Breaking News

Trending right now:
Description
 
Dec 22, 2012

സ്‌മാര്‍ട്ട്‌ഫോണ്‍ കൂടി, സെക്‌സ്‌ കുത്തനെ കുറഞ്ഞു

മരുവര്‍ കുഴലി
image
തണുപ്പുകൂടിയാല്‍, മഴക്കാലം വന്നാല്‍, ചൂടുകൂടി വീടിനു പുറത്തിറങ്ങാന്‍ കഴിയാതെ വന്നാല്‍ നാട്ടില്‍ പിള്ളാരുടെ എണ്ണം കൂടുമെന്നു പണ്ടൊക്കെ തമാശ പറയാറുണ്ടായിരുന്നു. അതൊക്കെ മറന്നേക്കൂ. ഇപ്പോള്‍ വീട്ടിനുള്ളില്‍ കഴിയേണ്ടി വരുന്ന കാലത്ത്‌ നെറ്റ്‌ ഉപയോഗത്തിന്റെ നിരക്ക്‌ കൂടും എന്നൊരു ദോഷം മാത്രമേ ഉള്ളൂവത്രേ. ടാബ്‌ലറ്റും ഐഫോണും നിറയുന്ന ഈ ലോകത്ത്‌ എന്തൊക്കെയായാലും സെക്‌സ്‌ കുറഞ്ഞുവരികയാണത്രേ. 

ഇന്റര്‍നെറ്റില്‍ നിരന്തരം കയറിയിറങ്ങി വേണ്ടതും വേണ്ടാത്തതും കാണാന്‍ കൊതിയാകുന്നവര്‍ക്കും സ്വജീവിതത്തില്‍ സെക്‌സ്‌ ആസ്വദിക്കാന്‍ മടിയാകുന്നുവെന്നാണ്‌ പഠനം. കാരണം സിംപിള്‍, കംപ്യൂട്ടറില്‍ നിന്ന്‌ തലയൂരിക്കഴിഞ്ഞ്‌ സമയം തീരെയില്ല. കുറ്റംപറയരുതല്ലോ, സ്‌മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും വ്യാപകമായതിനുശേഷം ഇക്കാര്യത്തില്‍ പുരോഗതി മേല്‍ക്കുമേല്‍ എന്നതാണ്‌ സ്ഥിതി. 

സ്വന്തം കിടക്കയില്‍ സ്‌മാര്‍ട്ട്‌ ഡിവൈസുകളുമായി നിരന്തരം ചങ്ങാത്തംകൂടുന്നവരില്‍ ആണും പെണ്ണുമുണ്ട്‌. എങ്കിലും തൊട്ടടുത്തു കിടക്കുന്ന പങ്കാളിയെ തിരിഞ്ഞൊന്നു നോക്കാനോ ഒരു വിരല്‍ കൊണ്ടുപോലും തൊട്ടുനോക്കാനോ ഒന്നാലിംഗനം ചെയ്യാനോ ശ്രമിക്കാറില്ലത്രേ!!. വെബ്‌സര്‍ഫിംഗ്‌ കൂടുന്തോറും സെക്‌സ്‌ജീവിതം കുറഞ്ഞുവരികയാണെന്ന്‌ ഈയിടെ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത പതിനഞ്ചു ശതമാനം പേരും തുറന്നു പറഞ്ഞു. കിടക്കുന്നതിനു മുമ്പാണ്‌ ട്വീറ്റിംഗും മെയില്‍നോട്ടവും ഫേയ്‌സ്‌ബുക്കില്‍ കയറ്റവും. പിന്നെ ഉറക്കംതൂങ്ങിതൂങ്ങി ഒറ്റക്കിടപ്പ്‌. ഉണര്‍ന്നെണീക്കുമ്പോള്‍ ഓഫീസില്‍ പോകാന്‍ സമയംകഴിഞ്ഞു.

രണ്ടായിരത്തിലധികം പേരാണ്‌ ബ്രിട്ടണിലെ സര്‍വേയില്‍ പങ്കെടുത്തത്‌. ഓഫീസില്‍ മുഴുവന്‍ സമയവും കംപ്യൂട്ടറിനു മുന്നിലിരുന്ന്‌ വാടിക്കരിഞ്ഞു വരുന്നവരാണ്‌ ഇന്നത്തെ ചെറുപ്പക്കാരായ ദമ്പതികള്‍. അത്താഴം കഴിച്ച്‌ എങ്ങനെയും കയറിക്കിടക്കാനാണ്‌ താത്‌പര്യം. ക്ഷീണം മാറിക്കഴിഞ്ഞ്‌ അതിരാവിലെ സെക്‌സ്‌ പരീക്ഷിക്കാമെന്നാണ്‌ ഇത്തരക്കാര്‍ക്കായി ഫിലാഡല്‍ഫിയയിലെ സൈക്കോളജിസ്‌റ്റും ഹ്യൂമന്‍ സെക്ഷ്വാലിറ്റി പ്രഫസറുമായി ഫിലിപ്‌ റട്ടര്‍ പറയുന്നത്‌. പുരുഷന്മാര്‍ക്ക്‌ സ്വാഭാവികമായി അതിരാവിലെ ഉത്തേജനം ഉണ്ടാകുമെന്നതിനാല്‍ രാവിലെ ഇണയോട്‌ താത്‌പര്യം കൂടുതലായിരിക്കുമെന്നത്‌ ഗുണകരമാകും. 

നാല്‌പ്പതുകഴിഞ്ഞ സ്‌ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാകുന്നത്‌ സെക്‌സ്‌ കുറയാന്‍ കാരണമാണ്‌. അതുകൊണ്ടുതന്നെ ലൈംഗിക ബന്ധത്തിനുള്ള ഉത്സാഹം കുറയും. ഹോര്‍മോണ്‍ റീപ്ലേയ്‌സ്‌മെന്റ്‌ ചികിത്സകള്‍ ഇവര്‍ക്കായി പരീക്ഷിക്കാം. 

വിരസമായ ഒരേ മട്ടിലുള്ള രീതികള്‍ ഇണയെ മടുപ്പിച്ചു കളയും. ഇതൊക്കെയൊന്നു മാറ്റി പരീക്ഷിച്ചുനോക്കൂ.

മരുന്നുകളാണ്‌ മറ്റൊരു വില്ലന്‍. ആന്റി ഡിപ്രസന്റുകളോ, ഞെഞ്ചെരിച്ചിലിനുള്ള മരുന്നുകളോ, ഗര്‍ഭനിരോധനത്തിനുളള മരുന്നുകളോ, പ്രഷറിനുള്ള മരുന്നുകളോ ഇങ്ങനെ സെക്‌സിനെ മുടക്കാനെത്തും. ഇക്കാര്യം നിങ്ങളുടെ ഡോക്ടറുമായി തുറന്നു സംസാരിക്കാം. 

മദ്യം അകത്താക്കുന്നവര്‍ സെക്‌സില്‍ അതീവ താത്‌പര്യം കാണിക്കാറുണ്ട്‌. ചിലരുടെ കാര്യത്തില്‍ മദ്യം വിനയാകും. ഉത്സാഹം കാണിക്കുന്നതല്ലാതെ മുന്നോട്ടു പോകാനാവാതെ അവര്‍ തളര്‍ന്നു വീഴും. രണ്ടു പെഗില്‍ കൂടിയാല്‍ ഫലം വിപരീതമാണെന്നത്‌ ഓര്‍ത്തിരിക്കുക.