Breaking News

Trending right now:
Description
 
Dec 22, 2012

ഇറ്റലിക്കാര്‍ വിമാനത്തില്‍ പറപറന്നു, വണ്‍ടുത്രീ ആശാന്‍ ഇപ്പോഴും ജയില്‍ ചപ്പാത്തി തിന്നുന്നു

image
ചില രോഗം വന്നാല്‍ കുറെ കഴിഞ്ഞേ പോകൂ. പാവം ജലദോഷ പനിയുടെ കാര്യം തന്നെ എടുക്കു. മരുന്നു കഴിച്ചാല്‍ ഏഴു ദിവസം കൊണ്ടും കഴിച്ചില്ലെങ്കില്‍ ഒരാഴ്‌ച കൊണ്ടും ജലദോഷം പോകും. മരുന്നു കഴിക്കണമെന്നുണ്ടെങ്കില്‍ പനിയുള്ളപ്പോള്‍തന്നെ കഴിക്കണം. ആഘോഷങ്ങളുടെ കാര്യവും ഏതാണ്ട്‌ ഇതുപോലെയാണ്‌. ഇപ്പോള്‍ ക്രിസ്‌മസിന്‌ അടിക്കേണ്ട രണ്ട്‌ പെഗ്‌ രണ്ടു ദിവസം കഴിഞ്ഞ്‌ അടിച്ചാല്‍ ക്രിസ്‌മസ്‌ ആഘോഷമെന്നു പറയാന്‍ പറ്റുമോ?

ഇല്ല, അതുകൊണ്ടാണ്‌ സോണിയാ മാഡം പറഞ്ഞത്‌ ഇറ്റലിക്കാര്‍ നാവികര്‍ കോഴിക്കാലും പാസ്‌തയും പിന്നെ രണ്ട്‌ പെഗ്ഗും അടിക്കാന്‍ ക്രിസ്‌മസിന്റെ അന്നു തന്നെ വീട്ടില്‍ പോവട്ടെയെന്ന്‌. അല്ലെങ്കില്‍ പാവങ്ങള്‍ക്ക്‌ ക്രിസ്‌മസ്‌ 'മിസാ'കുമത്രേ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസുകാരൊന്നും മിണ്ടിയില്ല. ഇറ്റലിയുടെ കാര്യത്തില്‍ അവര്‍ക്കെന്ത്‌ അഭിപ്രായ വ്യത്യാസം. കോണ്‍ഗ്രസ്‌ (ഐ) എന്നാല്‍ കോണ്‍ഗ്രസ്‌ (ഇറ്റലി) എന്നാണെന്ന്‌ ഇടതുപക്ഷക്കാര്‍ വിളിച്ചു പറയുന്നതില്‍ എന്തോ കാര്യമുണ്ടെന്ന്‌ അവര്‍ക്ക്‌ ഇടയ്‌ക്കിടെ തോന്നിത്തുടങ്ങിയിട്ടുണ്ട്‌. അല്ലെങ്കില്‍ ആറുകോടി രൂപയുമായി പറന്നുവന്ന സ്‌പെഷല്‍ വിമാനത്തില്‍ രായ്‌ക്കുരാമാനം ഏതെങ്കിലും കൊലപ്പുള്ളികള്‍ കേന്ദ്രസര്‍ക്കാരിന്റെയും കേരളസര്‍ക്കാരിന്റെയും സര്‍വമാന കോടതികളുടെയും അനുമതിയോടെ നാടുവിട്ടുട്ടുണ്ടോ? അവര്‍ ഇപ്പോള്‍ ഇറ്റലിയിലെങ്ങും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാവും. വീരസൈനികര്‍ വാഴ്‌കെ എന്ന്‌ ഈ ക്രിസ്‌മസ്‌, ന്യൂഇയര്‍കാലത്ത്‌ ഇറ്റലിക്കാര്‍ ആര്‍ത്തുവിളിക്കും.

പക്ഷേ, അതല്ല കഷ്ടം. നമ്മുടെ മദനിക്കും വണ്‍ടുത്രീ ആശാന്മാനുമില്ലേ ക്രിസ്‌മസും ന്യൂഇയറും? ഒരു ഓലപടക്കമെങ്കിലും പൊട്ടിക്കണമെന്നും കരോള്‍ ഗാനം പാടണമെന്നുമുള്ള മോഹം അവര്‍ക്കും ഉണ്ടാകാതിരിക്കുമോ? ഇക്കാര്യം അവര്‍ കോടതിയില്‍ പറയാഞ്ഞിട്ടാണോ?

തടവുകാരാണെങ്കിലും എല്ലാവീട്ടുകാരും നാട്ടുകാരും ജയില്‍ജോലിക്കാരുടെ കുടുംബങ്ങളും ചിന്തിക്കുന്നത്‌ ഇങ്ങനെയാണ്‌ - അവരില്ലാതെ എന്ത്‌ ആഘോഷം? അതുകൊണ്ട്‌ എല്ലാ തടവുകാര്‍ക്കും ക്രിസ്‌മസ്‌, ഓണം, റംസാന്‍, തുടങ്ങിയ വിശേഷാവസരങ്ങളില്‍ പത്തു ദിവസം അവധി നല്‌കുമാറാകണം. പിന്നെ മധ്യവേനല്‍ക്കാലത്ത്‌ പ്രത്യേക ഹോളിഡേ പായ്‌ക്കേജും പ്രഖ്യാപിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക്‌ തിരുവുള്ളം ഉണ്ടാകുമാറാകണം.

പാവം മദനി... വാതം, പിത്തം കഫം എന്നുവേണ്ട എല്ലാവിധ രോഗങ്ങളാലും പീഡിതനായ അദ്ദേഹത്തിന്‌ ക്രിസ്‌മസും റംസാനും ആഘോഷിക്കേണ്ട. ഇത്തിരി കുഴമ്പു വാങ്ങി ഇഞ്ചതേച്ച്‌ കുളിക്കാന്‍ ഒന്നോ രണ്ടു ദിവസം പുറത്തു വിടണമെന്നാണ്‌ പറയുന്നത്‌. നോക്കാന്‍ വീട്ടുകാര്‍ കൂടെയുണ്ടെങ്കില്‍ സന്തോഷം. പ്രമേഹം അധികരിച്ച്‌ കാഴ്‌ച മങ്ങി, കാലില്‍ തരിപ്പും മൂക്കില്‍ പഴുപ്പുമായി ആകെ അവശ നിലയിലായ മദനിയുടെ കാര്യം കര്‍ണാടക കോടതികളൊന്നും ഇതുവരെ കാര്യമായി പരിഗണിച്ചില്ല. 

മദനിയുടെ കാര്യം നാവികരെപ്പോലെയാണെന്നാണോ കോടതിക്കു തോന്നുന്നത്‌? അവര്‍ ചുമ്മാ രസത്തിനു രണ്ടു മൂന്നു മത്സ്യതൊഴിലാളികളെ വെടിവെച്ചിട്ടു. അല്ലെങ്കിലും ഈ യൂറോപ്യന്‍സിന്‌ നായാട്ടില്‍ പണ്ടേ ഇത്തിരി കമ്പം കൂടുതലാണ്‌. മയിലിനെയോ മാനിനെയോ കടുവയേയോ ആനയേയോ ഒക്കെ കണ്ടാല്‍ ഉടന്‍ വെടിവച്ചിച്ച്‌ തലയറുത്ത്‌ ട്രോഫിയാക്കി മുന്നില്‍ തോക്കുംപിടിച്ചുനിന്ന്‌ ഫോട്ടോയെടുത്തുകളയും.

കടലില്‍ മാനിനെയും പുലിയെയും കിട്ടാത്തതിനാല്‍ നായാട്ട്‌ മോഹം തോന്നിയ സൈനികര്‍ മത്സ്യത്തൊഴിലാളികളെ കിട്ടിയപ്പോള്‍ രണ്ടു പൊട്ടിച്ചു. അതിലെന്താണ്‌ തെറ്റ്‌? ഇറ്റലിക്കാര്‍ക്ക്‌ ഇക്കാര്യം ഇതുവരെയും മനസിലായിട്ടില്ല. അതൊരു കുറ്റമായി പത്തുപ്രമാണങ്ങളിലും കാനോന്‍ നിയമത്തിലും പറഞ്ഞിട്ടില്ലെന്ന്‌ അവര്‍ ആണയിട്ടു പറഞ്ഞു. അല്ലെങ്കിലും സായിപ്പിന്റെ തൊലിവെളുപ്പും ഡോളറിന്റെ കിലുക്കവും കാണുമ്പോള്‍ എന്താ എന്തെന്നറിയില്ല, നമ്മുടെ നാട്ടുകാര്‍ അറിയാതെ അങ്ങ്‌ വളഞ്ഞു പോകും. നട്ടെല്ലിന്റെ മേയ്‌ക്കിന്റെ കുഴപ്പം എന്നല്ലാതെ എന്തു പറയാന്‍.

ഇനി ഇറ്റലിയില്‍ ചെന്നു കഴിഞ്ഞാല്‍ തിരിച്ചുവന്ന്‌ നമ്മുടെ ജയില്‍ചപ്പാത്തിയും ഉരുളക്കിഴങ്ങും കഴിക്കാന്‍ ഈ നാവികരെ കിട്ടുമെന്ന്‌ വിചാരിക്കരുത്‌. കാരണം പുതിയ വിവാദം ഉണ്ടായിക്കഴിഞ്ഞാല്‍ നമ്മുടെ നാട്ടുകാര്‍ അതിന്റെ പുറകേ പോകുമെന്ന്‌ ആര്‍ക്കാണ്‌ അറിയാന്‍ പാടില്ലാത്തത്‌. 

അല്ലെങ്കിലും ജയില്‍ജീവിതം പരിഷ്‌ക്കരിക്കുന്നതിന്‌ നേതാക്കന്മാരുടെയും വിദേശികളുടെയും മഹനീയ സാന്നിദ്ധ്യം വേണം. ഇന്നലെ വരെ നാം പത്രത്തില്‍ നിന്ന്‌ മനസിലാക്കിയെതെന്താണ്‌ - ജയില്‍ ചപ്പാത്തി എന്നാല്‍ ഒരു വലിയ സംഭവമാണെന്നും അതുകഴിക്കാതെ ഇത്രയും കാലം ജീവിച്ച പലരുടെയും ആയുസ്സിന്റെ പകുതി തന്നെ നഷ്ടമായെന്നുമാണ്‌. ജയില്‍ ചപ്പാത്തി കഴിക്കാന്‍ ഒരിക്കലെങ്കിലും ജയിലില്‍ പോയി പത്തു ദിവസം സമാധാനമായി കഴിയണമെന്ന്‌ ആഗ്രഹിക്കാത്ത മലയാളികള്‍ ഇന്നില്ല. ആ ആഗ്രഹപൂര്‍ത്തികരണത്തിന്‌ മൊത്തമായും ചില്ലറയായും ജയിലിനു പുറത്ത്‌ ചപ്പാത്തി വില്‍ക്കാന്‍ വരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌ നമ്മുടെ സര്‍ക്കാര്‍. 

അപ്പോഴാണ്‌ നമ്മുടെ വണ്‍ടൂത്രീ ആശാന്‍ പറയുന്നു. ചപ്പാത്തിയെക്കാള്‍ ഭേദം നമ്മുടെ ഗോതമ്പുണ്ട തന്നെയെന്ന്‌. ആശാനുമില്ലേ ക്രിസ്‌മസ്‌ ആഘോഷിക്കണമെന്ന്‌ ഒരാഗ്രഹം. പക്ഷേ ആശാനെ ജാമ്യത്തില്‍ വിട്ടാല്‍ പോലും പ്രശ്‌നമാണെന്നാണ്‌ കോണ്‍ഗ്രസുകാര്‍ പറയുന്നത്‌. 35 വര്‍ഷം മുമ്പു നടന്ന കൊലപാതകത്തിന്റെ കാര്യം വിളിച്ചു പറഞ്ഞ്‌ പോലീസുകാര്‍ക്ക്‌ ആവശ്യത്തിനു പണികൊടുത്തിട്ടുണ്ട്‌ ആശാന്‍. ഈ മാതിരി ഇനിയും പുറത്തു വന്ന്‌ മൈക്ക്‌ കണ്ടാല്‍ പുരുഷാരത്തിന്റെ കൈയടി കേട്ടാല്‍ ഏതെങ്കിലുമൊക്കെ കൊലപാതകത്തിന്റെയോ സ്‌ഫോടനത്തിന്റെയോ കാര്യം വിളിച്ചു പറഞ്ഞ്‌ പോലീസിന്‌ തെളിവ്‌ നല്‌കുമെന്നും പിന്നെ പോലീസുകാര്‍ കേസും പുക്കാറുമായി പുറകേ നടക്കണമെന്നുമാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. 

സര്‍ക്കാര്‍ അതിവേഗം സാധനങ്ങള്‍ക്ക്‌ വിലകൂട്ടികൊണ്ടിരിക്കുമ്പോള്‍ ഇത്തരം സില്ലി കാര്യങ്ങള്‍ക്കായി സമയം പാഴാക്കാന്‍ പറ്റില്ല. അതുകൊണ്ട്‌ വണ്‍ടുത്രീ ആശാന്‌ ജാമ്യമില്ല. മദനിയ്‌ക്കും ജാമ്യമില്ല. ഇറ്റലിക്കാരുടെ കാര്യത്തില്‍ പേടിക്കേണ്ടതില്ല, എന്തു തെളിവ്‌ നശിപ്പിക്കാന്‍. ശോ, ഈ സര്‍ക്കാര്‍ നമ്മളെ ഈ ക്രിസ്‌മസ്‌കാലത്ത്‌ ചിരിപ്പിച്ചേ അടങ്ങൂ...