Breaking News

Trending right now:
Description
 
Nov 09, 2015

തകര്‍ന്നുവീണത്‌ യുഡിഎഫ്‌ മനക്കോട്ടകള്‍

Politics
image ബിജെപിക്ക്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറു ശതമാനം വോട്ട്‌; ഈഴവവോട്ടുകളും ഏതാണ്ട്‌ അത്ര തന്നെ. ഇവ കൂട്ടിക്കെട്ടിയാല്‍ 12 ശതമാനം വോട്ടുകള്‍. ഈഴവവോട്ടുകളത്രയും മുന്‍വര്‍ഷങ്ങളിലെല്ലാം ലഭിച്ചിരുന്നത്‌ സിപിഎമ്മിന്‌. ഹിന്ദു ധ്രുവീകരണം ഉറപ്പാകുന്നതോടെ സിപിഎം വോട്ടുകള്‍ കുറെയൊക്കെ ഒലിച്ചുപോകും. മലബാറില്‍ മുസ്ലിംലീഗും തിരുവിതാംകൂറില്‍ കേരളകോണ്‍ഗ്രസും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കും. വോട്ടെടുപ്പിന്‌ തലേന്നുവരെ യുഡിഎഫ്‌ മനക്കോട്ടകള്‍ ഏതാണ്ട്‌ ഇങ്ങനെയൊക്കെയായിരുന്നു.

 റിബലുകള്‍ കയറിക്കളിക്കുകയായിരുന്നു യുഡിഎഫ്‌ കളത്തിലെങ്കില്‍ അവയൊക്കെയും സെല്‍ഫ്‌ ഗോളുകളായി വോട്ടുപെട്ടിയില്‍ വീണും. 

ഏറെ പക്വതയോടെ നടത്തിയ നീക്കങ്ങള്‍ എല്‍ഡിഎഫിന്‌ ഗുണം ചെയ്‌തു. ചെളിവാരിയെറിയാനും താന്‍പോരിമ കാട്ടാനും ഇടതുമുന്നണിയിലെ പാര്‍ട്ടികള്‍ ശ്രമം നടത്തിയതേയില്ലെന്നത്‌ ഇക്കുറി തെരഞ്ഞെടുപ്പില്‍ തെളിഞ്ഞു കണ്ടു. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ചിട്ടയായി അണിനിരത്താന്‍ ഇടതുപാര്‍ട്ടികള്‍ക്കായി. 

സംസ്ഥാനത്തെ 21,865 വാര്‍ഡുകളില്‍ 7982 വാര്‍ഡുകളും സിപിഎം സ്വന്തമാക്കിയപ്പോല്‍ 1273 വാര്‍ഡുകള്‍ സിപിഐയും 824 വാര്‍ഡുകള്‍ എല്‍ഡിഎഫ്‌ സ്വതന്ത്രരും നേടി. കോണ്‍ഗ്രസ്‌ നേടിയത്‌ 5784 സീറ്റുകളാണ്‌. ലീഗിന്‌ 2120 സീറ്റുകളും കേരള കോണ്‍ഗ്രസ്‌ എമ്മിന്‌ 630 സീറ്റുകളും യുഡിഎഫ്‌ സ്വതന്ത്രര്‍ 113 സീറ്റുകളും നേടി.

മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോല്‍ ശരിക്കും നേട്ടമുണ്ടാക്കിയത്‌ ഭാരതീയ ജനതാ പാര്‍ട്ടിയാണ്‌. സംസ്ഥാനത്ത്‌ ബിജെപി 1205 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ബിജെപി സ്വതന്ത്രരായി മത്സരിച്ച 36 പേര്‍ വിജയിച്ചു. എന്‍സിപിക്ക്‌ 59-ും ആര്‍എസ്‌പിക്ക്‌ 54-ഉം സീറ്റുകള്‍ ലഭിച്ചു. ഐഎന്‍എലിന്‌ 22 സീറ്റുകളും പിഡിപിക്ക്‌ എട്ടു സീറ്റുകളും സിപിഐഎംഎലിന്‌ മൂന്നു സീറ്റുകളും കിട്ടി.

കേരള കോണ്‍ഗ്രസ്‌ ബിക്ക്‌ 12, ബിഎസ്‌പിക്ക്‌ രണ്ട്‌ എന്നിങ്ങനെ മറ്റ്‌ പാര്‍ട്ടികളുടെ കണക്കുകള്‍. സമത്വമുന്നണിയുടെ പേരില്‍ മത്സരിച്ച എസ്‌എന്‍ഡിപിക്ക്‌ വേണ്ടത്ര നേട്ടങ്ങളുണ്ടാക്കാനായില്ല. പ്രത്യേകിച്ച്‌ അവര്‍ പ്രതീക്ഷയര്‍പ്പിച്ച കൊല്ലത്ത്‌. ആലപ്പുഴയിലാണ്‌ ആശ്വാസവിജയമുള്ളത്‌. 

മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും നടത്തിയ സൗഹൃദമത്സരങ്ങളെല്ലാം വിനയായി മാറുന്നത്‌ തെരഞ്ഞെടുപ്പ്‌ നേരിട്ട്‌ കാണിച്ചുകൊടുത്തു. കഴിഞ്ഞ തവണ ഗ്രൂപ്പ്‌ പോരുകളുടെ പേരില്‍ വികസനം പരണയിലായ പല മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ്‌ വെള്ളം കുടിച്ചു. 

എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ എ-ഐ വിഭാഗങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പോരു നടത്തി ഭരണം പങ്കിട്ടെടുത്തപ്പോള്‍ മൂക്കത്തുകൈവച്ച നിന്ന ജനം ഇക്കുറി യുഡിഎഫ്‌ അനുഭാവമുള്ള മുനിസിപ്പാലിറ്റിയിലെ സ്ഥാനാര്‍ത്ഥികളെ വെള്ളംകുടിപ്പിച്ചു. മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല തോറ്റമ്പി, വിമതര്‍ സഹായിച്ചാലേ ഭരണം നേടാനാകൂ എന്ന സ്ഥിതി.