Breaking News

Trending right now:
Description
 
Oct 13, 2015

ആലപ്പുഴയിലെ മോഡല്‍ റോഡുകളില്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ വേണം: ടി.ആര്‍.എ

കലുങ്കുകളും ജംഗ്ഷനുകളും വീതി കൂട്ടി സിഗ്നലുകള്‍ കൃത്യമായി സ്ഥാപിക്കണം
image ആലപ്പുഴ: പട്ടണത്തില്‍ മോഡല്‍ റോഡുകള്‍ (മാതൃകാ പാത) പ്രഖ്യാപിച്ചു വെറുതെ എഴുതി വയ്ക്കും മുന്‍പ് വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ആവശ്യമായ സുരക്ഷാനടപടികളും സുഗമയാത്രയ്ക്കുള്ള ക്രമീകരണങ്ങളും ഏര്‍പ്പാടാക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു. 

റോഡരുകിലെ മരങ്ങളിലും സ്വകാര്യ പരസ്യ-സ്ഥലനാമ-ദൂര ബോര്‍ഡുകളിലും മറ്റും തുടര്‍ച്ചയായി മോഡല്‍ റോഡ് എന്നു രേഖപ്പെടുത്തിയ ചെറു ഫഌക്‌സ് ബോര്‍ഡുകള്‍ ഏതാനും ആഴ്ചകളായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡുകള്‍ പഴയപടി അപകടകരമായിത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ പക്ഷം, സിഗ്നല്‍, ദിശാ ബോര്‍ഡുകളില്‍ ഒട്ടിച്ചിട്ടുള്ള പോസ്റ്ററുകള്‍ നീക്കംചെയ്തു വൃത്തിയാക്കി അക്ഷരങ്ങള്‍ വായിക്കാവുന്ന വിധം പോലുമാക്കാതെയാണ് 'ആലപ്പി പോലീസി'ന്റെ മോഡല്‍ റോഡ് പ്രഖ്യാപനം. (ഔദ്യോഗിക കാര്യങ്ങള്‍ക്കു ഇംഗ്ലീഷിലും ആലപ്പുഴയെന്നാണ് ഉപയോഗിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.)

കാല്‍നടയാത്രക്കാര്‍ക്കു റോഡിലെക്കു കയറിനടക്കേണ്ടി വരില്ലാത്ത രീതിയില്‍ തടസങ്ങളില്ലാത്ത നടപ്പാതയുണ്ടാക്കുകയാണ് റോഡ് അപകടരഹിതമാക്കാന്‍ ആദ്യം ചെയ്യേണ്ടത്. അതിനു റോഡു വക്കിലെ അനധികൃത നിര്‍മിതികള്‍ എല്ലാം തന്നെ നീക്കം ചെയ്യേണ്ടതുണ്ട്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഉടനുടന്‍ നടത്തുകയും ഉണ്ടാകുന്ന തടസങ്ങള്‍ മാറ്റുകയും വേണം. റോഡിന്റെ പ്രയോജനം പൂര്‍ണമായും യാത്രക്കാര്‍ക്കു ലഭ്യമാകണം.

റോഡിലെ അപകടസാധ്യതയേറിയ മേഖലകള്‍ അങ്ങനെ തന്നെ നിലനിര്‍ത്തിയാണ് മോഡല്‍ റോഡ് പ്രഖ്യാപനം. നേരത്തെയുണ്ടായിരുന്ന മുന്നറിയിപ്പു സൂചനകള്‍ ഇപ്പോഴും മാറ്റമില്ലാതെ അവിടെയുണ്ട്. മോഡല്‍ റോഡാക്കുന്നതിനു മുന്‍പ് അപകടസാധ്യതകള്‍ എത്രയും ഒഴിവാക്കുന്നതിനായി അപകടകാരണമാകുന്ന എല്ലാം നീക്കം ചെയ്തു റോഡ് വിശാലമാക്കേണ്ടതുണ്ട്. ഇടുങ്ങിയ കലുങ്കുകളും ജംഗ്ഷനുകളും വീതി കൂട്ടി ആവശ്യമായ സിഗ്നലുകള്‍ കൃത്യമായി സ്ഥാപിക്കണം.

പട്ടണത്തിലേക്കു കടന്നു വരുന്ന ദേശീയ പാതയിലും ശവക്കോട്ട പാലം - വൈ.എം.സി.എ പാലം റോഡിലും മറ്റുമാണ് മോഡല്‍ റോഡ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ റോഡിലെ അപകടകരമായ കുണ്ടും കുഴികളും അടച്ച് റീടാറിംഗ് നടത്തിയിട്ടില്ല. റോഡിന്റെ ഉയരത്തിനൊപ്പം അരികുകള്‍ ഉയര്‍ത്തുക, കാല്‍നടക്കാര്‍ക്കുള്ള നടപ്പാതകള്‍ തടസരഹിതമാക്കുക, റോഡിലെ മാഞ്ഞുപോയ സിഗ്നല്‍ വരകളും സീബ്രാ ക്രോസിംഗുകളും പുനഃസ്ഥാപിക്കുക, റോഡുവക്കില്‍ കൂട്ടിയിട്ടിരിക്കുന്ന കല്ലും കട്ടകളും റോഡിലേക്കു കയറിക്കിടക്കുന്ന മണ്ണും നീക്കം ചെയ്യുക, വഴിവാണിഭവും അനധികൃത ഏച്ചുകെട്ടലുകളും കാഴ്ചമറയ്ക്കുന്ന ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും എടുത്തുമാറ്റുക, പാലങ്ങളുടെയും ജംഗ്ഷനുകളുടെയും വളവുകളിലുള്ളതും കൂടാതെ റോഡിലേക്കു കയറിക്കിടക്കുന്നതുമായ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ ഒഴിവാക്കുക, നിര്‍ദേശബോര്‍ഡുകള്‍ക്കു മുന്നിലുള്ള വള്ളിപ്പടര്‍പ്പുകളും ചില്ലകളും മുറിക്കുക, റോഡിലേക്കു അപകടരമായി ചാഞ്ഞതും വൈദ്യുതി ലൈനുകളില്‍ മുട്ടുന്നതുമായ വൃക്ഷശിഖരങ്ങള്‍ വെട്ടിനീക്കുക, മികച്ച ബസ് സ്റ്റോപ്പുകളും ബേകളും സ്ഥാപിക്കുക, ഭൂഗര്‍ഭ കേബിളിനായി കുഴിച്ച നീളന്‍ കുഴികള്‍ ഉറപ്പിച്ചു മൂടുക, മുന്നറിയിപ്പു നല്കുന്ന വഴിയടയാളങ്ങള്‍ സ്ഥാപിക്കുക, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ വേര്‍തിരിക്കുക തുടങ്ങിയവ കൂടി നടപ്പിലാക്കിയാലേ റോഡ് കുറച്ചെങ്കിലും മാതൃകാപരമാകൂ.

മോഡല്‍ റോഡുകളായി പ്രഖ്യാപിക്കുന്ന ചില റോഡുകള്‍ വണ്‍വേയാക്കി പ്രഖ്യാപിക്കാനുള്ള നീക്കം നടപ്പിലാക്കിയാല്‍ യാത്രക്കാര്‍ക്കു കൂടുതല്‍ ബുദ്ധിമുട്ടുകളും ഗതാഗതക്കുരുക്കും ഉണ്ടാകുമെന്നതില്‍ സംശയമില്ല. പട്ടണം ചുറ്റി പോകേണ്ടി വരുന്ന വാഹനങ്ങള്‍ എല്ലാ ജംഗ്ഷനുകളിലും ട്രാഫിക് ജാമുണ്ടാക്കും.

തികച്ചും അത്യാവശ്യമായ റോഡ്, വാഹന, കാല്‍നടയാത്രാ സുരക്ഷാ നടപടികള്‍ ഒന്നും അധികൃതര്‍ സ്വീകരിക്കാതെ പോലീസ് വഴിനീളെ ഹെല്‍മെറ്റ് വേട്ട മാത്രം നടത്തി യാത്രക്കാരെ വന്‍ ക്രിമിനല്‍ കുറ്റവാളികളെയെന്ന പോലെ പീഡിപ്പിച്ചു പിഴ പിരിക്കുകയാണെന്ന പരാതി നിലനില്‌ക്കെ, സൃഷ്ടിപരമായ മെച്ചപ്പെടുത്തലോ പുതുക്കലോ ഒന്നും ചെയ്യാതെ മോഡല്‍ റോഡ് എന്ന വെറും പ്രഖ്യാപനം നടത്തിയത് ആക്ഷേപകരമാണെന്ന ജനങ്ങള്‍ക്കിടയിലെ അഭിപ്രായവും ടി.ആര്‍.എ എടുത്തുകാട്ടി.


ഫോട്ടോ:

ആലപ്പുഴ പട്ടണത്തില്‍ മോഡല്‍ റോഡുകളിലൊന്നായി പ്രഖ്യാപിച്ചിരിക്കുന്ന വൈ.എം.സി.എ പാലം റോഡ്. റോഡിനോടനുബന്ധിച്ചു ചെയ്യേണ്ട ഒരു മെച്ചപ്പെടുത്തലും ഈ ഭാഗത്തു വരുത്താതെയാണ് പ്രഖ്യാപനം. ആവശ്യമായ റോഡ് അടയാളങ്ങള്‍ പോലും റോഡില്‍ രേഖപ്പെടുത്തിയിട്ടില്ല. ഈ വഴിയില്‍ പോലീസിന്റെ വക ബോര്‍ഡുകള്‍ സ്വകാര്യ പരസ്യബോര്‍ഡുകളിലും മരങ്ങളിലും കാണാം.