Oct 13, 2015
ആലപ്പുഴയിലെ പാലങ്ങള്‍ അറ്റകുറ്റപ്പണി
നടത്തി പരിരക്ഷിക്കണം: ടി.ആര്.എ
ആലപ്പുഴ: പട്ടണത്തിലെ നടപ്പാലങ്ങളും ഗോവണിപ്പാലങ്ങളും ഉള്‍പ്പടെയുള്ള എല്ലാ പാലങ്ങളും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി പരിരക്ഷിക്കണമെന്നു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് (ടി.ആര്.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.പാലങ്ങളുടെ പടികളിലും കൈവരികളിലും എല്ലാം അടിഞ്ഞുകൂടുന്ന മണ്ണും അഴുക്കും മറ്റും ഒരിക്കലും നീക്കം ചെയ്യാത്തതിനാല്‍ പുല്ലും കളകളും വളര്‍ന്നു കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നും ആവശ്യമായ പെയിന്റ് അടിക്കാത്തതിനാല്‍ ഇരുമ്പുഭാഗങ്ങള്‍ ദ്രവിച്ചും ജീര്‍ണാവസ്ഥയിലാണ്. ഇളകുന്ന തറയോടുകളും ഇരുമ്പുപാളികളും ഉടനുടന്‍ ഉറപ്പിച്ചില്ലെങ്കില്‍ പാലം അതിവേഗം തകരും. റോഡു തൂത്തു വൃത്തിയാക്കുന്നതു പോലെ പാലങ്ങളും തൂത്തു വൃത്തിയാക്കിക്കൊണ്ടിരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഏറ്റവും അവസാനമായി ഒറ്റ ദിവസം കൊണ്ടു സ്ഥാപിച്ച വാടക്കനാലിനു കുറുതെയുള്ള പോലീസ് ഔട്ട് പോസ്റ്റ് ഗോവണിപാലവും അനാസ്ഥ മൂലം തുരുമ്പുപിടിച്ചു തുടങ്ങി. 2013 ജൂലൈ 27-നു രാത്രിയിലാണ് പഴയ പാലത്തിലെ ഇരുമ്പു സ്ട്രക്ചറിനു പകരം പുതിയതു വച്ചത്. ഗോവണി പാലം പിന്നീട് ഒന്നു തൂത്തിട്ടുപോലുമില്ല. വര്‍ഷങ്ങളായി കൈവരി തകര്‍ന്നു കിടക്കുന്ന മുപ്പാലം അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ചക്കരക്കടവ് നടപ്പാലം നടക്കാനാകാത്ത പരുവത്തിലാണ് മാസങ്ങള്‍ ഏറെയായി.അനേകം പാലങ്ങളുള്ള പട്ടണത്തില്‍ പാലങ്ങളുടെ പ്രാധാന്യം ഏറെയാണ്. പാലങ്ങളിലും പാലങ്ങളുടെ വാഭാഗങ്ങളിലുമുള്ള വഴിവാണിഭവും ഭിഷാടനവും പാര്‍ക്കിംഗും സംഭരണവും തടഞ്ഞു കാല്‍നടക്കാരുടെ സഞ്ചാരം സുഗമമാക്കുകയും വേണം.ഫോട്ടോ:ആലപ്പുഴ കൊമേഴ്സിയല്‍ കനാലിനു കുറുകെയുള്ള നടപ്പാലത്തില്‍ കളകളും പടര്‍പ്പുകളും വളര്‍ന്ന നിലയില്‍.