Breaking News

Trending right now:
Description
 
Oct 14, 2015

വെള്ളക്കെട്ടുകള്‍ അടയാളപ്പെടുത്തല്‍: അധികാരികള്‍ മുഖം തിരിഞ്ഞ്

image ആലപ്പുഴ: മഴ പെയ്യുമ്പോള്‍ പട്ടണത്തില്‍ വെള്ളക്കെട്ടാകുന്ന സ്ഥലങ്ങള്‍ അടയാളപ്പെടുത്തി വെള്ളം ഒഴുക്കി വിടാനുള്ള സ്ഥിരം ചാല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തോട് അധികാരികള്‍ മുഖംതിരിച്ചിരിക്കുന്നതിനാല്‍ കാല്‍നടക്കാര്‍ അടക്കമുള്ള പൊതുജനങ്ങളാണ് ബുദ്ധിമുട്ടിലാകുന്നതെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി.

മഴ കനത്തു പെയ്യുമ്പോള്‍ പല പ്രദേശങ്ങളിലെയും റോഡുകളിലും ഇടവഴികളിലും പറമ്പുകളിലും വെള്ളക്കെട്ടുകള്‍ പെട്ടെന്നു രൂപം കൊള്ളുന്നത് പതിവാണ്. കുറച്ചു ദിവസങ്ങളിലേക്ക് അതു നീണ്ടു നില്ക്കുകയും ചെയ്യും. വെള്ളം കെട്ടിക്കിടക്കുന്നതു മൂലം വഴികള്‍ തകരുകയും കൊതുകു പൊരുകുകയും ചെയ്യും. അങ്ങനെയുള്ള സ്ഥലങ്ങള്‍ മഴക്കാലത്ത് അടയാളപ്പെടുത്തണമെന്നു വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ആലപ്പുഴയില്‍ ആവശ്യത്തിനു തോടുകളും കാണകളും നിലവിലുള്ളതിനാല്‍ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടാന്‍ എളുപ്പ മാര്‍ഗം കണ്ടെത്താവുന്നതേയുള്ളു.

മലിനജലം കളയാന്‍ പട്ടണത്തില്‍ അശാസ്ത്രീയമായും വളരെ ആഴത്തിലും നിര്‍മ്മിക്കുന്ന കാണകള്‍ ഫലത്തില്‍ ദോഷമാണ് പട്ടണവാസികള്‍ക്കു ചെയ്യുന്നത്. കാണയുടെ അകം പൊട്ടിപ്പൊളിഞ്ഞും താഴെ സിമിന്റു തേക്കാതെയും വൃത്തിയാക്കാതെയും കിടക്കുന്നതിനാല്‍ അതില്‍ വീഴുന്ന ഖരമാലിന്യങ്ങള്‍ നിറഞ്ഞു വെള്ളമൊഴുക്കു തടസപ്പെട്ടു പ്രദേശമാകെ വെള്ളം കെട്ടിക്കിടക്കുന്നതു പതിവാണ്. ആവശ്യത്തിനു ചെരിവില്ലാത്തതിനാല്‍ പലയിടത്തും മലിനജലം കെട്ടിക്കിടന്നു ദുര്‍ഗന്ധം പരക്കുകയും കൊതുകുകളും എലികളും പെരുകുകയും ചെയ്യുന്നുണ്ട്. അനധികൃതമായി വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യക്കുഴലുകള്‍ കാണകളിലേക്കു സ്ഥാപിക്കുന്നതും പ്രശ്‌നമാകുന്നുണ്ട്. 

കാണകളുടെ മുകളില്‍ സ്ഥാപിക്കുന്ന സ്ലാബുകള്‍ ബലമില്ലാത്തതിനാല്‍ വളരെ വേഗം പൊട്ടി തകര്‍ന്നു വിടവുകളുണ്ടാകുന്നതു അപകടകാരണമാകുന്നു. അവ സമനിരപ്പില്‍ സ്ഥാപിക്കാത്തതിനാല്‍ കാല്‍നടക്കാര്‍ക്കു പ്രയോജനപ്പെടുകയുമില്ല. ബലമുള്ള സ്ലാബുകളിലേക്കു വാഹനങ്ങള്‍ക്കു കയറാന്‍ പറ്റുന്ന രീതിയില്‍ റോഡില്‍ നിന്നു ചരിവുണ്ടെങ്കില്‍ പലയിടങ്ങളിലും പാര്‍ക്കിംഗിനു കൂടുതല്‍ സ്ഥലം ലഭ്യമാകും.

ജലനിര്‍ഗമന മാര്‍ഗങ്ങള്‍ ധാരാളമുള്ളതിനാല്‍ വളരെ ആഴത്തിലുള്ള കാണകള്‍ പട്ടണത്തില്‍ ആവശ്യമില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളം ഒഴുകിപോകത്തക്ക വിധം റോഡുവക്കുകളില്‍ ചെറുപാത്തികള്‍ നിര്‍മ്മിച്ചാല്‍ മണിക്കൂറുകള്‍ക്കകം തന്നെ റോഡു കവിഞ്ഞുനിറഞ്ഞു കിടക്കുന്ന ജലം ഒഴുക്കി വിടാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വാഹനങ്ങളുടെ ടയറുകള്‍ക്കു തടസമില്ലാത്ത വിധം ചരിവില്‍ പാത്തികള്‍ നിര്‍മിച്ചാല്‍ ഗതാഗതതടസം ഉണ്ടാകുകയുമില്ല.