Breaking News

Trending right now:
Description
 
Oct 14, 2015

ആലപ്പുഴ പട്ടണത്തിലുള്ള ശില്പങ്ങളും പ്രതിമകളും സംരക്ഷിക്കണം

image ആലപ്പുഴ: പട്ടണത്തിലെ പ്രദേശ അടയാളങ്ങളായി മാറിയിട്ടുള്ള ശില്പങ്ങളും പ്രതിമകളും സംരക്ഷിച്ചു നിലനിര്‍ത്താന്‍ മുനിസിപ്പാലിറ്റി സ്ഥിരസംവിധാനമൊരുക്കണമെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. 

പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യവും പൊതുവുമായ മനോഹരങ്ങളായ ശില്പനിര്‍മിതികള്‍ പലതും ആവശ്യമായ പരിചരണം ലഭിക്കാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. കല്ലിലും സിമിന്റിലും വെങ്കലത്തിലും മറ്റും കൊത്തിയും വാര്‍ത്തും മെനഞ്ഞിട്ടുള്ള ശില്പങ്ങള്‍ക്കു ആവശ്യമായ അറ്റകുറ്റപ്പണികള്‍ കാലാകാലം നടത്തേണ്ടതുണ്ട്. പൊതുവായി സ്ഥാപിച്ചിട്ടുള്ള വന്‍ ശില്പങ്ങള്‍ എല്ലാം കാടുകയറിയും പായല്‍ പിടിച്ചും കിടക്കുകയാണ്. പരിപാലനത്തിന് സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹായവും തേടാം.

വിദ്യാ തിയേറ്ററിനു മുന്നിലുള്ള ശാകംബരി, വാടക്കനാല്‍ തീരത്തുള്ള മത്സ്യ കന്യക തുടങ്ങിയ വന്‍ ശില്പങ്ങളും നെഹ്‌റു ട്രോഫി പവലിയനിലെ ജവാഹര്‍ലാല്‍ നെഹ്‌റു, കളര്‍കോട് ജംഗ്ഷനിലെ രാജാ കേശവദാസ് തുടങ്ങിയ പൂര്‍ണകായ പ്രതിമകളും ദര്‍ശനപുരത്തെ മുരിക്കന്‍, ബീച്ചിലെ രാജാവ് തുടങ്ങിയ അര്‍ധകായ പ്രതിമകളും നിലനില്‌ക്കേണ്ട സ്മാരക കാഴ്ചകളാണ്. കനാല്‍ തീരങ്ങളില്‍ പുതിയ ശില്പങ്ങള്‍ നിര്‍മ്മിക്കുന്നുമുണ്ട്. പലരുടെയും സ്വകാര്യ ശേഖരങ്ങളിലും മികച്ച സൃഷ്ടികളുണ്ട്. രവി കരുണാ കരന്‍ മെമ്മോറിയല്‍ മ്യൂസിയത്തിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള 'ധൂര്‍ത്തനായ പുത്രന്‍' അത്തരത്തിലൊന്നാണ്. ആലപ്പുഴ വഴിയുള്ള തീരദേശ റെയില്‍പാതയെന്ന ആശയം അവതരിപ്പിച്ച കെ.എല്‍.ഓമനപിള്ളയുടെ പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കണമെന്ന ആശയത്തിന് വന്‍ പിന്തുണയാണുള്ളത്.