ക്രിസ്മസ് ആഘോഷിക്കാന്‍ ഇറ്റാലിയന്‍ തടവുകാര്‍ ജന്മനാട്ടിലേയ്ക്ക് പോയപ്പോള്‍ ക്രിസ്മസും നവരാത്രിയും ഒന്നും ആഘോഷിക്കാനാവാതെ എഴുപതിലധികം വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത് ഏഴായിരത്തോളം തടവുകാര്‍. ഇറ്റലിയില്‍ മാത്രം നൂറിലധികം ഇന്ത്യക്കാര്‍ തടവിലുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് തയാറല്ലെന്നാണ് രണ്ടുവര്‍ഷം മുമ്പ് ഔദ്യോഗികമായി പാര്‍ലമെന്റില്‍ വിദേശകാര്യവകുപ്പ് വ്യക്തമാക്കിയത്. തടവുകാരുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനാണിതെന്നും വിശദമാക്കപ്പെട്ടു.
2010-ലെ കണക്കനുസരിച്ച് ഏഴു മലയാളികളടക്കം 33 ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ തടവറയില്‍ കിടക്കുന്നു. അവരെ തിരിച്ചു കൊണ്ടുവരുവാന്‍ തടസമായത് കേരളത്തിലെയും തമിഴ്നാട്ടിലെയും സര്‍ക്കാരുകള്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതു കൊണ്ടാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സല്മാന് ഖുര്ഷിത് കഴിഞ്ഞ നവംബര്‍ 30-ന് ലോകസഭയില്‍ പി. കരുണാകരന് എംപിയ്ക്ക് രേഖാമൂലം മറുപടി നല്‍കിയത്. കേരള സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും രണ്ട് തടവുകാരുടെ കാര്യത്തില്‍ മാത്രമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കപ്പല്‍ ജോലിക്കാരായ ധാരാളം മലയാളികളെ കാണാതായിട്ടുണ്ടെന്നാണ് അവരുടെ കാര്യത്തില്‍ കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ നിയമസഭയില്‍ ലാഘവ ബുദ്ധിയോടെ കെ. മുരളീധരന് എംഎല്‍എയുടെ ചോദ്യത്തിനു നല്കിയ മറുപടി.
എന്നാല്‍ കേരള സര്‍ക്കാര്‍ ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ കാണിച്ച നാലില്‍ ഒരു ശുഷ്കാന്തിയെങ്കിലും കാണിച്ചിരുന്നുവെങ്കില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടവറയില്‍ കഴിയുന്ന പലര്‍ക്കും നാട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാമായിരുന്നു.