Breaking News

Trending right now:
Description
 
Oct 14, 2015

റോഡുകളിലെയും നടപ്പാതകളിലെയും എല്ലാവിധ തടസങ്ങളും ഒഴിവാക്കണം

image ആലപ്പുഴ: പട്ടണത്തില്‍ ഗതാഗതം സുഗമമാക്കുന്നതിനു റോഡുകളിലെയും നടപ്പാതകളിലെയും എല്ലാവിധ തടസങ്ങളും ഒഴിവാക്കണമെന്ന ആവര്‍ത്തിച്ചുള്ള ആവശ്യം അധികൃതര്‍ നടപ്പിലാക്കാത്തതില്‍ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ പ്രതിഷേധിച്ചു. വാഹനങ്ങള്‍ക്കു മാത്രമല്ല കാല്‍നടക്കാര്‍ക്കും വഴിയില്‍ മുന്‍ഗണന ലഭിക്കണം. വിവിധ തടസങ്ങളാല്‍ പട്ടണം ഗതാഗതക്കുരുക്കു കൊണ്ടു വലയുമ്പോഴും അപകടങ്ങള്‍ കൂടുമ്പോഴും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പിഴ പിരിക്കാനുള്ള ഉത്സാഹത്തിലാണ് പോലീസ്. 

പാലങ്ങളുടെ കയറ്റിയിറക്കത്തിനും ജംഗ്ഷനുകളുടെ വളവിനും ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് നിരോധിക്കുക, അവിടങ്ങളിലെ ഓട്ടോറിക്ഷ, ടാക്‌സി സ്റ്റാന്‍ഡുകള്‍ മാറ്റുക, അനധികൃത വഴിവാണിഭവും തട്ടുകടകളും കടകളുടെ ഏച്ചുകെട്ടലുകളും നീക്കം ചെയ്യുക, പരസ്യ ബോര്‍ഡുകള്‍ നിരത്താന്‍ അനുവദിക്കാതിരിക്കുക, റോഡുവക്കിലും നടപ്പാതകളിലും സ്ഥിരമായി ഇട്ടിരിക്കുന്ന വസ്തുക്കളും വാഹനങ്ങളും കൊടിതോരണങ്ങളും എടുത്തുമാറ്റുക തുടങ്ങിയ പണച്ചെലവില്ലാത്ത കാര്യങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ നടപ്പിലാക്കിയാല്‍ തന്നെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചാരം സൗകര്യപ്രദമാകുകയും പാര്‍ക്കിംഗിനു സ്ഥലം ലഭിക്കുകയും ചെയ്യും. 

ഇത്തരം നിസാര കാര്യങ്ങള്‍ പോലും ചെയ്യാതെ എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ഇന്ധനച്ചെലവും മറ്റു ജംഗ്ഷനുകളിലെ കുരുക്കും കൂട്ടുകയും ചെയ്യുന്ന വിധത്തില്‍ പട്ടണത്തില്‍ അശാസ്ത്രീയമായി വണ്‍വേകളും നോ റൈറ്റ് ടേണ്‍ നിരോധനങ്ങളും ഏര്‍പ്പെടുത്തുക മാത്രമാണ് അധികൃതര്‍. റോഡുവക്കിലെ കേബിള്‍ കുഴികളും റോഡിലെ കുണ്ടും ഗര്‍ത്തങ്ങളും കൂടാതെ മൂടി തകര്‍ന്ന കാണകളും എല്ലാം കൂടി പൊതുജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ്. തകര്‍ന്നു കിടക്കുന്ന റോഡുകള്‍ക്ക് അറ്റകുറ്റപ്പണി പോലും നടത്താതെ, വശങ്ങളിലുള്ള മരങ്ങളിലും പരസ്യ ബോര്‍ഡുകളിലും വെറുതെ 'മോഡല്‍ റോഡ്' എന്നെഴുതിയിട്ടുള്ള ചെറു ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ തറച്ചുവച്ചു ജനങ്ങളെ വിഡ്ഢികളാക്കുന്നതും ആലപ്പുഴയില്‍ കാണാം.