Breaking News

Trending right now:
Description
 
Oct 12, 2015

ടി.ആര്‍.എ ഓപ്പറേഷന്‍ പിന്‍പോയിന്റ്: തുടക്കത്തില്‍ രണ്ടു പേരെ കണ്ടെത്തി

image ആലപ്പുഴ: തത്തംപള്ളി റസിഡന്റസ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രദേശത്തെ റോഡുകളില്‍ മാലിന്യമെറിയുന്നവരെ കണ്ടെത്താനുള്ള ഉദ്യമം സൂചിമുന (Operation Pinpoint) ആരംഭിച്ചു. മാലിന്യത്തില്‍ നിന്നു ലഭ്യമാകുന്ന സൂചനകളും അടയാളങ്ങളും രേഖകളും ഉപയോഗിച്ചു 'മാലിന്യ ഉടമകളെ' കണ്ടെത്തുന്ന കൃത്യനിര്‍വഹണ രീതിയാണ്. ഗാന്ധിജയന്തി ദിനമായ 2015 ഒക്ടോബര്‍ രണ്ടിനായിരുന്നു തുടക്കം.

ഇതിനെത്തുടര്‍ന്നു ഒക്ടോബര്‍ അഞ്ചിനും ആറിനും രാവിലെ മാലിന്യക്കിറ്റ് മഠം റോഡിലിട്ടു പോയ രണ്ടു പേരെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്താനായി. അശ്രദ്ധ കൊണ്ടു സംഭവിച്ചതാണെന്നു പറഞ്ഞ അവര്‍, അതില്‍ ഖേദം പ്രകടിപ്പിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്നു ഉറപ്പുനല്കുകയും ചെയ്തതിനാല്‍ അധികൃതതലത്തിലുള്ള തുടര്‍നടപടികള്‍ വേണ്ടെന്നുവച്ചു.

ചെറിയ കിറ്റുകള്‍ റോഡില്‍ കിടക്കുന്നതു കാണുന്നത് വലിയ ചാക്കു നിറയെ നാറ്റമടിക്കുന്ന അളിഞ്ഞ മാലിന്യം കൊണ്ടുവരുന്നവര്‍ക്ക് പ്രോത്സാഹനമാണ്. അതിനാല്‍ തുടര്‍ന്നു സൗമനസ്യം കാട്ടണമെന്നില്ല. ചെറിയ മീനുകള്‍ വലയ്ക്കുള്ളിലാകുമെങ്കിലും തിമിംഗലങ്ങള്‍ പുറത്തു പിടിനല്കാതെ നില്ക്കുകയാണ്. പഴക്കടകളിലെ ചീഞ്ഞ സാധനങ്ങള്‍, ചെമ്മീന്‍ തോട്, ഇറച്ചിവേസ്റ്റ് തുടങ്ങിയ ദുര്‍ഗന്ധം വമിക്കുന്നതും രോഗങ്ങള്‍ പടര്‍ത്താന്‍ സാധ്യതയുള്ളതുമായ പാഴ്‌വസ്തുക്കള്‍ കൊണ്ടിടുന്നവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അതുപോലെ കത്തിച്ചുകളയേണ്ട ഡയപ്പറുകള്‍ അടക്കമുള്ളവ വരുന്ന വീടുകളും കണ്ടെത്തിയിട്ടുണ്ട്.

കൃത്യമായ തെളിവു ലഭിച്ചാല്‍ മാലിന്യം കൊണ്ടിടുന്നവര്‍ തീര്‍ച്ചയായും ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. ഇക്കാര്യത്തില്‍ ഇളവു നല്കിക്കൊണ്ടിരുന്നാല്‍ ഒരു കാലത്തും ഈ സാമൂഹ്യദ്രോഹം അവസാനിക്കില്ല. അതിനാല്‍ അവരെ പിന്തിരിപ്പിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുകയേ നിര്‍വാഹമുള്ളു. സമീപ റസിഡന്റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് ജാഗ്രതാ സമിതികളും കഴിയുന്നത്ര ഇടങ്ങളില്‍ നിരീക്ഷണ ക്യാമറകളും ഏര്‍പ്പാടായാല്‍ കുറ്റവാളികള്‍ക്ക് ഒരു തരത്തിലും രക്ഷപെടാന്‍ പറ്റാതാകും.

ഇതോടൊപ്പം ജൈവ, അജൈവ മാലിന്യങ്ങള്‍ കൃത്യമായി ശേഖരിച്ചു സംസ്‌ക്കരിക്കാന്‍ മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കേണ്ടതുമുണ്ട്. ചുമതലയില്‍ നിന്നു മുനിസിപ്പാലിറ്റി ഒളിച്ചോടുന്നതാണ് യഥാര്‍ഥത്തില്‍ നാടു മുഴുവന്‍ നാറിക്കിടക്കാന്‍ കാരണം.

ഫോട്ടോകള്‍:

ടി.ആര്‍.എ മഠം റോഡില്‍ 2015 ഒക്ടോബര്‍ അഞ്ചിനും ആറിനും വലിച്ചെറിഞ്ഞ മാലിന്യം നിറച്ച കിറ്റുകള്‍. ഇവ റോഡില്‍ നിക്ഷേപിച്ചവരെ കണ്ടെത്തി.