Breaking News

Trending right now:
Description
 
Oct 14, 2015

റോഡിലെ മാലിന്യം: നിയമലംഘകരെ അറസ്റ്റ് ചെയ്തു നടപടിയെടുക്കണം

image ആലപ്പുഴ: റോഡുകളില്‍ കുന്നുകൂടുന്ന മാലിന്യം നീക്കം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ തൊട്ടടുത്തു അളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം നിറച്ച ചാക്കുകളും കിറ്റുകളും ഇട്ടിട്ടുപോകുന്ന നിയമലംഘകരെ അറസ്റ്റ് ചെയ്തു നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് സ്വമേധയാ രംഗത്തിറങ്ങണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. രാത്രിയിലാണ് റോഡിലെ മാലിന്യ നിക്ഷേപം ഏറെയെന്നതിനാലും അങ്ങനെ കൊണ്ടിടാന്‍ വരുന്ന പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നതിനാലും നാട്ടുകാര്‍ക്കു നേരിട്ടിറങ്ങി തടയാനോ ഏറ്റുമുട്ടാനോ ആകില്ല. രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയാല്‍ തന്നെ വന്‍ മാലിന്യമേറുകാരെ പിടികൂടാനാകും.

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ചു ടി.ആര്‍.എ പ്രദേശത്തെ റോഡുകളിലേയും ഇടവഴികളിലേയും മാലിന്യക്കൂനകള്‍ വീട്ടുകാരില്‍ നിന്നു പണം പിരിച്ചെടുത്തു നീക്കം ചെയ്തു ശുചീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റു പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ വഴിനീളെ മാലിന്യമിട്ടിട്ടു പോകുന്നതു ആക്ഷേപകരമാണ്. ബോര്‍ഡുകള്‍ സ്ഥാപിച്ചും നോട്ടീസുകള്‍ വിതരണം ചെയ്തും സമീപ പ്രദേശത്തെ ജനങ്ങള്‍ക്കിടയിലും തുടര്‍ച്ചയായി ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് സാമൂഹ്യബോധമില്ലാത്തവരുടെ അതിക്രമം. മുനിസിപ്പാലിറ്റി വക പരിസര ശുചീകരണം വര്‍ഷങ്ങളായി കാര്യക്ഷമമല്ലാത്തതിനാല്‍ പെട്ടെന്നാണ് മാലിന്യക്കൂനകള്‍ രൂപം കൊള്ളുന്നത്. ദുര്‍ഗന്ധം കൊണ്ടും പകര്‍ച്ചവ്യാധി ഭീഷണികൊണ്ടും സഹികെടുമ്പോള്‍ അയല്‍വീട്ടുകാര്‍ സഹകരിച്ചാണ് ഇടയ്ക്കിടെ പുല്ലുപറിയും ചപ്പുചവറുകള്‍ നീക്കലും അടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പട്ടണത്തില്‍ ജൈവ, അജൈവ മാലിന്യം ഏറെയുണ്ടാകുന്ന റിസോര്‍ട്ടുകള്‍, പഴം-പച്ചക്കറി കടകള്‍, കേറ്ററിംഗ് സര്‍വീസുകാര്‍, മത്സ്യ-ഇറച്ചിക്കടകള്‍, ആശുപത്രികള്‍ തുടങ്ങിയയിടങ്ങളില്‍ മുനിസിപ്പാലിറ്റി ഉറവിട മാലിന്യസംസ്‌ക്കരണം ഉറപ്പാക്കുകയും അല്ലാത്തവര്‍ക്ക് കൃത്യമായി പൊതു മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്താല്‍ തന്നെ വഴിയിലെ മാലിന്യനിക്ഷേപം കുത്തനെ കുറയും. വീട്ടില്‍ അല്പ സ്ഥലമുള്ളവര്‍ക്കു പോലും നിഷ്പ്രയാസം കത്തിച്ചുകളയാവുന്ന കടലാസും കൂടുകളും കരിയിലയും റോഡില്‍ കൊണ്ടിടുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. അജൈവ മാലിന്യ നിക്ഷേപത്തിനു ഇതുവരെ മുനിസിപ്പാലിറ്റി സൗകര്യം ഒരുക്കാത്തതും പ്രശ്‌നം ഗുരുതരമാക്കുന്നു.

കുറ്റവാളികളെ കണ്ടെത്താന്‍ മാലിന്യം നിറച്ച ചാക്കുകളിലും കിറ്റുകളിലും നിന്നു ലഭ്യമാകുന്ന തെളിവുകളും രേഖകളും പോലീസിനും മുനിസിപ്പാലിറ്റിക്കും സോഷ്യല്‍ മീഡിയയ്ക്കും ലഭ്യമാക്കും. മാലിന്യം എറിഞ്ഞു കടന്നുകളയുന്നവരെ കണ്ടെത്താന്‍ പോലീസ് നായ്ക്കളുടെ സേവനം ലഭ്യമാകുമോ എന്നും ആരാഞ്ഞിട്ടുണ്ട്.