Breaking News

Trending right now:
Description
 
Dec 21, 2012

ഡല്‍ഹി പെണ്‍കുട്ടിക്ക്‌ കടുത്ത അണുബാധ, സൗജന്യമായി കുടല്‍ മാറ്റിവയ്‌ക്കാമെന്ന്‌ വാഗ്‌ദാനം

image
ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക്‌ കടുത്ത അണുബാധ. ഏറെ മാരകമാകാവുന്നതരം അണുബാധ മൂലം ശരീരമാകെ നീരുവന്ന്‌ വീര്‍ത്ത നിലയിലാണ്‌ 23 -കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി. സെപ്‌സിസിന്റെ ലക്ഷണം ആണിതെന്ന്‌ ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നുണ്ടെന്നും അണുബാധ പടരാതിരിക്കാന്‍ ഏറെ കരുതലെടുക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

കുടലിന്‌ മാരകമായ പരുക്കേറ്റതിനാല്‍ കുറെ ഭാഗം മുറിച്ചുകളഞ്ഞിരുന്നു. സൗജന്യമായി കുടല്‍ മാറ്റിവയ്‌ക്കാന്‍ തയ്യാറാണെന്ന്‌ സര്‍ ഗംഗാ റാം ഹോസ്‌പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. സാധാരണ ഗതിയില്‍ 600 സെന്റിമീറ്റര്‍ വരെ നീളമാണ്‌ ചെറുകുടലിന്‌. ഇതില്‍ 200 സെന്റിമീറ്റര്‍ വരെ മുറിച്ചുമാറ്റിയാലും കുഴപ്പമില്ല. 

ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ആയിരുന്ന പെണ്‍കുട്ടി ഡല്‍ഹിയില്‍ ഒരു ഹോസ്‌പിറ്റലില്‍ ഇന്റേണ്‍ ആയി ജോലി ചെയ്‌തുവരികയായിരുന്നു. 

ഇതേ സമയം ഡല്‍ഹിയില്‍ യുവാക്കള്‍ കടുത്ത പ്രതിഷേധവുമായി ഇന്നും തെരുവിലിറങ്ങി. രാഷ്ടപതി ഭവന്റെ 2-ാം നമ്പര്‍ ഗേറ്റില്‍വരെ എത്തി അതിക്രമിച്ച്‌ അകത്തുകടക്കാന്‍ ശ്രമിച്ചതായി പോലീസ്‌ പറഞ്ഞു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ തടഞ്ഞതായും പോലീസ്‌ ആരോപിച്ചു. സഫ്‌ദര്‍ജംഗ്‌ ഹോസ്‌പിറ്റലിനുമുമ്പിലും പ്രതിഷേധം ഇരമ്പി. ആം ആദ്‌മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്‍താര്‍ മന്ത്രലില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നുണ്ട്‌.