Breaking News

Trending right now:
Description
 
Dec 24, 2012

കൂട്ടമാനഭംഗം: മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ നില അതീവ ഗുരുതരം

image ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസില്‍ കൂട്ടമാനഭംഗത്തിനിരയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ നില കൂടുതല്‍ വഷളായതായി സഫ്‌ദര്‍ജംഗ്‌ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ രാത്രിയില്‍ പെണ്‍കുട്ടിക്ക്‌ ആന്തരീക രക്തസ്രാവമുണ്ടായതായും ആരോഗ്യനില കൂടുതല്‍ മോശമായെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നതെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടിക്ക്‌ ഇന്നലെ രാത്രി പനി ബാധിച്ചിരുന്നു. കഴിഞ്ഞ രാത്രിക്ക്‌ ശേഷം കുട്ടിയുടെ ആരോഗ്യനില ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്നും ഡോക്‌ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ അടിവയറ്റില്‍ വേദനയും ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയെ വീണ്ടും ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയാക്കിയിരുന്നു.
അതേസമയം, കൂട്ടമാനഭംഗവുമായി ബന്ധപ്പെട്ട സംഭവത്തില്‍ തലസ്ഥാനനഗരിയില്‍ പ്രതിഷേധം സംഘടിപ്പിച്ച ജനക്കൂട്ടത്തിനു നേരെയുണ്ടായ പൊലീസ്‌ നടപടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ട്രാഫിക്‌, പൊലീസ്‌ കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍മാരെ ഡല്‍ഹി ലഫ്‌. ഗവര്‍ണര്‍ തേജീന്ദര്‍ ഖന്ന സസ്‌പെന്‍ഡു ചെയ്‌തു. രണ്ടു ഡപ്യൂട്ടി കമ്മീഷണര്‍മാരോടു സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്‌. പ്രതിഷേധസമരം പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തിയതു വ്യാപക വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ്‌ മേധാവി ഉത്തരവാദിത്തം കാണിക്കണമെന്ന്‌ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞിരുന്നു.