Breaking News

Trending right now:
Description
 
Oct 22, 2015

റിയാല്‍റ്റി ബൂം തീര്‍ന്നു, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ വീടുകള്‍കള്‍ക്ക്‌ ഡിമാന്‍ഡ്‌ ഇടിഞ്ഞു

വിനോദ്‌ മത്തായി
image സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പ്രത്യേകിച്ച്‌, വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ വീടുകള്‍ക്കും റിയല്‍എസ്‌റ്റേറ്റിനുമുള്ള ഡിമാന്‍ഡ്‌ കുറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി വില കുതിക്കുകയായിരുന്നു. എന്നാല്‍, താങ്ങാനാവത്തത്ര വില ഉയര്‍ന്നതോടെ ബൂം പീരിയഡിന്‌ അവസാനമായി.

 കഴിഞ്ഞ ആഴ്‌ചകളില്‍ വീടുകള്‍ക്കും പ്ലോട്ടുകള്‍ക്കുമുള്ള ഡിമാന്‍ഡ്‌ കുത്തനെ കുറഞ്ഞതായി ഈ രംഗത്തുളളവര്‍ വ്യക്തമാക്കുന്നു. വീടുകള്‍ക്കായുള്ള അന്വേഷണം വളരെ കുറഞ്ഞു. വാടകയ്‌ക്കും വില്‍ക്കാനുമുള്ള വീടുകളുടെ ലിസ്റ്റിംഗ്‌ എണ്ണം വര്‍ദ്ധിച്ചുവരുന്നു. 

വീടുവയ്‌ക്കാനുള്ള പ്ലോട്ടുകള്‍ വാങ്ങാന്‍ താത്‌പര്യമുള്ളവരുടെ മീറ്റിംഗുകള്‍ക്ക്‌ എത്തുന്നവരുടെ എണ്ണം ശരാശരി എണ്‍പതില്‍നിന്ന്‌ ആറും ഏഴുമായി കുറഞ്ഞിട്ടുണ്ട്‌. വില കൂടിയതുകൊണ്ട്‌ പല വീടുകളുടെയും വില ഒരു മില്യണ്‍ ഡോളറിന്‌ മുകളിലായിരുന്നു. ഇത്‌ താങ്ങാന്‍ കഴിയാത്ത ഇടത്തരക്കാരാണ്‌ കച്ചവടത്തില്‍നിന്ന്‌ ഉള്‍വലിഞ്ഞത്‌. നാലായിരം - അയ്യായിരം ഡോളര്‍ ശമ്പളം വാങ്ങുന്നവര്‍ക്ക്‌ ഒരു മില്യണ്‍ ഡോളറിന്റെ വീടിനെക്കുറിച്ച്‌ ചിന്തിക്കാനേ കഴിയാത്ത അവസ്ഥയാണിപ്പോള്‍. 

ജീവിതകാലം മുഴുവന്‍ ലോണ്‍ അടച്ചുതീര്‍ക്കേണ്ടിവരുമെന്നും മിച്ചം ശമ്പളംകൊണ്ട ജീവിക്കാന്‍ കഴിയില്ലെന്നും പത്തനംതിട്ടയില്‍നിന്നുമെത്തി നഴ്‌സായി ജോലി നോക്കുന്ന ജോസഫ്‌ ജോര്‍ജ്‌ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഒരു വീട്‌ എന്ന സ്വപ്‌നത്തില്‍നിന്ന്‌ പ്രവാസികളായ പലരും പിന്നോക്കം പോകുകയാണ്‌. വീടിന്‌ അഡ്വാന്‍സായി പണം നല്‌കിയവര്‍ പിന്‍മാറുന്നതും പതിവായിരുന്നു. 1993-ല്‍ രണ്ടു ലക്ഷം ഡോളറില്‍ താഴെയായിരുന്നു സിഡ്‌നി സബേര്‍ബിലെ വീടുകളുടെ ശരാശരി വില. എന്നാല്‍, പത്തുവര്‍ഷത്തിനുശേഷം വില അഞ്ചു ലക്ഷം ഡോളറായി ഉയര്‍ന്നു. ഇപ്പോള്‍ വില ഒരു മില്യണ്‌ മേലെയായി.

 ഇതേസമയം ഫസ്റ്റ്‌ ഹോം ബയര്‍ക്കുള്ള ഹോം ലോണുകളുടെ എണ്ണം ഒന്‍പതു ശതമാനംവരെ ഉയര്‍ന്നിരുന്നു. ജോലികളുടെ എണ്ണം കൂടുതല്‍ ശമ്പളനിരക്ക്‌ കൂടുന്നതുമായിരുന്നു വീടുകളുടെ നിരക്കുകള്‍ കൂടാനുളള മാനദണ്ഡം. 

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഓസ്‌ട്രേലിയയുടെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍ വിലയിടിവുണ്ടാകുമെന്ന്‌ പറഞ്ഞിരുന്നു. പെര്‍ത്തില്‍ വീടുകള്‍ക്ക്‌ അടുത്തവര്‍ഷം ഏഴു ശതമാനം വരെ വില കുറയാമെന്നാണ്‌ ഇപ്പോഴത്തെ കണക്കുകൂട്ടല്‍ ഡാര്‍വിനില്‍ ആറു ശതമാനം വരെയും വില കുറയും. എന്നാല്‍, മെല്‍ബണില്‍ എട്ടു മുതല്‍ പതിമൂന്ന്‌ ശതമാനം വരെ വില കൂടാനാണ്‌ സാധ്യത.