Breaking News

Trending right now:
Description
 
Sep 30, 2015

ഐഎപിസി സോഷ്യല്‍ മീഡിയ സെമിനാര്‍ ജോര്‍ജ് കള്ളിവയലില്‍ നയിക്കും

image
ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ചുള്ള സെമിനാര്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ദീപികയുടെ അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ നയിക്കും. 

അന്തര്‍ദേശീയ, ദേശീയ മാധ്യമ രംഗത്തെ പ്രമുഖനായ ജോര്‍ജ് കള്ളിവയലില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ബ്ലോഗ് തുടങ്ങിയ നവ മാധ്യമങ്ങളിലും ഇന്ത്യയിലെ ടെലിവിഷന്‍ ചര്‍ച്ചകളിലും നിറസാന്നിധ്യമാണ്. കഴിഞ്ഞ ജൂലൈയില്‍ ഹൂസ്റ്റണിലെ സൗത്ത് ഇന്ത്യന്‍- യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സും കാനഡയില്‍ ഫൊക്കാനയും 'ജേര്‍ണലിസ്റ്റ് ഓഫ് ദി ഡിക്കേഡ് 'അവാര്‍ഡ് നല്‍കി ആദരിച്ച ഇദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ഒപ്പം അമേരിക്ക, ചൈന, റഷ്യ, ബ്രസീല്‍, ജര്‍മനി, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, സ്‌പെയിന്‍, പോളണ്ട്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലടക്കം ഒട്ടുമിക്ക ലോകരാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്. ജര്‍മനിയില്‍ 1999ല്‍ നടന്ന ആഗോള മലയാളി സമ്മേളനത്തില്‍ മന്ത്രിയും എംഎല്‍എമാരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ട ഇന്ത്യന്‍  പ്രതിനിധി സംഘത്തെ നയിച്ചതും ഇദ്ദേഹമാണ്. 

ഐക്യരാഷ്ട്രസഭാ സമ്മേളനവും അമേരിക്ക വിളിച്ചുകൂട്ടിയ ലോക രാഷ്ട്രത്തലവന്മാരുടെ ആണവ ഉച്ചകോടിയും അടക്കം നിരവധി ആഗോള ഉച്ചകോടികളും അന്താരാഷ്ട്ര സമ്മേളനങ്ങളും നേരിട്ടു റിപ്പോര്‍ട്ടു ചെയ്ത പരിചയസമ്പത്തും ജോര്‍ജിനു സ്വന്തം. ഫൊക്കാന, ഫോമ, പ്രവാസി ഭാരതീയ ദിവസ് അടക്കമുള്ള ഒട്ടേറെ പ്രവാസി സമ്മേളനങ്ങളിലും പലതവണ പങ്കെടുക്കുകയും അവാര്‍ഡ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയെയും അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെയും റോമിലെത്തി നേരിട്ടു സന്ദര്‍ശിച്ചിട്ടുള്ള ജോര്‍ജ് വിശുദ്ധ മദര്‍ തെരേസയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 

ഇന്ത്യ ഗവണ്‍മെന്റ് അക്രഡിറ്റേഷനു പുറമേ ഇന്ത്യന്‍ പാര്‍ലമെന്റിലെ ലോക്‌സഭയിലും രാജ്യസഭയിലും ഒപ്പം വളരെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രം പ്രവേശനമുള്ള സെന്‍ട്രല്‍ ഹാളിലും സ്ഥിരം അക്രഡിറ്റേഷനും 12 വര്‍ഷത്തിലേറെയായി ജോര്‍ജിനുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി മികച്ച കോളമിസ്റ്റ് എന്ന നിലയിലും പേരെടുത്ത ജോര്‍ജ്, ദീപികയില്‍ ഡല്‍ഹി ഡയറി എന്ന പേരില്‍ എല്ലാ ശനിയാഴ്ചയും എഴുതിവരുന്ന സ്ഥിരം പംക്തി വളരെ ശ്രദ്ധേയമാണ്.

ഇന്ത്യയിലെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ പുതുചരിത്രം കുറിച്ച് 1996ല്‍ ട്രിപ്പിള്‍ പ്രമോഷനോടെ 33-ാം വയസില്‍ ദീപികയുടെ റസിഡന്റ് എഡിറ്ററായി ഉയര്‍ത്തപ്പെട്ട ജോര്‍ജ് കഴിഞ്ഞ 13 വര്‍ഷമായി ഡല്‍ഹി കേന്ദ്രമായാണു പ്രവര്‍ത്തിക്കുന്നത്. ദക്ഷിണേഷ്യയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ സൗത്ത് ഏഷ്യന്‍ ഫ്രീ മീഡിയ കമ്മീഷന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും സൗത്ത് ഏഷ്യന്‍ ഫ്രീ മീഡിയ അസോസിയേഷന്റെ പത്തു വര്‍ഷമായുള്ള എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമാണ് ജോര്‍ജ്. 1994ല്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായ ഇദ്ദേഹം കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവുമായിരുന്നു. 

ന്യൂഡല്‍ഹിയില്‍ 2007ലും 2009ലും നടന്ന ദക്ഷിണേഷ്യന്‍ പത്രാധിപ ഉച്ചകോടിയിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡുകള്‍, ദേശീയ ദളിത് സാഹിത്യ അക്കാദമിയുടെ 2014ലെ ദി ഔട്ട്‌സ്റ്റാന്‍ഡിംഗ് മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ 2012ലെ ബെസ്റ്റ് കോളമിസ്റ്റ് അവാര്‍ഡ്, ബഹറിന്‍ ഇന്ത്യന്‍ അസോസിയേഷന്റെ 2015ലെ എക്‌സലന്‍സ് ഇന്‍ ജേര്‍ണലിസം അവാര്‍ഡ്, ഡല്‍ഹി എന്‍എസ് ബുക്‌സ് ജേണലിസത്തിലെ വിശിഷ്ഠ സംഭാവനകള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രതിഭാ അവാര്‍ഡ് തുടങ്ങിയവയും ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുടെ നിരവധി മാധ്യമ പുരസ്‌കാരങ്ങളും ജോര്‍ജ് കള്ളിവയലില്‍ നേടിയിട്ടുണ്ട്. 

പത്രപ്രവര്‍ത്തനത്തോടും ഫേസ്ബുക്കിലെയും മറ്റും സജീവ ഇടപെടലുകളോടും ഒപ്പം ഡല്‍ഹിയിലെ സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലും ജോര്‍ജ് സജീവസാന്നിധ്യമാണ്. 2012ല്‍ ഷിംലയില്‍ പാക്കിസ്ഥാന്‍ നേതാക്കളടക്കം പങ്കെടുത്ത സാര്‍ക് പാര്‍ലമെന്ററി കോണ്‍ഫറന്‍സിന്റെ സംഘാടക സമിതി കണ്‍വീനറായിരുന്നു. എറണാകുളത്ത് കളമശേരി റോട്ടറി ക്ലബ് പ്രസിഡന്റായും 2010ല്‍ ഡല്‍ഹിയില്‍ നടന്ന ജെ.കെ ടയേ്‌ഴ്‌സ്- കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് നാഷണല്‍ കാര്‍ റാലിയില്‍ ദേശീയ തലത്തില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. കോട്ടയം പാലാ സ്വദേശിയായ ജോര്‍ജ് ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമകളും സ്വന്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബിന്റ് ജേര്‍ണലിസം കോഴ്‌സ് സെക്രട്ടറി, കേരള പ്രസ് അക്കാദമി ഫാക്കള്‍ട്ടി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫേസ്ബുക്കിലും ട്വിറ്ററിലും ജോര്‍ജിന്റെ സന്ദേശങ്ങള്‍ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ സജീവ ചര്‍ച്ചയാകാറുണ്ട്. ഫേസ്ബുക്കില്‍ പരമാവധി  5,000 സുഹൃത്തുക്കളും 6500 ഫോളോവേഴ്‌സും ഉള്ള ഇദ്ദേഹം നവമാധ്യമങ്ങളിലെ ഏറ്റവും ശ്രദ്ധേയരായ പത്രപ്രവര്‍ത്തകരില്‍ പ്രമുഖനാണ്. നിലവിലെ പ്രമുഖ അച്ചടി, ടെലിവിഷന്‍ മാധ്യമങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ വരുംവര്‍ഷങ്ങളില്‍ സോഷ്യല്‍ മീഡിയ കൂടുതല്‍ മുന്നേറുമെന്നു ജോര്‍ജ് കള്ളിവയലില്‍ അഭിപ്രായപ്പെട്ടു.

ലോകത്താകെ 321 കോടിയിലേറെ (3.21 ബില്യണ്‍) പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഇന്ത്യയിലും 400 മില്യണ്‍ (നാലു കോടി) പേര്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. ഇവരില്‍ ലോകത്താകെ 2.13 ബില്യണ്‍ പേര്‍  സോഷ്യല്‍ മീഡിയയിലുണ്ടാകുമെന്നാണു കണക്ക്. ഇന്ത്യയിലാകട്ടെ കഴിഞ്ഞ ഏപ്രിലില്‍ തന്നെ  118 മില്യണ്‍ പേര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായുണ്ട്. ഗ്രാമീണ മേഖലയില്‍ നൂറു ശതമാനം വര്‍ധനയാണു രേഖപ്പെടുത്തുന്നത്. ഇന്ത്യയുടെയും ലോകത്തിന്റെയും ഭാവി നിര്‍ണയിക്കുന്നതില്‍ സാമൂഹ്യ മാധ്യമങ്ങളുടെ റോള്‍ ഏറി വരുമെന്നതിനാല്‍ സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറും ഏറെ ശ്രദ്ധേയമാകും.