Breaking News

Trending right now:
Description
 
Dec 23, 2012

രാജ്യത്തെ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌

image രാജ്യത്തെ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. രാജ്യത്ത്‌ സമാധാന അന്തരീക്ഷം ഉണ്ടാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടി പീഡനത്തിനു ഇരയായ സംഭവത്തില്‍ തലസ്ഥാനനഗരിയില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ്‌ പ്രധാനമന്ത്രിയുടെ പ്രതികരണം. ജനങ്ങളുടെ ന്യായമായ പ്രതിഷേധമാണ്‌ ഡല്‍ഹിയില്‍ അരങ്ങേറിയത്‌. പീഡനത്തിനു ഇരയായ പെണ്‍കുട്ടിയുടെ ജീവനു വേണ്ടി പ്രാര്‍ഥിക്കുന്നു. അതേസമയം, ഡല്‍ഹിയില്‍ വിദ്യാര്‍ഥികളും സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സംഘടിപ്പിച്ച പ്രതിഷേധസമരം അക്രമാസക്തമായതു ദുഖകരമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നില്ലെന്ന പരാതി ശക്തമായതോടെ ട്വിറ്ററിലൂടെയാണ്‌ മന്‍മോഹന്‍ സിംഗ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

അതേസമയം പ്രതിഷേധസമരം തലസ്ഥാനനഗരിയെ യുദ്ധക്കളമാക്കി മാറ്റിയതോടെ ഏഴു മെട്രോ സ്റ്റേഷനുകള്‍ അടച്ചു. റെയ്‌സീന കുന്നിനും ഇന്ത്യാ ഗേറ്റിനും സമീപത്തുള്ള മെട്രോ സ്റ്റേഷനുകളാണ്‌ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അടച്ചത്‌. ഇന്നലെ രാത്രി തന്നെ പട്ടേല്‍ ചൗക്ക്‌, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്‌, ഉദ്യോഗ്‌ ഭവന്‍, റേസ്‌ ഹൗസ്‌ എന്നിവടങ്ങളിലെ നാലു മെട്രോ സ്റ്റേഷനുകള്‍ അടയ്‌ക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. മെട്രോ സ്റ്റേഷനുകള്‍ വഴി പ്രതിഷേധസമരത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതു തടയുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതു ഫലം കണ്ടില്ലെന്നാണ്‌ ഡല്‍ഹിയിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്‌. അതേസമയം, ഇനിയൊരു അറിയിപ്പുണ്ടാകും വരെ മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുമെന്നാണ്‌ ഡല്‍ഹി പോലീസ്‌ നല്‍കുന്ന വിവരം.