Breaking News

Trending right now:
Description
 
Oct 03, 2015

കാഡ്‌സിന്റെ മട്ടുപ്പാവിനൊരു ജൈവ മേലാപ്പ്‌ പദ്ധതി തുടങ്ങി

image ജൈവ, നാടന്‍ കാര്‍ഷികോത്‌പന്ന വിതരണരംഗത്തെ പ്രമുഖരായ കാഡ്‌സി (കേരള അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ്‌ സൊസൈററി)ന്റെ കൊച്ചി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ "മട്ടുപ്പാവിനൊരു ജൈവ മേലാപ്പ്‌"എന്ന പദ്ധതിയുടെ ഉദ്‌ഘാടനം ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ നിര്‍വഹിച്ചു. ജൈവരീതിയില്‍ കൃഷി ചെയ്യുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും രുചി കൊച്ചിക്കാര്‍ക്ക്‌ പരിചയപ്പെടുത്താനും ജൈവോത്‌പന്നങ്ങളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന്‌ വേണുഗോപാല്‍ പറഞ്ഞു.

കൊച്ചി കോര്‍പ്പറേഷനിലെ വെണ്ണല ഡിവിഷന്‍ കൗണ്‍സിലര്‍ സ.ിഡി. വത്സലകുമാരി ജിസിഡിഎ ചെയര്‍മാനില്‍നിന്നും ഗ്രോബാഗും തൈകളും ഏറ്റുവാങ്ങി. കാഡ്‌സ്‌ പ്രസിഡന്റ്‌ കെ.ജി. ആന്റണി കണ്ടിരിക്കല്‍ അധ്യക്ഷത വഹിച്ചു. കാഡ്‌സ്‌ ഡയറക്ടര്‍ വി.പി. ജോര്‍ജ്‌, ഡോ. റോബിന്‍ ഏബ്രാഹാം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 



വിവിധ റസിഡന്റ്‌ അസോസിയേഷനുകളുടെ അംഗങ്ങള്‍ക്ക്‌ കാഡ്‌സിന്റെ നേതൃത്വത്തില്‍ പച്ചക്കറി തൈകളും വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്യും. കര്‍ഷകരുടെ ഉത്‌പന്നങ്ങള്‍ തിരികെ വാങ്ങാനും കാഡ്‌സിന്‌ പരിപാടിയുണ്ട്‌. ജൈവകര്‍ഷകരുടെ കൃഷിരീതികള്‍ പരിചയപ്പെടുത്താന്‍ തൃശൂരിലെ കര്‍ഷകരുമായി വീഡിയോ കോണ്‍ഫറന്‍സിംഗും നടത്തി.

കഴിഞ്ഞ ചിങ്ങം ഒന്നിനാണ്‌ കൊച്ചിയില്‍ പാലാരിവട്ടത്തിനടുത്ത്‌ ആലിന്‍ചുവട്ടില്‍ കാഡ്‌സ്‌ പുതിയ സ്റ്റോര്‍ ആരംഭിച്ചത്‌. നാടന്‍, ജൈവ ഉത്‌പന്നങ്ങള്‍ക്കായി നൂറുകണക്കിന്‌ ഉപയോക്താക്കളാണ്‌ ഇവിടെയെത്തുന്നത്‌. ജൈവരീതിയില്‍ കൃഷിചെയ്യുന്ന സര്‍ട്ടിഫൈഡ്‌ ഉത്‌പന്നങ്ങള്‍ക്ക്‌ അധികവില നല്‌കിയും വാങ്ങാന്‍ ഉപയോക്താക്കള്‍ക്ക്‌ ഉത്സാഹമാണ്‌. മാംസവും മറ്റ്‌ ഉത്‌പന്നങ്ങളും ഇവിടെ പ്രത്യേകം വില്‍പ്പനയ്‌ക്കുണ്ട്‌. 


കേരളത്തില്‍തന്നെ ആദ്യമായി തൊടുപുഴയില്‍ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ്‌ ആരംഭിച്ചത്‌ കാഡ്‌സ്‌ ആണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9446288537, www.kadsindia.com