

24 കാരറ്റ്‌ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്വര്‍ണ്ണ നാണയത്തിന്റെയും സ്വര്‍ണ്ണക്കട്ടിയുടെയും ഒരു വശത്ത്‌ അശോകചക്രവും മറുവശത്ത്‌ മഹാത്മാഗാന്ധിയുടെ മുഖവും ആലേഖനം ചെയ്‌തിരിക്കുന്നു. തുടക്കത്തില്‍ 5, 10 ഗ്രാമുകളില്‍ മാത്രം വിപണിയിലെത്തുന്ന സ്വര്‍ണ്ണനാണയങ്ങള്‍, പിന്നീട്‌ കൂടിയ തൂക്കത്തിലും ലഭ്യമാക്കും. 20 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണക്കട്ടിയാണ്‌ ഇപ്പോള്‍ ഗവണ്‍മെന്റ്‌ പുറത്തിറക്കിയിരിക്കുന്നത്‌. യാതൊരു രീതിയിലുള്ള കൃതിമത്വവും നടത്താന്‍ സാധിക്കാത്ത വിധം ടാംമ്പര്‍ പ്രൂഫ്‌ പാക്കിംഗ്‌ ചെയ്‌താണ്‌ സ്വര്‍ണ്ണ നാണയവും സ്വര്‍ണ്ണക്കട്ടിയും വിപണിയിലെത്തുന്നത്‌.

ഇതോടെ അമേരിക്ക, ചൈന, കാനഡ, സൗത്ത്‌ ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ സ്വര്‍ണ്ണ നാണയവും സ്വര്‍ണ്ണക്കട്ടിയും ഉള്‍പ്പെടുന്ന 'ഗ്ലോബല്‍ ബാസ്‌ക്കറ്റ്‌ ഓഫ്‌ ഗോള്‍ഡ്‌ കോയിന്‍സ്‌ ആന്‍ഡ്‌ ബുള്ളിയന്‍സ്‌' ന്റെ ഭാഗമാകും ഇന്ത്യന്‍ സ്വര്‍ണ്ണ നാണയവും സ്വര്‍ണ്ണക്കട്ടിയും. യുകെ, യുഎസ്‌എ, സൗത്ത്‌ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ വിപണിയിലും ഇന്ത്യന്‍ സ്വര്‍ണ്ണ നാണയവും സ്വര്‍ണ്ണക്കട്ടിയും ലഭ്യമാകും. ഇന്ത്യയില്‍ മെറ്റല്‍സ്‌ ആന്റ്‌ മിനറല്‍സ്‌ ട്രേഡിംഗ്‌ കോര്‍പ്പറേഷന്റെ 15 ഔട്ട്‌ലെറ്റുകള്‍ വഴിയാണ്‌ സ്വര്‍ണ്ണ നാണയവും സ്വര്‍ണ്ണക്കട്ടിയും വില്‍പനക്കെത്തുന്നത്‌്‌. വൈകാതെ തന്നെ പോസ്റ്റ്‌ ഓഫീസുകളിലും ബാങ്കുകളിലും ലഭ്യമാകും.