Breaking News

Trending right now:
Description
 
Oct 23, 2015

തെരഞ്ഞെടുപ്പ് പോസ്റ്ററുകളും ബോര്‍ഡുകളും ഫലപ്രദമായി നീക്കം ചെയ്യണം: ടി.ആര്‍.എ

image ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രമാണിച്ചു പ്രദേശം വൃത്തികേടാക്കി മതിലുകളില്‍ പതിക്കുന്ന പോസ്റ്ററുകളും റോഡില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകളും ഫലപ്രദമായി നീക്കം ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്നു തെരഞ്ഞെടുപ്പ് അധികൃതരോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ആവശ്യപ്പെട്ടു. ലോകമെമ്പാടും ആലപ്പുഴയെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി സര്‍ക്കാര്‍ എടുത്തുകാട്ടുന്ന സ്ഥിതിക്ക് ഇക്കാര്യത്തിനു വലിയ പ്രാധാന്യമുണ്ട്.

  •  ഭിത്തികളില്‍ പതിച്ചിട്ടുള്ള പോസ്റ്ററുകള്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നിലവില്‍ ഫലപ്രദമായല്ല നീക്കം ചെയ്യുന്നത്. പോസ്റ്ററുകള്‍ അവിടിവിടെ വലിച്ചു കീറുകയും പരാതിയുള്ള ചില ബോര്‍ഡുകള്‍ മാത്രം എടുത്തു മാറ്റുകയുമാണ് ചെയ്യുന്നത്. ഒട്ടിച്ച പോസ്റ്ററുകളില്‍ ഭൂരിഭാഗവും മതിലില്‍ തന്നെയും കീറിയ ഭാഗം റോഡിലുമാണ്. ഭിത്തികളിലെ പോസ്റ്ററുകള്‍ പൂര്‍ണമായും നീക്കി വൃത്തിയാക്കി നല്കുകയും അതിനുള്ള ചെലവ് സ്ഥാനാര്‍ഥികളില്‍ നിന്ന് ഉടനെ ഈടാക്കുകയുമാണ് വേണ്ടത്.

  •  സ്വകാര്യ വ്യക്തികളുടെ ഭിത്തികളില്‍ അനുമതി പത്രം നേടാതെയാണ് ഭൂരിപക്ഷം പേരും പോസ്റ്റര്‍ പതിക്കുകയും എഴുതുകയും ചെയ്യുന്നതെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. മതില്‍ വൃത്തികേടാക്കുന്നതിനെതിരേ ആരും സാധാരണഗതിയില്‍ പ്രതികരിക്കാത്തത് സംഘര്‍ഷ, ആക്രമണ സാധ്യതകള്‍ കണക്കിലെടുത്താണ്. ഓരോ സ്ഥാനാര്‍ഥികളുടെയും കൈവശമുള്ള അനുമതി പത്രം പരിശോധിച്ച്, അനുമതി ഇല്ലാത്തവ എല്ലാം സ്വമേധയാ നീക്കം ചെയ്യാന്‍ സ്‌ക്വാഡ് അടിയന്തിര നടപടി സ്വീകരിക്കണം. ഇക്കാര്യത്തിനു പരാതി കിട്ടാന്‍ കാത്തുനില്ക്കരുത്. ജീവനില്‍ താത്പര്യമുള്ളവര്‍ പരാതിയുമായി മുന്നോട്ടുവരികയില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മനുഷ്യാവകാശ ലംഘനമായിത്തീരും. 

  •  റോഡിലെ കാഴ്ച മറയ്ക്കുന്നതും ഗതാഗതക്കുരുക്കുണ്ടാക്കുന്നതും കാല്‍നടയാത്ര തടസ്സമുണ്ടാക്കുന്നതുമായ എല്ലാ ബോര്‍ഡുകളും പരാതി ലഭിക്കാന്‍ കാത്തിരിക്കാതെ നീക്കം ചെയ്യണം. ഇവ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു അധികൃതര്‍ ആവര്‍ത്തിച്ച് ഉത്തരവിറക്കുന്നതല്ലാതെ ഒരിക്കലും നടപടി സ്വീകരിക്കുന്നതായി കാണുന്നില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ മുന്‍വശത്തടക്കം തടസമുണ്ടാക്കുന്ന അനേകം ബോര്‍ഡുകള്‍ എപ്പോഴും കാണാം. ചാരിവച്ചിരിക്കുന്നതും പോസ്റ്റുകളില്‍ കെട്ടിവച്ചിരിക്കുന്നതുമായ ഫഌക്‌സ് ബോര്‍ഡുകളും കൊടികളും അടക്കമുള്ളവ എടുത്തുമാറ്റേണ്ടതുണ്ട്. കാല്‍നടക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഇത്തരത്തില്‍ തള്ളി നില്ക്കുന്ന കമ്പും കോലും മിക്കപ്പോഴും അപകടത്തിനും പരിക്കിനും കാരണമാകാറുണ്ട്.

  •  ഡിഫേസ്‌മെന്റ് സ്‌ക്വാഡ് വൃത്തിയാക്കുന്ന വിവരങ്ങള്‍ പട്ടിക രൂപത്തില്‍ അന്നന്നു സുതാര്യമായി ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. സ്ഥാനാര്‍ഥികളുടെ പേര്, രാഷ്ട്രീയകഷി, നീക്കം ചെയ്തതിന്റെ വലുപ്പം, എണ്ണം, നീക്കം ചെയ്തതിനുള്ള ചെലവ്, തിരിച്ചടവ് തുടങ്ങിയവയെല്ലാം വേര്‍തിരിച്ച് അതില്‍ വ്യക്തമാക്കിയിരിക്കണം. ഭാവിയില്‍ വിവരാവകാശ നിയമ പ്രകാരം ഉണ്ടാകാനിടയുള്ള അനേകം അപേക്ഷകള്‍ ഒഴിവാക്കാന്‍ ഇത് ഉപകാരപ്പെടും. അല്ലെങ്കില്‍ ഇതിനായി തന്നെ ഉദ്യോഗസ്ഥരുടെ സമയവും സര്‍ക്കാരിന്റെ പണവും വെറുതെ നഷ്ടമാകും.

  •  തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിരുന്ന പോസ്റ്റര്‍, ബോര്‍ഡ്, ചുവരെഴുത്ത് തുടങ്ങി എല്ലാവിധ പ്രചാരണ ഏര്‍പ്പാടുകളും പൂര്‍ണമായി നീക്കം ചെയ്യണം. ഇക്കാലമത്രയും അത് സ്ഥാനാര്‍ഥികള്‍ ആരും സ്വയമായി ചെയ്തിട്ടില്ലാത്തതിനാല്‍ സര്‍ക്കാര്‍ ചെലവില്‍ മതിലുകളും മറ്റും വൃത്തിയാക്കി പൂര്‍വസ്ഥിതിയിലാക്കി നല്കണം. അതിനു അമാന്തം പാടില്ല.

ടി.ആര്‍.എ പ്രദേശത്തെ മതിലുകള്‍ വൃത്തിയാക്കിയില്ലെങ്കില്‍ നഷ്ടപരിഹാരം തേടി സര്‍ക്കാരിനു നോട്ടീസ് അയക്കുകയും തുടര്‍ന്നു നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.