Breaking News

Trending right now:
Description
 
Dec 22, 2012

ഇടുക്കിക്ക്‌ പ്രതീക്ഷയേകി അണക്കരയില്‍ വിമാനത്താവളം വരുന്നു

ഇ.എസ്‌. ജിജിമോള്‍, Special Correspondent
image
ഇടുക്കി ജില്ലയിലെ വിദേശമലയാളികള്‍ക്ക്‌ പുത്തന്‍ പ്രതീക്ഷകളേകി അണക്കരയില്‍ പുതിയ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു. അന്താരാഷ്ട്ര ടൂറിസം മാപ്പില്‍ സ്ഥാനം പിടിച്ച മൂന്നാര്‍, തേക്കടി, വാഗമണ്‍ തുടങ്ങിയ പ്രദേശങ്ങളുടെ വികസനസാധ്യത പരമാവധി ഉപയോഗപ്പെടുത്തുവാന്‍ ഇടുക്കി ജില്ലയില്‍ ഒരു വിമാനത്താവളം വന്നാല്‍ സാധ്യമാകുമെന്നാണ്‌ പ്രതീക്ഷ. 

അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ്‌ ഇടുക്കിയിലെ അണക്കരയില്‍ വിമാനത്താവളം എന്ന ആശയം കൂടുതല്‍ ചര്‍ച്ചയായത്‌. അതിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ അഞ്ചുകോടി രൂപ വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പിനായി മാറ്റിവച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പിന്നീട്‌ വന്ന യുഡിഎഫ്‌ സര്‍ക്കാരും ഈ പദ്ധതിയുമായി മുന്നോട്ട്‌ പോവുകയാണ്‌. ഇടുക്കിയിലെ പീരുമേട്‌-ഉടുമ്പന്‍ച്ചോല താലൂക്കിലെ ചക്കുപള്ളം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന എണ്ണൂറോളം ഏക്കര്‍ ഭൂമിയാണ്‌ വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്നത്‌.

വിമാനത്താവള പദ്ധതിക്കായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും വ്യോമയാന അതോറിറ്റിയുടെയും അനുമതി ലഭിച്ചുകഴിഞ്ഞു. നിര്‍മാണച്ചെലവിന്റെ 20% കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 

പാരിസ്ഥിതികമായി ഏറെ ദുര്‍ബലമാണ്‌ ഇടുക്കി എന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. ഗ്രീന്‍ഫീല്‍ഡ്‌ ഫീഡര്‍ എയര്‍പോര്‍ട്ടായാണ്‌ ഈ വിമാനത്താവളം നിര്‍മ്മിക്കുന്നത്‌. വിമാനത്താവള പദ്ധതിക്ക്‌ കണ്‍സള്‍ട്ടിനെ കണ്ടെത്തുവാനുള്ള നടപടിയും തുടങ്ങി കഴിഞ്ഞു. സാങ്കേതിക സാമ്പത്തിക സാധ്യത പഠനം നടത്തുന്നതിനും പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനും വിമാനത്താവള നിര്‍മാണത്തിന്റെ നോഡല്‍ ഏജന്‍സിയായ കേരള സംസ്ഥാന വ്യവസായ കോര്‍പറേഷന്‍ നടപടി ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. 500 ഏക്കറാണ്‌ ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കുന്നത്‌. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ നെല്‍പ്പാടങ്ങളില്‍ ഒന്നായ അണക്കര നെല്‍പ്പാടമാണ്‌ ഈ പദ്ധതിയിലേയ്‌ക്ക്‌ കണ്ടെത്തിയിരിക്കുന്നത്‌. 

മുപ്പത്‌ ശതമാനം ഭൂമിയില്‍ മാത്രാണ്‌ ഇപ്പോള്‍ ഇവിടെ നെല്‍കൃഷി ചെയ്യുന്നത്‌ എന്നതാണ്‌ വിമാനത്താവളത്തിന്‌ ഈ ഭൂമി തിരഞ്ഞെടുക്കുവാന്‍ കാരണം. ബാക്കി ഭൂമി മണല്‍ മാഫിയ വന്‍തോതില്‍ മണല്‍ ഖനനം നടത്തി ഉപയോഗ ശൂന്യമാക്കിയിട്ടിരിക്കുകയാണ്‌. 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കിയുടെ ജലസംഭരണിയാണ്‌ അണക്കര. തേക്കടി ഉള്‍പ്പെടെയുള്ള ടൂറിസം പ്രദേശത്തേയ്‌ക്ക്‌ വെള്ളം എത്തിക്കുന്നതില്‍ അണക്കരയെയാണ്‌ ഇപ്പോള്‍ ആശ്രയിക്കുന്നത്‌. ഒരിക്കലും വറ്റാത്ത അണക്കര തോട്‌ നിര്‍ദ്ധിഷ്ട പദ്ധതി പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. പാരിസ്ഥിതിക ദൗര്‍ബല്യം പരിഗണിച്ച്‌ എക്കോ ഫ്രണ്ട്‌ലി എയര്‍പോര്‍ട്ട്‌ എന്നതാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്‌. പൊതു-സ്വകാര്യ പങ്കാളിത്തതോടെയായിരിക്കും പദ്ധതി നടപ്പാക്കുക. 

ഗോള്‍ഫ്‌ ക്ലബ്‌, അഡ്വഞ്ചര്‍ ടൂറിസം, സ്‌പോര്‍ട്‌സ്‌ ഫ്‌ളയിങ്‌ ക്ലബ്‌, എന്നിവയ്‌ക്കുകൂടി സ്ഥലം കണ്ടെത്തുവാന്‍ പദ്ധതിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. അതിനായി മുന്നൂറ്‌ ഏക്കര്‍ സ്ഥലം കൂടി വകയിരുത്തിയിട്ടുണ്ട്‌.

എയര്‍ പോര്‍ട്ടുകള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നം കാരണം വികസിത രാജ്യത്തെ ജനങ്ങള്‍ എയര്‍പോര്‍ട്ടിനു സമീപം താമസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നാല്‍ കേരളത്തില്‍ ജനങ്ങള്‍ എയര്‍പോര്‍ട്ടിനു സമീപം ജീവിക്കുന്നതിനെ അനുകൂലിക്കുന്നവരാണെന്നതാണ്‌ വസ്‌തുത. വെറും ഇതുപത്‌ ശതമാനം പേര്‍ മാത്രമാണ്‌ ഈ പദ്ധതിയെ എതിര്‍ക്കുന്നത്‌. പ്രാദേശികമായി ഈ പദ്ധതിക്ക്‌ ജനങ്ങള്‍ വലിയ പിന്തുണ നല്‌കുന്നുണ്ട്‌. ഇടുക്കിയുടെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്‌. 

ഇടുക്കി-കുമളി സംസ്ഥാന ഹൈവേയില്‍ നിന്ന്‌ രണ്ടു കിലോമീറ്ററും പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന്‌ 20 കിലോ മീറ്റര്‍ ദൂരെയുമാണ്‌ നിര്‍ദിഷ്ട വിമാനത്താവളം. വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ സുഗന്ധവ്യഞ്‌ജന വ്യാപാരവും ടൂറിസവും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്‌ ഇടുക്കി നിവാസികള്‍.