Breaking News

Trending right now:
Description
 
Nov 13, 2015

അലി അബുബക്കറും ആറു പ്രജകളും

ജനറ്റ്‌ ബിനോയി
image

കോളെജ്‌ മാഗസിനു വേണ്ടി നഗരത്തിലെ പ്രമുഖനായ ബിസിനസുകാരനെ ഇന്റര്‍വ്യു ചെയ്യാനാണ്‌ ഞങ്ങള്‍ പ്രജാസ്‌( പ്രമീള, രെശ്‌മി, അനി, ജെനറ്റ്‌ അമ്പിളി ആന്‍ഡ്‌ സിമി) എറണാകുളത്തെത്തിയത്‌. ഇന്റര്‍വ്യു കഴിഞ്ഞ്‌ സന്തോഷമായി പിരിയുന്നതിന്റെ ഭാഗമായി നഗരത്തില്‍ നിന്നു ഭക്ഷണം കഴിക്കാതെ പോകുന്നതെങ്ങനെ/ അങ്ങനെ രാമപുരം മാര്‍ ആഗസ്‌തിനോസ്‌ കോളെജിലെ അവസാന വര്‍ഷ ബിബിഎ പെണ്‍പട ഒരു ഹോട്ടലില്‍ കയറി. കവിത ഇന്റര്‍നാഷണല്‍ എന്നോ മറ്റോയിരുന്നു ഹോട്ടലിന്റെ പേര്‌. ഞങ്ങള്‍ അകത്തു കയറി. ഹോട്ടല്‍ ജീവനക്കാരല്ലാതെ മറ്റാരും ഇല്ലെന്നു പറയാം. അകലെ ഒരു ആഫ്രിക്കക്കാരന്‍ ഇരിക്കുന്നു. (അങ്ങനെ പറയാമോ എന്തോ) ഇരിക്കുന്നു. ഭയന്നു വിറച്ചതു പോലെ അയാളുടെ അടുത്തു നിന്നും ഓര്‍ഡര്‍ സ്വീകരിക്കുന്ന ജീവനക്കാര്‍. 

ഇല്ലാത്ത ധൈര്യം കാണിച്ച്‌ ഞങ്ങള്‍ കുറച്ചകലെ സ്ഥാനം പിടിച്ചു. അധികം വൈകിയില്ല, അയാള്‍ ഞങ്ങളുടെ അടുത്തേയ്‌ക്ക്‌ വന്നു പേരും നാടുമെല്ലാ ചോദിച്ചു. അറിയാവുന്ന ഇംഗ്ലീഷില്‍ തട്ടിമുട്ടി ഞങ്ങള്‍ ഉത്തരം പറഞ്ഞു. ( ഞങ്ങളെല്ലാവരും മലയാളം മീഡിയത്തിലാണേ പഠിച്ചത്‌) അയാള്‍ ഞങ്ങളോട്‌ അഡ്രസ്‌ ചോദിച്ചതും സിമിയുടെ കാല്‌ എന്റെ കാലില്‍ പതിച്ചതും ഒപ്പം. ഒപ്പം ഒരു ഭീഷണിയും "കൊടുക്കല്ലേ..." 
കൂടെ നിന്നു ഫോട്ടോ എടുത്തോടെ എന്നു ചോദിച്ചപ്പോഴും എന്തോ പറഞ്ഞു ഒഴിവാക്കി. അയാളുടെ കൈ ഒടിഞ്ഞിരിക്കുന്നത്‌ ഞങ്ങളുടെ ഭാഗ്യം എന്ന ആത്മഗതത്തോടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. 

ഇതിനിടെ സിമി ഒരു അനുഭവ കഥ വിവരിച്ചു. "പണ്ട്‌ ഒരു സായിപ്പ്‌ ആലപ്പുഴയിലുള്ള ഫിലോമിനെയെ കണ്ടിട്ട്‌ സ്വന്തം നാട്ടില്‍ തിരിച്ചു പോയതിനു ശേഷം വീണ്ടും മടങ്ങി വന്ന്‌ മനോരമ പത്രത്തില്‍ കൊടുത്ത്‌ അന്വേഷിച്ചത്രേ... അയാള്‍ക്ക്‌ ഫിലോമിനെയെ കെട്ടണമെന്ന്‌....., " വലിയോരു അപകടത്തില്‍ നിന്നു രക്ഷപ്പെട്ടമാതിരി ഞങ്ങള്‍ ആഫ്രിക്കക്കാരനെ ഒളികണ്ണിട്ടു നോക്കി. 
പിറ്റേന്നു രാവിലെ രശ്‌മിയുടെ ഫോണ്‍ കോളാണ്‌ എന്നെ വിളിച്ചുണര്‍ത്തിയത്‌. എടീ അയാള്‍ ഒടിഞ്ഞ കയ്യും കെട്ടി തൂക്കിയിട്ടു മനോരമ പത്രത്തിന്റെ മുമ്പിലത്തെ പേജിലിരിക്കുന്നു. " സിമി നീയാണ്‌ മോളെ ഞങ്ങളുടെ ജീവന്‍ രക്ഷിച്ചത്‌ അയാള്‍ കുഴപ്പക്കാരന്‍ തന്നെ" എന്ന ആത്മഗതത്തോടെ ഞാന്‍ പത്രം തുറന്നു നോക്കി. 
പത്രത്തില്‍ വല്യൊരു പടം ഇന്നലെ കണ്ട ആ ചേട്ടന്റെ.... ഒരു പീഡനക്കഥ വായിക്കാന്‍ ആര്‍ത്തിയോടെ ഞാന്‍ അടിക്കുറിപ്പിലേയ്‌ക്ക്‌ നോക്കി. എഫ്‌ സ്‌ കൊച്ചിന്റെ ഗോളി ഘാനക്കാരന്‌ പരുക്ക്‌. ഈശ്വരന്‍മാരേ.. ഞങ്ങള്‍ കണ്ടപ്പോള്‍ ഇട്ടിരുന്ന അതേ ശ്രീനിവാസന്‍ ബനിയനുമിട്ട്‌ ഒടിഞ്ഞു തൂക്കിയ പ്ലാസ്റ്ററിട്ട കയ്യുമായി നില്‍ക്കുന്നു. 
തകര്‍ന്നു പോയെന്നു പറയാതെ വയ്യ, സ്‌പോര്‍ട്‌സ്‌ പേജ്‌ തുറന്നപ്പോള്‍ വീണ്ടും മനസില്‍ പൊട്ടിയത്‌ ലഡുവല്ല ബോംബാണ്‌. 
അലി അക്‌ബറിന്റെ ഓട്ടോഗ്രാഫിനു വേണ്ടി കുട്ടികള്‍ വട്ടം കൂടി നില്‍ക്കുന്നു. ഈ മനുഷ്യനല്ലേ ഞങ്ങളുടെ കൂടെ ഒരു ഫോട്ടോ എടുത്തോട്ടെയെന്നു ചോദിച്ചത്‌. ആ കശ്‌മലന്‍ സപ്ലയര്‍ക്കെങ്കിലും പറയാമായിരുന്നില്ലേ... അലറി വിളിച്ചിരുന്നുവെങ്കില്‍... ഒച്ചവെച്ചിരുന്നുവെങ്കില്‍.., വേണ്ട സ്വകാര്യമായിട്ടെങ്കിലും പറയാമായിരുന്നില്ലേ... പോയ ബുദ്ധി ജെസിബി പിടിച്ചാലും കിട്ടില്ലല്ലോ. കോളെജില്‍ ചെന്ന വഴി സിബി സാറിനെയാണ്‌ ആദ്യം കണ്ടത്‌. സാറേ സാര്‍ അലി അക്‌ബറിനെ അറിയുമോ
ആ എഫ്‌ സി കൊച്ചിന്റെ ഗോളിയല്ലേ... ഈ സാറിനും മുടിഞ്ഞ ജനറല്‍ നോളജാണ്‌. ഞങ്ങള്‍ ആറു പേര്‍ എഫ്‌ സി കൊച്ചിന്‍ എന്നു പോയിട്ട്‌ എഫ്‌ സി എന്നു പോലും കേട്ടിട്ടില്ല. 
പിന്നെ കണ്ടത്‌ പാപ്പിയെന്ന അനീഷിനെയാണ്‌. "അനീഷേ, ഞങ്ങളിന്നലെ എറണാകുളത്തു പോയപ്പോള്‍ അലി അബുബക്കറെ കണ്ടു" 
ആര്‌ എഫ്‌ സി കൊച്ചിന്റെ ഗോളിയോ.. രാവിലെ ചുമ്മാ നുണ പറയല്ലേ ഞങ്ങള്‍ തകര്‍ന്നു പോയി. ഇനിയെങ്കിലും പത്രത്തിലെ പടങ്ങളെങ്കിലും എന്നും കൃത്യമായി നോക്കണമെന്നു മനസില്‍ പറഞ്ഞു സ്വയം ആശ്വസിച്ചു. 
വാല്‍ക്കഷണം; ബിസിനസ്‌മാന്റെ അഭിമുഖമെല്ലാം നടത്തി മാഗസിനിലിട്ടെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം കേട്ടു. അയാളുടെ ബിസിനസ്‌ പൊളിഞ്ഞുവെന്ന്‌... നിങ്ങള്‍ ചെന്നു ഇന്റര്‍വ്യു ചെയ്‌തതേ അയാളുടെ കഷ്ടക്കാലം തുടങ്ങിയെന്നു അന്നത്തെ മാഗസിന്‍ എഡിറ്റര്‍ സുനില്‍ ഈയിടെ പറഞ്ഞു.