Breaking News

Trending right now:
Description
 
Oct 14, 2015

മുസ്ലീമുകള്‍ക്കെതിരെ ആക്രമണം: പഞ്ചാബി എഴുത്തുകാരി പത്മശ്രീ തിരിച്ചുനല്‍കി

image മുസ്ലീമുകള്‍ക്കെതിരെ തുടര്‍ച്ചയായി അരങ്ങേറുന്ന ആക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ പഞ്ചാബി എഴുത്തുകാരി ദലീപ്‌ കൗര്‍ തിവാന തനിക്കുലഭിച്ച പത്മശ്രീ തിരിച്ചുനല്‍കി. സത്യത്തിനും നീതിക്കുമൊപ്പം നിലകൊള്ളുന്നവരെ കൊലപ്പെടുത്തുന്ന ഭരണകൂട ഭീകരത ഇന്ത്യയെ ലോകത്തിനുമുമ്പിലും ദൈവത്തിനുമുന്നിലും നാണംകെടുത്തുന്നുവെന്നുവെന്നു അവര്‍ വ്യക്തമാക്കി. അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ച്‌ എഴുത്തുകാരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ്‌ പഞ്ചാബി എഴുത്തുകാരിയും ഇത്തരത്തില്‍ തീരുമാനമെടുത്തത്‌. ഗൗതമബുദ്ധന്റെയും ഗുരുനാനാക്കിന്റെയും കര്‍മഭൂമിയാണിത്‌. ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരേ പ്രതികരിക്കുന്ന എഴുത്തുകാരെ അകറ്റിനിര്‍ത്തുകയും അവര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കീഴില്‍ എഴുത്തുകാര്‍ക്ക്‌ അഭിപ്രായസ്വാതന്ത്ര്യം നഷ്ടപ്പെട്ടതായി തിവാന പറഞ്ഞു. 1971 ല്‍ യെ ഹോ ഹമാര ജീവന ( ഇതാണ്‌ എന്റെ ജീവിതം) എന്ന നോവലിനാണു ദലിപ്‌ കൗര്‍ തിവാനയ്‌ക്കു സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചത്‌. പഞ്ചാബില്‍നിന്ന്‌ അക്കാഡമി പുരസ്‌കാരം തിരിച്ചുനല്‌കുന്ന എട്ടാമത്തെ ആളാണു തിവാന. എഴുത്തുകാരുടെ പ്രതിഷേധത്തിനെതിരേ വിവാദ പ്രസ്‌താവനയുമായി കേന്ദ്ര സാംസ്‌കാരികമന്ത്രി മഹേഷ്‌ ശര്‍മ രംഗത്തെത്തി. എഴുതാന്‍ കഴിയില്ലെന്നാണു പറയുന്നതെങ്കില്‍ അവര്‍ ആദ്യം എഴുത്തുനിര്‍ത്തട്ടെ, എന്നിട്ടു നോക്കാമെന്നാണ്‌ മഹേഷ്‌ ശര്‍മ പ്രതികരിച്ചത്‌. ഇത്രയധികം എഴുത്തുകാര്‍ പുരസ്‌കാരം തിരികെ നല്‌കിയിട്ടും പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാരോ പ്രതികരിക്കാത്തതു ദുഃഖകരമാണെന്ന്‌ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി പ്രതികരിച്ചു. അതേസമയം, ഒക്ടോബര്‍ 23ന്‌ കേന്ദ്ര സാഹിത്യ അക്കാദമി അടിയന്തര എക്‌സിക്യൂട്ടീവ്‌ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്‌.