Breaking News

Trending right now:
Description
 
Oct 05, 2015

ഗാന്ധിജയന്തി ശുചീകരണം: ടി.ആര്‍.എ റോഡുവക്കിലെ മാലിന്യക്കൂനകള്‍ നീക്കം ചെയ്തു വൃത്തിയാക്കി

image ആലപ്പുഴ: തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രദേശത്തുള്ള റോഡുവക്കിലെ മാലിന്യക്കൂനകള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നീക്കം ചെയ്തു പരിസരം വൃത്തിയാക്കി. നിലവിലുളള മാലിന്യക്കൂനകള്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുചീകരണ പരിപാടികളുടെ ഭാഗമായി ഒരിക്കല്‍ കൂടി നീക്കം ചെയ്യുകയായിരുന്നു. മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുകയും നോട്ടീസുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

പ്രദേശത്തെ റോഡുകളില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന അഭ്യര്‍ഥന കഴിഞ്ഞ മൂന്നു വര്‍ഷമായി ആവര്‍ത്തിച്ചു പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അത് അവഗണിച്ചു പൊതുജനങ്ങള്‍ ധിക്കാരപരമായി പെരുമാറുന്നതില്‍ ഖേദമുണ്ടെന്നു പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി. മാലിന്യം പൊതുവഴികളില്‍ തള്ളാതിരിക്കാന്‍ ടി.ആര്‍.എ അംഗവീടുകളില്‍ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കാനുള്ള സംവിധാനങ്ങളും ബോധവത്കരണവും തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണ്.

മറ്റു പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ മര്യാദയോ പൗരബോധമോ സാമൂഹ്യ ഉത്തരവാദിത്തമോ കൂടാതെ ദുര്‍ഗന്ധം വമിക്കുന്ന ഉച്ചിഷ്ടങ്ങളടക്കമുള്ള ജൈവവും അജൈവുമായ ചപ്പുചവറുകളും കുപ്പികളും മറ്റും ചാക്കിലും കിറ്റിലുമാക്കി കൊണ്ടിട്ടു പോകുന്നതു ഇപ്പോഴും തുടരുകയാണ്. മാലിന്യ നിക്ഷേപം ആരും കാണാതെയാണെന്നു കരുതിയാണെങ്കിലും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉത്തരവാദികളില്‍ പലരെയും കണ്ടെത്തുകയും ആവര്‍ത്തിക്കരുതെന്നു അറിയിപ്പു നല്കുകയും ചെയ്തിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ വ്യക്തമായ തെളിവുകളുള്ളപ്പോള്‍ പോലീസില്‍ രേഖാമൂലം പരാതികള്‍ നല്കിയിട്ടുമുണ്ട്. അതിനെത്തുടര്‍ന്നു പോലീസ് പലരേയും താക്കീത് ചെയ്തിട്ടുള്ളതാണ്.

എന്നാല്‍ ദിവസേന സാമൂഹ്യദ്രോഹികളായ പുതിയ ആള്‍ക്കാര്‍ മാലിന്യം എറിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിലുള്ളവര്‍ക്കും അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും എതിരെ ഫോട്ടോ സഹിതം അധികൃതര്‍ മുമ്പാകെ പരാതി ബോധിപ്പിക്കുകയും പിഴ-ശിക്ഷാ നടപടികള്‍ ഉറപ്പാക്കുകയും ചെയ്യും. നാളുകളായി സൗമനസ്യത്തിന്റെയും ബോധവത്കരണത്തിന്റെയും പാതയില്‍ മാത്രം മുന്നോട്ടു പോകുന്നത് ബലഹീനതയായി കരുതി ആരും തന്നിഷ്ടം കാട്ടി നാട്ടുകാരെ സദാ ബുദ്ധിമുട്ടിലാക്കരുതെന്നു ടി.ആര്‍.എ എടുത്തുകാട്ടി. കുറ്റക്കാരെ വ്യക്തമായിക്കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയയിലൂടെ വിവരങ്ങള്‍ വായനക്കാര്‍ക്കു ലഭ്യമാക്കും. അതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മാനഹാനിയുണ്ടാക്കിയെന്നും പിന്നീടു പറയാന്‍ ആരും ഇടവരുത്തരുതെന്നും കൂട്ടിച്ചേര്‍ത്തു.

വിവിധ ഭാഗങ്ങളില്‍ കുന്നുകൂടുന്ന മാലിന്യവും പുല്‍പ്പടര്‍പ്പും അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമീപ വീട്ടുകാര്‍ പിരിവെടുത്തു തുക സമാഹരിച്ചാണ് നീക്കം ചെയ്തുകൊണ്ടിരിക്കുന്നത്. പരിസരം സദാ വൃത്തിയാക്കിയിടേണ്ട മുനിസിപ്പാലിറ്റി അതു ചെയ്യുന്നില്ല. എപ്പോഴും ശുചീകരണത്തിനു തുക സമാഹരിക്കാന്‍ പ്രയാസമായതിനാല്‍ പ്രദേശം വൃത്തികേടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുകയേ നിര്‍വാഹമുള്ളു. മാലിന്യമേറുകാരെ കണ്ടെത്താന്‍ മൊബൈല്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് നൈറ്റ് വിഷന്‍ ക്യാമറകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.

സൗഹൃദത്തിലും സമാധാനത്തിലും വൃത്തിയിലും എല്ലാവരും ജീവിക്കണമെന്നാണ് ടി.ആര്‍.എ ആഗ്രഹിക്കുന്നത്. അതിനായി നാട്ടുകാര്‍ എല്ലാവരും ഒത്തൊരൂമയോടെയും മറ്റുള്ളവര്‍ക്കു ശല്യമാകാതെയും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സൂചിപ്പിച്ചു.

ഫോട്ടോ:

ആലപ്പുഴ തത്തംപള്ളി റസിഡന്റ്‌സ് അസോസിയഷന്‍ (ടി.ആര്‍.എ) പ്രദേശത്തുള്ള മഠം റോഡിലെ മാലിന്യക്കൂനകളിലൊന്ന് എടുത്തു മാറ്റി പരിസരം വൃത്തിയാക്കുന്നതിനു മുന്‍പ്. മറ്റു പ്രദേശങ്ങളില്‍ നിന്നു ചാക്കുകെട്ടു കണക്കിനാണ് ദുര്‍ഗന്ധം വമിക്കുന്ന മത്സ്യ, ഇറച്ചി അവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ ഇവിടെക്കൊണ്ടിടുന്നത്.