Breaking News

Trending right now:
Description
 
Oct 23, 2015

വിചിത്ര ഹെല്‍മറ്റ് ചിഹ്നം തത്കാലം ഒഴിവാക്കില്ല: കേരള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍

image ആലപ്പുഴ: സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിട്ടുള്ള ഹെല്‍മറ്റ് ചിഹ്നം ഒഴിവാക്കുവാനോ മരവിപ്പിക്കുവാനോ തത്കാലം നിര്‍വാഹമില്ലെന്നു കേരള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള ചിഹ്നങ്ങളുടെ കൂട്ടത്തിലുള്ള വിചിത്ര രൂപത്തിലുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹെല്‍മറ്റ് പിന്‍വലിക്കണമെന്നു കേരള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രക്രിയ 2015 ആരംഭിച്ചതിനാല്‍ തുടര്‍നടപടികളുടെ ഭാഗമായി ചിഹ്നം തത്കാലത്തേക്കു ഇടക്കാല ഉത്തരവിലൂടെ മരവിപ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. കമ്മീഷന്‍ സെക്രട്ടറി പി.ഗീതയാണ് മറുപടി നല്കിയിട്ടുള്ളത്.

കമ്മീഷന്റെ വിജ്ഞാപനം നമ്പര്‍ 106/2015/എസ്ഇസി തീയതി 30.06.2015 അനുസരിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കായി അനുവദിച്ചിട്ടുള്ള ചിഹ്നങ്ങളുടെ കൂട്ടത്തില്‍ നാല്പതാമത്തേതാണ് ഹെല്‍മറ്റ്. എന്നാല്‍ ഹെല്‍മറ്റ് എന്നു എഴുതിവച്ചാല്‍ മാത്രമേ ചിഹ്നം മനസിലാകൂ. ഇതും ഒരു തരം ഹെല്‍മറ്റാണെന്നു വാദിക്കാമെങ്കിലും തെറ്റിദ്ധാരണ ഉളവാക്കുന്ന ചിഹ്നം ഔദ്യോഗികമായി പ്രസിദ്ധീകരിക്കരുതെന്നായിരുന്നു ആവശ്യം.

വിവിധ ഉപയോഗങ്ങള്‍ക്കായി പല തരം ഹെല്‍മറ്റുകള്‍ വിപണിയിലുണ്ടെങ്കിലും മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ളതാണ് ജനസാമാന്യത്തിനിടയില്‍ പൊതുവേ അറിയപ്പെടുന്നത്. നിയമപ്രകാരം അവയ്ക്കു നിശ്ചിത ആകൃതിയുണ്ട്. കൂടാതെ മാനദണ്ഡങ്ങള്‍ പാലിച്ചു ബിസ് (ഐ.എസ്.ഐ) മുദ്ര നേടേണ്ടതുമുണ്ട്. മുഖംമറയും (വൈസര്‍) താടി പട്ടയും (ചിന്‍ സ്ട്രാപ്പ്) അതിന്റെ അത്യാവശ്യ ഘടകങ്ങളാണ്. എന്നാല്‍ തെരഞ്ഞെടുപ്പു ചിഹ്നത്തിലെ ഹെല്‍മറ്റിന് അതൊന്നുമില്ല. കൂടാതെ ഈ ശിരോകവചം ഏതുപയോഗത്തിനുള്ളതാണെന്നു വ്യക്തവുമല്ല. പ്രാചീന യുദ്ധഭടന്മാര്‍ അണിയുന്നതു പോലുള്ള പടത്തൊപ്പിയാണെന്നു പെട്ടെന്നു ഒറ്റനോട്ടത്തില്‍ തോന്നാം.

ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികരെ കേരള സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശ പ്രകാരം പോലീസ് വ്യാപകമായി വഴിയില്‍ തടഞ്ഞു ഉടനടി ശിക്ഷവിധിച്ചു പിഴ ഈടാക്കുന്നതിനാല്‍, ബോധവത്കരണത്തിന്റെ കൂടെ ഭാഗമായി ഇരുചക്രവാഹനയാത്രക്കാര്‍ക്കു നിയമാനുസൃതമുള്ള യഥാര്‍ഥ ഹെല്‍മറ്റിന്റെ രേഖാചിത്രം ചിഹ്നമാക്കുന്നതായിരിക്കും ഉചിതം. അല്ലെങ്കില്‍ നിയമപ്രകാരമുള്ള കോടതിനടപടികള്‍ ഒഴിവാക്കിയും പുറം സാക്ഷിമൊഴികള്‍ കണക്കിലെടുക്കാതെയും പിടിച്ചുനിര്‍ത്തി ചോദ്യവും ഉത്തരവുമില്ലാതെ, ഉടന്‍തന്നെ കര്‍ശന ശിക്ഷ നല്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ തെറ്റായ സന്ദേശം പൊതുജനങ്ങളില്‍ പരത്തും. ക്രിമിനല്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ പോലും അതിന്റേതായ നിയമരീതികളും നടപടിക്രമങ്ങളുമുണ്ട്. എന്നാല്‍ മറ്റാര്‍ക്കും ശാരീരികമായോ മാനസികമായോ ക്ഷതമുണ്ടാക്കാത്ത ഒരു കാര്യത്തിനു വന്‍തോതിലുള്ള ശിക്ഷാപണപ്പിരിവു മാത്രമാണ് ലക്ഷ്യമാക്കുന്നതെന്നു വ്യക്തമാണ്.

അല്ലാത്തപക്ഷം, നിലവിലുള്ള പട്ടികയില്‍ പ്രതിരൂപത്തിലാക്കിയ ചിഹ്നം ഏതിനം ഹെല്‍മറ്റാണെന്നു രേഖപ്പെടുത്തണം. ഓരോതരം പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഹെല്‍മറ്റുകള്‍ വിവിധ തരത്തിലും ഗുണത്തിലുമുള്ളതാണ്. കാഴ്ചയിലും വ്യത്യസ്ഥം. മോട്ടോര്‍ സൈക്കിളുകാര്‍ക്കുള്ളതും സൈക്കിള്‍ യാത്രക്കാര്‍ക്കുള്ളതും വ്യത്യസ്ഥമാണ്. ഫാക്ടറി ജോലിക്കാര്‍ വയ്ക്കുന്ന സേഫ്റ്റി ഹെല്‍മറ്റും പോലീസുകാര്‍ വയ്ക്കുന്ന റയട്ട് ഹെല്‍മറ്റും വെവ്വേറെയാണ്. ഇരുചക്രവാഹനക്കാര്‍ക്കുള്ളതാണെങ്കില്‍ തന്നെ ഫുള്‍ ഫേസ്, ഓപ്പണ്‍ ഫേസ്, ഹാഫ് ഫേസ് തുടങ്ങി പല തരങ്ങളില്‍ ലഭ്യമാണ്.

നിയമപ്രകാരമല്ലാത്തതും മാനദണ്ഡങ്ങള്‍ പാലിക്കാത്തതും നിലവാരമില്ലാത്തതും ഇന്ത്യയില്‍ ലഭ്യമല്ലാത്തതുമായ ഹെല്‍മറ്റ് ധരിച്ചും ചിന്‍സ്ട്രാപ് മുറുക്കാതെയുമുള്ള രീതിയില്‍ ചില നടന്മാരുടെ ഫോട്ടോ സഹിതം ചിത്രീകരിച്ചിട്ടുള്ള, ഹെല്‍മറ്റ് ധരിക്കണമെന്നാവശ്യപ്പെട്ടുള്ള പരസ്യങ്ങള്‍ കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലും മറ്റും പ്രസിദ്ധീകരിച്ചത് വ്യാപകമായ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. സര്‍ക്കാര്‍ പരസ്യങ്ങളും ചിഹ്നങ്ങളും ഇന്ത്യയിലെ നിയമങ്ങള്‍ പ്രകാരം നിര്‍ദേശിക്കുന്ന സാമഗ്രികളുമായി പരസ്പരബന്ധമുണ്ടായിരിക്കണം. കൂടാതെ ചിഹ്നം മാത്രം അടിസ്ഥാനമാക്കി വോട്ടു ചെയ്യുന്നവര്‍ക്ക് ചിഹ്നം ഒട്ടും സങ്കീര്‍ണമാക്കാതെ പെട്ടെന്നു തിരിച്ചറിയാനുമാകണം.

കൂടെയുള്ള വിശദമായ വിവരണം വായിച്ചാല്‍ മാത്രമാണ് ചിഹ്നം മനസിലാക്കാനാകൂ എന്ന അവസ്ഥ മാറ്റേണ്ടതുണ്ട്. വെളുപ്പു കൂടുതലുള്ള 'ബ്ലാക്ക് ബോര്‍ഡ്', പുല്ലു ചെത്തുന്ന രീതിയിലുള്ള 'വിളവെടുക്കുന്ന കര്‍ഷകന്‍', മൂന്നു ഇതളുള്ള രണ്ടു പൂക്കളടങ്ങിയ 'പുഷ്പങ്ങളും പുല്ലും' തുടങ്ങിയവ ഉദാഹരണങ്ങള്‍. അതിനാല്‍ ഇപ്പോഴുള്ള ഹെല്‍മറ്റ് ചിഹ്നം തുടരാനാണ് തീരുമാനിക്കുന്നതെങ്കില്‍ അത് ഏത് ഇനം ഹെല്‍മറ്റ് ആണെന്നു വിവരണത്തിലൂടെ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.