Breaking News

Trending right now:
Description
 
Nov 03, 2015

വിദ്യാഭ്യാസ യോഗ്യതയില്ലെന്ന്‌ അധിക്ഷേപിച്ചവര്‍ക്ക്‌ ചുട്ട മറുപടിയുമായി അധ്യാപിക ദീപ നിശാന്ത്‌

image
തൃശൂര്‍: തൃശൂര്‍ കേരള വര്‍മ്മ കോലെജിലെ അധ്യാപിക ദീപ നിശാന്തിന്‌ യോഗ്യതയില്ലെന്ന്‌ അധിക്ഷേപിച്ചവര്‍ക്കുള്ള മറുപടിയും തെളിവും ഫേസ്‌ബുക്കിലൂടെ തന്നെ നല്‍കി ടീച്ചര്‍ രംഗത്ത്‌ എത്തി.

ടീച്ചറിന്‌ യു ജി സി നെറ്റ്‌ യോഗ്യതയില്ലെന്നും 25 ലക്ഷം കൈക്കൂലി നല്‍കിയാണ്‌ ജോലിക്ക്‌ കയറിയതെന്നുമായിരുന്നു ആക്ഷേപം. 2003 യില്‍ എംഎ ഒന്നാം റാങ്കോടെ ജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും നാഷണല്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിട്ടുണ്ട്‌. 
പിന്നെ ദീപാ നിശാന്തിനെ തേടി വന്ന അവാര്‍ഡുകള്‍ തന്നെ പരിഗണിക്കാനുള്ള അധിക യോഗ്യതയായി ടീച്ചര്‍ പറയുന്നു. കേരള സാഹിത്യ അക്കാദമിയുടെ സിബി കുമാര്‍ അവാര്‍ഡ്‌, വനിത കമ്മീഷന്‍ ചെറുകഥാ അവാര്‍ഡ്‌, ഗൃഗലക്ഷ്‌മി ചെറുകഥാ പുരസ്‌കാരം, ആകാശവാണി കഥാ പുരസ്‌കാരം, വി ടി സ്‌മാരക പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ ടീച്ചറിന്‌ ലഭിച്ചിട്ടുണ്ട്‌. 
ഡോക്ടറേറ്റ്‌ എടുക്കാന്‍ താലപര്യമില്ലാത്തതു കൊണ്ടു പി എച്ച ഡി ചെയ്യുന്നില്ലെന്നും ടീച്ചര്‍ പറയുന്നു. തനിക്ക്‌ തോന്നിയാല്‍ മാത്രമേ ഡോക്ടറേറ്റ്‌ എടുക്കുകയുള്ളുവെന്നും ടീച്ചര്‍ പറയുന്നത്‌.
ഇനിയും തന്റെ യോഗ്യതയില്‍ സംശയമുള്ളവര്‍ക്ക്‌ വിവരാവകാശപ്രകാരം ദേവസ്വം ബോര്‍ഡ്‌ ഇന്റര്‍വ്യുവിന്‌ ലഭിച്ച മാര്‍ക്കും അന്വേഷിച്ചു വാങ്ങാമെന്നു ടീച്ചര്‍ പറയുന്നു.
ടീച്ചര്‍ എഴുതിയ ജലം കൊണ്ടുള്ള മുറിവുകള്‍ എന്ന കഥ ഏതോ സ്‌കൂള്‍ കുട്ടിയുടെ കഥ കോപ്പിയടിച്ചതാണെന്ന വാദത്തെയും ടീച്ചര്‍ പരിഹസിക്കുന്നുണ്ട്‌.
Deepa Nisanth added 3 new photos.
18 hrsEdited
 

ഇത്തരമൊരു പോസ്റ്റ് ഇടണമെന്ന് കരുതിയതല്ല.ചിലതൊക്കെ അർഹിക്കുന്നത് പരിപൂർണ്ണ അവഗണന മാത്രമാണെന്ന് അറിയാഞ്ഞിട്ടുമല്ല. എങ്കിലും ഒരു പത്രം അതിൻ്റെ മാധ്യമ ധർമ്മമൊക്കെ കൈ വെടിഞ്ഞ് ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ അത് പരിഹാസ്യം തന്നെയാണ്.

ഞാൻ ഒരു അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ എനിക്കെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങളിൽ ഏറ്റവും അപഹാസ്യമായ ഒന്ന് എനിക്ക് യു.ജി.സി - നെറ്റ് യോഗ്യത ഇല്ല എന്നുള്ളതാണ്. അതിൻ്റെ സർട്ടിഫിക്കറ്റ് താഴെ കൊടുക്കുന്നു. ഞാൻ എം.എ.വിജയിച്ചത് 2003 ലാണ് .എം.എ.യുടെ റിസൾട്ട് വരുന്നതിനു മുൻപേ നെറ്റ് പാസായിരുന്നു.2

റാങ്ക് വാങ്ങി പാസ്സാകുക എന്നത് അത്ര അഭിമാനാർഹമായ സംഗതിയായിട്ടൊന്നും ഇതുവരെ തോന്നിയിട്ടില്ല. വ്യാകരണത്തിൽ തോറ്റു പോകുമോ എന്നു വരെ ഭയന്ന ഒരു എം.എ.പഠനകാലത്ത് "ദീപ റാങ്ക് വാങ്ങണം" എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച അധ്യാപകർക്കു വേണ്ടിയാണ് കേരളപാണിനീയവും സംസ്കൃതവുമൊക്കെ കാണാപ്പാഠമിരുന്ന് പഠിച്ചത്.നമ്മളിൽ ചിലർക്കുള്ള വിശ്വാസവും പ്രതീക്ഷയും അത്ര വലുതായിരുന്നു. റാങ്ക് ലഭിച്ചത് ജോലി ലഭിക്കാൻ ഒരു കാരണമായി എന്നതിനപ്പുറം ആ റാങ്ക് സർട്ടിഫിക്കറ്റിന് വലിയ പ്രാധാന്യമൊന്നും ജീവിതത്തിൽ കൊടുത്തിട്ടില്ല. ഒന്നാം റാങ്ക് വാങ്ങിയ വ്യക്തി നല്ല അധ്യാപക നോ അധ്യാപികയോ ആയിക്കൊള്ളണമെന്നില്ല. നല്ല അധ്യാപകൻ / അധ്യാപിക ഒന്നാം റാങ്ക് വാങ്ങിക്കൊള്ളണമെന്നുമില്ല.

പിന്നൊരു ബി.എഡ്, വിവിധ കോളേജുകളിലായി ടീച്ചിങ്ങ് എക്സ്പീരിയൻസ്.. ചില പുസ്തകങ്ങൾ... അംഗീകൃത ജേർണലുകളിൽ വന്ന ചില ലേഖനങ്ങൾ.... അന്നത്തെ നിയമന മാനദണ്ഡപ്രകാരം അതൊക്കെയായിരുന്നു ജോലി ലഭിയ്ക്കാനുണ്ടായ കാരണമെന്ന് കരുതുന്നു.

പിന്നെ ചില അവാർഡുകൾ ലഭിച്ചിട്ടുണ്ട്. തിരിച്ചു കൊടുക്കാതെ അതെല്ലാം സൂക്ഷിച്ചിട്ടുമുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സി.ബി.കുമാർ അവാർഡ്, വനിതാ കമ്മീഷൻ ചെറുകഥാ അവാർഡ്,ഗൃഹലക്ഷ്മി ചെറുകഥാ പുരസ്കാരം, ആകാശവാണി കഥാ പുരസ്കാരം, വി.ടി.സ്മാരക പുരസ്കാരം... അങ്ങനെ ചിലതൊക്കെ അധിക യോഗ്യതയായി പരിഗണിച്ചിട്ടുണ്ടാകണം.അവാർഡുകൾ വാങ്ങുന്നത് മഹത്വത്തിൻ്റെ മാനദണ്ഡമായി കരുതിയിരുന്ന ഒരു മണ്ടൻകാലം എനിക്കുമുണ്ടായിരുന്നു.

പി.എച്ച്.ഡി. എന്നുള്ളത് അധിക യോഗ്യത മാത്രമാണെന്നാണ് എൻ്റെ അറിവ്.ഇൻ്റർവ്യു സമയത്ത് ഞാൻ പി.എച്ച്.ഡി.ക്ക് ജോയിൻ ചെയ്തിട്ട് രണ്ടു വർഷമേ ആയിട്ടുണ്ടായിരുന്നുള്ളു. ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല. എനിക്ക് സൗകര്യപ്പെട്ടാൽ മാത്രമേ ഞാൻ പൂർത്തിയാക്കുകയും ചെയ്യൂ.. പേരിനു മുമ്പിൽ ഒരു ഡോക്ടർ ബിരുദം ചേർക്കുന്നത് എൻ്റെ മഹത്വം ആകാശത്തോളം ഉയർത്തുമെന്ന പ്രതീക്ഷയൊന്നും ഇപ്പോഴില്ല.

പിന്നെ അന്നത്തെ ഇൻ്റർവ്യൂ നടക്കുന്നതിന് മുമ്പായി കൊച്ചിൻ ദേവസ്വം ബോർഡ് യോഗ്യതകൾ പ്രകാരമുള്ള മാർക്കടിസ്ഥാനത്തിൽ ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. 117 പേരോ മറ്റോ ഉണ്ടായിരുന്ന പ്രസ്തുത റാങ്ക് ലിസ്റ്റിൽ എൻ്റെ റാങ്ക് മൂന്നാമതോ നാലാമതോ ആയിരുന്നു എന്നാണോർമ്മ.(ആ ലിസ്റ്റ് കിട്ടാൻ പ്രയാസമില്ലെന്നു തോന്നുന്നു. അന്വേഷിക്കാം.) പി.എച്ച്.ഡി. ഇല്ലാതിരുന്നതു കൊണ്ടാണ് മുകളിൽ വരാതിരുന്നത്.ഇൻ്റർവ്യൂ കഴിഞ്ഞപ്പോൾ ലിസ്റ്റിൽ അഞ്ചാമത്തെ ആളായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. കൈക്കൂലിയൊക്കെ വേണ്ടുവോളം കൊടുത്ത (മറ്റേ മരം പിടിച്ച് കുലുക്കി)ബോർഡിൻ്റെ പൊന്നോമനപ്പുത്രിക്ക് ഇൻറർവ്യൂവിന് ലഭിച്ച മാർക്കൊന്നന്വേഷിക്കുക.(വാരിക്കോരിത്തന്നിട്ടില്ലെന്നാണറിവ്) വിവരാവകാശ നിയമ പ്രകാരം പലരും പലതും സംഘടിപ്പിച്ചെന്നറിഞ്ഞു. അതൊക്കെ കൂട്ടി ഒരു കേസങ്ങ് കൊടുക്കുക. കൺകറൻസിനെ സംബന്ധിച്ച ഒരു കേസു നിലവിലുണ്ടായിരുന്നു എന്നല്ലാതെ(അത് വ്യക്തിപരമല്ല.) എൻ്റെ യോഗ്യതയെ ചോദ്യം ചെയ്തു കൊണ്ട് ഒരാളും ഇതു വരെ കേസ് കൊടുത്തിട്ടില്ല.

25 ലക്ഷം(തീരെ കുറഞ്ഞു പോയി!)കൊടുക്കുന്ന സമയത്ത് ഫോട്ടോ എടുക്കാതിരുന്നതു കൊണ്ടാണ് ആ ഫോട്ടോ താഴെ ചേർക്കാത്തത്. ക്ഷമിക്കുക.

[ 'ജലം കൊണ്ടുള്ള മുറിവുകൾ' എന്ന കഥ ഏതോ സ്കൂൾ കുട്ടീടെ കഥ കോപ്പിയടിച്ചതാണെന്ന ഒരു ആരോപണം കണ്ടിരുന്നു. കോപ്പിയടിച്ച ആ കഥയൊന്ന് കാണാൻ താത്പര്യമുണ്ട്. ഇനിയും എനിക്ക് കോപ്പിയടിക്കാൻ ആ കുട്ടിയോട് ധാരാളം എഴുതാനും പറയുക.)