Breaking News

Trending right now:
Description
 
Oct 27, 2015

ധന്‍ബാദ് എക്‌സപ്രസ് ട്രെയിന്‍ ഓട്ട സമയം കുറയ്ക്കണമെന്ന ആവശ്യം പരിശോധിക്കുമെന്നു റെയില്‍വേ ബോര്‍ഡ്

image
ആലപ്പുഴ: ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് ട്രെയിന്‍ എറണാകുളത്തു
നിന്നു ഓടിയെത്താനുള്ള സമയം കുറയ്ക്കണമെന്ന ആവശ്യം പരിശോധിച്ചു നടപടിയെടുക്കുമെന്നു റെയില്‍വേ ബോര്‍ഡ്.

പട്ടണത്തില്‍ നിന്നും കുട്ടനാട്ടില്‍ നിന്നും ദിവസേന എറണാകുളത്തേക്കു ജോലിയ്ക്കായി പോയിവരുന്നവര്‍ക്കു ഏറെ പ്രയോജനപ്പെടുന്ന ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിന്റെ ആലപ്പുഴ-എറണാകുളം ജംഗ്ഷന്‍ ദൂരം ഓടാനുപയോഗിക്കുന്ന സമയം ഒരു മണിക്കൂറായി കുറയ്ക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നു കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അധികൃതരോട് ഒരു പതിറ്റാണ്ടിലേറെയായി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. 

അവസാനമായി 2015 സെപ്റ്റംബര്‍ 30-നു റെയില്‍വേ മന്ത്രാലയത്തിനു സമര്‍പ്പിച്ച പരാതി റെയില്‍വേ ബോര്‍ഡിനു കൈമാറുകയായിരുന്നു. തുടര്‍ന്നു പബഌക് ഗ്രീവന്‍സസ് അഡൈ്വസര്‍ അശോക് ചൗധരി, സതേണ്‍ റെയില്‍വേ അഡീഷണല്‍ ജനറല്‍ മാനേജര്‍ ആര്‍.വെങ്കടസാമി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബ്രാഞ്ച് സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ പി.എല്‍.അശോക് കുമാര്‍ തുടങ്ങിയവര്‍ പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമാണ് മറുപടി നല്കിയിട്ടുള്ളത്.

ആലപ്പുഴയില്‍ നിന്നുള്ള ഏക സ്ലിപ് ട്രെയിനാണ് ജാര്‍ക്കണ്ഡ് സംസ്ഥാനത്തിലേക്കുള്ള ആലപ്പുഴ-ധന്‍ബാദ് ജംഗ്ഷന്‍ 13352/13351 എക്‌സ്പ്രസ് ട്രെയിന്‍. റൂര്‍ക്കല ജംഗ്ഷനില്‍ നിന്നു ഒരു ഭാഗം ലിങ്ക് വേര്‍പെടുത്തി ടാറ്റാ നഗര്‍ (ബൊക്കോറോ) സ്ലിപ്പ് 18190/18189 ആയി പോകും. പാന്‍ട്രി കാര്‍ അടക്കം 22 കോച്ചുകളുള്ള റേക്കാണ് ട്രെയിനുള്ളത്. ആലപ്പുഴയ്ക്കും എറണാകുളം ജംഗ്ഷനും ഇടയ്ക്ക് മാരാരിക്കുളം, ചേര്‍ത്തല, തുറവൂര്‍ എന്നീ സ്റ്റേഷനുകളിലാണ് സ്‌റ്റോപ്പുകളുള്ളത്. ധന്‍ബാദിലേക്കു 2536 കിലോമീറ്ററും ടാറ്റാനഗറിലേക്കു 2359 കിലോമീറ്ററുമാണ് ദൂരം. റൂര്‍ക്കലയ്ക്ക് 2195 കിലോമീറ്റര്‍.

ആലപ്പുഴയില്‍ നിന്നു എറണാകുളം ജംഗ്ഷന്‍ വരെ രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന നേരേ കിടക്കുന്ന ട്രാക്കുള്ള 57 കിലോ മീറ്റര്‍ ദൂരം ഓടാന്‍ ഒരു മണിക്കൂറിലും താഴെ മതിയെന്നിരിക്കെ എറണാകുളത്തേക്ക് നിലവില്‍ 1.05 മണിക്കൂറും എറണാകുളത്തു നിന്നു 1.55 മണിക്കൂറുമാണ് നിശ്ചിത ഓട്ടസമയമെങ്കിലും രണ്ടും മൂന്നും മണിക്കൂറിലേറെയെടുത്താണിപ്പോള്‍ പലപ്പോഴും ഈ ദൂരം ഓടിയെത്തുന്നത്. ഏതായാലും എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്തുന്ന പാസഞ്ചര്‍ ട്രെയിന്‍ എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയമെടുക്കും. എറണാകുളത്തു നിന്നു യാത്ര തിരിക്കുന്ന ട്രെയിന്‍ പത്തു മിനിട്ട് യാത്രയ്ക്കു ശേഷം സ്റ്റോപ്പില്ലാത്ത കുമ്പളത്ത് മണിക്കൂറുകള്‍ ക്രോസിംഗിനായി കിടക്കുന്നതു പതിവാണ്. ഫലത്തില്‍ ട്രെയിനില്‍ കയറുന്നവര്‍ ഏതായാലും അത്യധികം ബുദ്ധിമുട്ടണം. പ്രകൃതിതടസങ്ങളുള്ള ദിവസങ്ങളിലൊഴികെ കൃത്യസമയത്തിനും മുന്‍പ് എറണാകുളത്ത് സാധാരണ എത്തുന്ന ട്രെയിനാണിത്.

പുറപ്പെട്ടു മൂന്നാം ദിവസം എറണാകുളത്ത് എത്തുന്ന ട്രെയിന്‍ അവസാന വേളയില്‍ അവിടെ നിന്നു ആലപ്പുഴയിലെത്താന്‍ മൂന്നിരട്ടി സമയം എടുക്കുന്നത് യാത്രക്കാരെ കുറച്ചൊന്നുമല്ല വര്‍ഷങ്ങളായി വലയ്ക്കുന്നത്. അവസാന മണിക്കുറുകള്‍ വെറുതെ നീട്ടുന്നത് ദീര്‍ഘദൂര യാത്രക്കാര്‍ അടക്കമുള്ളവരുടെ സംയമനം നഷ്ടപ്പെടുത്തും. വൈകിയെത്തുന്നതിനാല്‍ ബസുകളില്‍ തുടര്‍ന്നു യാത്ര ചെയ്യേണ്ടവര്‍ കഷ്ടപ്പെടുകയും ചെയ്യും.

ആലപ്പുഴയ്ക്കും എറണാകുളത്തിനുമിടയ്ക്ക് ഈ ട്രെയിനില്‍ സാധാരണ ദീര്‍ഘദൂരയാത്രക്കാര്‍ കുറവായിരിക്കുമെന്നതിനാല്‍ ദിവസേനയുള്ള സ്ഥിര യാത്രക്കാര്‍ക്ക് ഈ ട്രെയിന്‍ ഏറെ പ്രയോജനപ്രദമാണ്. ഒരു പാസഞ്ചര്‍ ട്രെയിനില്‍ കൊള്ളാവുന്നതിലേറെ പേര്‍ക്ക് എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് അങ്ങോട്ടുമിങ്ങോട്ടും പോയിവരാനാകും. റെയില്‍വേ ചില വിട്ടുവീഴ്ചകള്‍ വരുത്തി കൂടുതല്‍ കംപാര്‍ട്ടുമെന്റുകള്‍ ഡീറിസര്‍വ്ഡ് ആക്കുകയാണ് ആദ്യം ഇതിനായി ചെയ്യേണ്ടത്.

ട്രെയിനുകളുടെ റണ്ണിംഗ് ടൈം കുറയ്ക്കണമെങ്കില്‍ വൈദ്യൂതീകരിച്ച ഇരട്ടപ്പാത നിര്‍മിക്കണമെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെങ്കിലും എറണാകുളം-ആലപ്പുഴ-കായംകുളം തീരദേശ പാതയിലെ എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകള്‍ക്കു ക്രോസിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയാല്‍ ഇരട്ടപ്പാതയുടെ ഏകദേശ സൗകര്യം ലഭ്യമാകുമെന്നു രണ്ടു പതിറ്റാണ്ടു മുന്‍പു മുതല്‍ തന്നെ രേഖാമൂലം കേന്ദ്ര റെയില്‍വേ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കു നിരവധി തവണ നിവേദനം നല്കിയിട്ടുണ്ടെങ്കിലും അവയെല്ലാം മറുപടി പോലും നല്കാതെ നിരാകരിക്കപ്പെടുകയായിരുന്നു. വര്‍ഷം തോറും ഒരു റെയില്‍വേ സ്‌റ്റേഷനില്‍ എങ്കിലും പാതകള്‍ കൂട്ടി, ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു നവീകരിച്ചിരുന്നുവെങ്കില്‍ തന്നെ ഇതിനകം ഒരു തടസവുമില്ലാതെ അതിവേഗത്തില്‍ ട്രെയിന്‍ ഓടിക്കാമായിരുന്നു. കുറഞ്ഞതു തൊണ്ണൂറു കിലോമീറ്റര്‍ ഗതിവേഗത്തില്‍ പോകാന്‍ തക്കവിധമുള്ള ട്രാക്കുകള്‍ സ്ഥാപിച്ചിട്ടുള്ള തീരദേശ പാതയില്‍ അതിന്റെ മൂന്നിലൊന്നു വേഗത്തിലാണ് ട്രെയിനുകള്‍ ഇപ്പോള്‍ ഓടിച്ചുകൊണ്ടിരിക്കുന്നത്.