Breaking News

Trending right now:
Description
 
Oct 14, 2015

ഗതാഗതം തടസ്സപ്പെടുത്തുന്ന ബോര്‍ഡുകള്‍ ഉടനെ നീക്കം ചെയ്യണം

image ആലപ്പുഴ: റോഡിലെ അനധികൃത ബോര്‍ഡുകളും മറ്റും മുനിസിപ്പല്‍ തെരഞ്ഞെടുപ്പു പ്രമാണിച്ച് ഉടനെ നീക്കം ചെയ്യണമെന്നു ആലപ്പുഴ ജില്ലാ കളക്ടറോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) അഭ്യര്‍ഥിച്ചു.

ഗതാഗതവും കാല്‍നടയാത്രയും കാഴ്ചയും തടസ്സപ്പെടുത്തുന്ന ബോര്‍ഡുകളും തൂണുകളും അടക്കമുള്ള എല്ലാ അനധികൃത നിര്‍മിതികളും ഏച്ചുകെട്ടലുകളും 2015-ലെ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നിയമപ്രകാരം എടുത്തു നീക്കേണ്ടതുണ്ട്. ഈ അവസരം ഫലപ്രദമായി വിനിയോഗിച്ച് ആലപ്പുഴ പട്ടണത്തിലെ ഗതാഗതം സുഗമമാക്കാനുള്ള നടപടി നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്ന അവസാന തീയതിയില്‍ തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കണമെന്നു അഭ്യര്‍ഥിച്ചിട്ടുണ്ട്. വഴിയില്‍ അപകടകാരണമാകുന്ന എല്ലാ വസ്തുവകകളും ഒഴിവാക്കണം.

ഇത്തരം അനധികൃത വസ്തുക്കള്‍ എടുത്തു നീക്കണമെന്ന പൊതുജന ആവശ്യം നിരന്തരമായി ഉയരുന്നുണ്ടെങ്കിലും, കഴിഞ്ഞ പല മാസങ്ങളായി അധികൃതര്‍ ആവര്‍ത്തിച്ചു ഉത്തരവു പുറപ്പെടുവിക്കുന്നതല്ലാതെ റോഡില്‍ പ്രത്യേക മാറ്റമൊന്നും കാണാറില്ല. ഇങ്ങനെ നീക്കം ചെയ്യുന്നതിന്റെ സ്ഥാനത്ത് ഭാവിയില്‍ പുതുതായി കൈയേറി എന്തെങ്കിലും അനധികൃതമായി സ്ഥാപിക്കുന്നവര്‍ക്ക് എതിരെ ഉടനടി നടപടി സ്വീകരിക്കാനുള്ള സ്ഥിരം സംവിധാനത്തിനും ഏര്‍പ്പാടുണ്ടാക്കേണ്ടിയിരിക്കുന്നു. ജില്ലാ കോടതി അടക്കമുള്ള പൊതുസ്ഥാപനങ്ങളുടെ മുന്നില്‍പ്പോലും നിയമം നടപ്പിലാക്കാനാകാത്തത് ആക്ഷേപകരമാണ്. 

തെരഞ്ഞെടുപ്പു പ്രമാണിച്ച് സ്വകാര്യ മതിലുകളിലുള്ള ചുവരെഴുത്തും ഭിത്തികളില്‍ പതിപ്പിച്ച പോസ്റ്ററുകളും ഫലപ്രഖ്യാപനം നടന്നയുടന്‍ നീക്കി വൃത്തിയാക്കാനുള്ള കര്‍മ്മപദ്ധതിയും നടപ്പാക്കണമെന്നു അഭ്യര്‍ഥിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളോ രാഷ്ട്രീയ പാര്‍ട്ടികളോ സ്വമേധയാ ഇക്കാര്യം ചെയ്യുകയില്ലെന്നുള്ളതാണ് ഇത്രയും നാളുകളായുള്ള അനുഭവം.