Breaking News

Trending right now:
Description
 
Nov 03, 2015

ആനക്കൊമ്പ്‌ സൂക്ഷിക്കുന്നുവെന്ന പരാതിയില്‍ നടന്‍ ജയറാമിനെതിരെ കേസ്‌

image നടന്‍ ജയറാം ആനക്കൊമ്പ്‌ സൂക്ഷിക്കുന്നുവെന്ന പരാതിയില്‍ കേന്ദ്ര വനം വകുപ്പ്‌ ഐജി അന്വേഷണത്തിന്‌ നിര്‍ദേശം നല്‍കി. ജയറാമിന്റെ കൈവശമുള്ള ആനക്കൊമ്പുകളെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ഹെറിറ്റേജ്‌ അനിമല്‍ ടാസ്‌ക്‌ ഫോഴ്‌സ്‌ സെക്രട്ടറി വി.കെ. വെങ്കിടാചലമാണ്‌ പരാതി നല്‍കിയത്‌. നേരത്തേ ആനക്കൊമ്പു കൈവശം വച്ചതിനു മോഹന്‍ലാലിനെതിരേ കേസും അന്വേഷണവും നടന്നിരുന്നു. ഇതിനു പിറകേയാണ്‌ ഇപ്പോള്‍ ജയറാമും ആനക്കൊമ്പ്‌ വിവാദത്തില്‍ പെട്ടിരിക്കുന്നത്‌. അതേസമയം, തന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ അനധികൃതമായി സൂക്ഷിക്കുന്നതല്ലെന്നു ജയറാം വ്യക്തമാക്കി. കൈവശം വയ്‌ക്കാനും സൂക്ഷിക്കാനുമുള്ള എല്ലാ രേഖകളും കൈയിലുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ ഏത്‌ അന്വേഷണവും നേരിടാന്‍ ഒരുക്കമാണ്‌. ആനക്കൊമ്പുകള്‍ കുട്ടന്‍കുളങ്ങര മഹാവിഷ്‌ണു ക്ഷേത്രം ദേവസ്വം അധികൃതര്‍ തനിക്കു സ്‌നേഹസമ്മാനമായി നല്‍കിയതാണ്‌. സാമ്പത്തിക ഇടപാടുകളൊന്നും ഇതുമായി ബന്ധപ്പെട്ടു നടന്നിട്ടില്ല. കൈമാറ്റം സംബന്ധിച്ച എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും ജയറാം പറഞ്ഞു. ആനകളെക്കുറിച്ചു നടന്‍ ജയറാം എഴുതിയ ആള്‍ക്കൂട്ടത്തില്‍ ഒരാനപ്പൊക്കം എന്ന പുസ്‌തകത്തില്‍, തന്റെ കൈയില്‍ ആനക്കൊമ്പുകളുണ്ടെന്ന പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്നാണു ജയറാം വിശദീകരണവുമായി രംഗത്തെത്തിയത്‌.