Breaking News

Trending right now:
Description
 
Dec 21, 2012

ബസിനുള്ളില്‍ മാനഭംഗം: രാഷ്ട്രപതിഭവനുമുമ്പില്‍ പ്രതിഷേധം

image ഡല്‍ഹിയില്‍ ബസിനുള്ളില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്‌ത സംഭവത്തില്‍ പ്രതിഷേധം ശക്തമായി. വിദ്യാര്‍ഥിനികളും സാമൂഹ്യപ്രവര്‍ത്തകരുമുള്‍പ്പെടെ വലിയ സംഘം ഇന്നലെ രാഷ്‌ട്രപതിഭവനു പുറത്തു പ്രതിഷേധപ്രകടനം നടത്തി. രാഷ്‌ട്രപതി ഭവനുപുറമേ പ്രധാനമന്ത്രിയുടെ ഓഫീസും ആഭ്യന്തരമന്ത്രാലയവും സ്ഥിതിചെയ്യുന്ന റെയ്‌സീന കുന്നിനു സമീപവും പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറി. പ്രതിഷേധം ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി.സഫ്‌ദര്‍ജംഗ്‌ ആശുപത്രിക്കു സമീപം ഒരു സംഘം തെക്കന്‍ഡല്‍ഹിയിലേക്കുള്ള വാഹനഗതാഗതം തടസപ്പെടുത്തി. എഐഡിബ്ല്യുഎ, വൈഡബ്ല്യുസിഎ, ജെഎന്‍യുഎസ്‌യു തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതേസമയം പെണ്‍കുട്ടിയുടെ അവയവം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്കുള്‍പ്പെടെ സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ സന്നദ്ധമാണെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ കുടലിന്റെ ഏതാനുംഭാഗം നീക്കംചെയ്‌തിരുന്നു. കുടല്‍മാറ്റിവയ്‌ക്കുന്ന ശസ്‌ത്രക്രിയ ഇന്ത്യയില്‍ സാധ്യമല്ല. ഇംഗ്ലണ്ടില്‍ ഇതിനുള്ള സൗകര്യം ലഭിക്കുമോയെന്ന്‌ അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഒരുസംഘം ഡോക്ടര്‍മാര്‍ ഇന്നലെ പെണ്‍കുട്ടിയുടെ ആരോഗ്യനില വിലയിരുത്തി. ജീവത്‌പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക്‌ എത്തിത്തുടങ്ങി. അണുബാധ പ്രതിരോധിക്കാനായാല്‍ ആരോഗ്യം വീണ്ടെടുക്കാനാകുമെന്നാണു പ്രതീക്ഷയെന്നു സഫ്‌ദര്‍ജംഗ്‌ ആശുപത്രിയിലെ ആരോഗ്യവിഭാഗം ഡയറക്ടര്‍ ജഗദീഷ്‌ പ്രസാദ്‌ അറിയിച്ചു. ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടാല്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്‌. 

മാനഭംഗക്കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. ഒരാളുടെ അറസ്റ്റ്‌ പൊലീസ്‌ സ്ഥിരീകരിച്ചിട്ടില്ല. കേസിലെ അഞ്ചാംപ്രതിയെ ഉത്തര്‍പ്രദേശില്‍ നിന്നാണ്‌ അറസ്റ്റ്‌ചെയ്‌തതെന്നു പൊലീസ്‌ പറഞ്ഞു. ഇയാളുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും ഡല്‍ഹി പൊലീസ്‌ കമ്മീഷണര്‍ നീരജ്‌ കുമാര്‍ ട്വിറ്ററില്‍ പരസ്യപ്പെടുത്തി.