Breaking News

Trending right now:
Description
 
Sep 30, 2015

ആലപ്പുഴ പ്രസ് ക്ലബ് റോഡിലെ പോസ്റ്റുകള്‍ മാറ്റാത്തത് നിഷ്‌ക്രിയതയുടെ അങ്ങേയറ്റം

image ആലപ്പുഴ: ഭരണാധികാരികളുടെ നീണ്ടുനില്ക്കുന്ന നിഷ്‌ക്രിയതയുടെ അങ്ങേയറ്റം കാണണമെങ്കില്‍ ആലപ്പുഴ ജില്ലാ കോടതിക്കു സമീപമുള്ള പ്രസ് ക്ലബ് - കയര്‍ ഫാക്ടറി - രാധാ ടാക്കീസ് ഇടവഴി കാണുക. വഴിക്കു വീതി കൂട്ടാന്‍ എസ്.ഡി.വി സ്‌കൂളുകാര്‍ സ്ഥലം വിട്ടു നല്കി, അവരുടെ മതില്‍ പുറകോട്ടു മാറ്റികെട്ടിയിട്ടു വര്‍ഷങ്ങളായി. അപ്പോള്‍ മുതല്‍ ധാരാളം ഇലക്ട്രിസിറ്റി, ടെലിഫോണ്‍ പോസ്റ്റുകള്‍ റോഡിന്റെ നടുക്ക്! അതൊക്കെ വശത്തേക്കു മാറ്റി മതിലിനോടു ചേര്‍ത്തു സ്ഥാപിച്ച് റോഡ് റീ ടാര്‍ ചെയ്യണമെന്നു ബന്ധപ്പെട്ടവര്‍ക്ക് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പല നിവേദനങ്ങള്‍ നല്കി. കാല്‍ കിലോമീറ്റര്‍ റോഡിലെ ഗതാഗതതടസങ്ങള്‍ ഒഴിവാക്കിയാല്‍ അനേകം പേര്‍ക്കാണ് ആശ്വാസമാകുക.

എന്നാല്‍ പിന്നെയും റോഡ് കേബിളിടാനും മറ്റും ആവര്‍ത്തിച്ചു കുത്തിപ്പൊളിച്ചിട്ടതല്ലാതെ നല്ലതൊന്നും സംഭവിച്ചില്ല. ആയിരക്കണക്കിനു വിദ്യാര്‍ഥികളുള്ള സ്‌കൂളുകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, താലൂക്ക് ഓഫീസ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളിലേക്കു അനേകം വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കയര്‍ ഫാക്ടറിയിലേക്കു കണ്ടെയ്‌നര്‍ വഹിക്കുന്ന ട്രെയ്‌ലറുകള്‍ വരെ. കോടതിയും അഭിഭാഷക ഓഫീസുകളും പ്രസ് ക്ലബും സ്ഥിതി ചെയ്യുന്നതും വളരെ തിരക്കേറിയതുമായ പ്രദേശത്തെ റോഡിന്റെ കാര്യത്തിലാണ് അവഗണന. ജില്ലാ കോടതി പാലത്തില്‍ പോലീസ് തോന്നുമ്പോഴൊക്കെ 'നോ റൈറ്റ് ടേണ്‍' നിയന്ത്രണം നിര്‍ബന്ധമാക്കുമ്പോള്‍ വൈ.എം.സി.എ ഭാഗത്തേക്ക നൂറു കണക്കിനു ഇരുചക്ര-മുച്ചക്ര-നാലുചക്ര വാഹനങ്ങളാണ് ഇടുങ്ങിയതും തകര്‍ന്നതും കുണ്ടും കുഴിയുമായ ഇതു വഴി തടസങ്ങള്‍ കടന്നു പോകുന്നത്. വഴിയുടെ നടുക്കു നിരന്നിരിക്കുന്ന പോസ്റ്റുകളും അതിന്മേലൊക്കെ സ്ഥാപിക്കുന്ന ബോര്‍ഡുകളും കൊടികളും ഏറെ അപകടസാധ്യതയാണുണ്ടാക്കുന്നത്.

സ്‌കൂള്‍ അവധിക്കാലത്ത് പോസ്റ്റ് മാറ്റലും റോഡ് അറ്റകുറ്റപ്പണികളും നടത്തിയാല്‍ നാട്ടുകാര്‍ക്കു ബുദ്ധിമുട്ടു കുറയുമെന്നു പല പ്രാവശ്യം മുന്‍കൂട്ടി അറിയിച്ചിട്ടും ബന്ധപ്പെട്ടവര്‍ പരിഗണിച്ചിട്ടില്ല. ചില ദേശീയതല പരിപാടികള്‍ നടക്കുന്നതിനോടനുബന്ധിച്ചും റോഡു നന്നാക്കല്‍ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രമെന്നു അവകാശപ്പെടുന്ന ആലപ്പുഴയ്ക്ക് ഇത്തരത്തിലുള്ള വഴികള്‍ തികച്ചും അപമാനമാണ്.

ജില്ലാ കോടതി പാലത്തില്‍ പോലീസിന്റെ തികച്ചും അശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണത്തെത്തുടര്‍ന്നു എപ്പോഴുമുണ്ടാകുന്ന വന്‍ കുരുക്കിനെത്തുടര്‍ന്നു രാധാ ടാക്കീസ് ഇടവഴി കയറിപ്പോകുന്നവരുടെ യാത്ര തടസപ്പെട്ടിരിക്കുന്നതാണ് ഫോട്ടോയില്‍. ഇങ്ങനെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഒരുവിധത്തില്‍ കടന്നു പോകുന്നവരുടെ രക്ഷയെ കാത്ത് വൈ.എം.സി.എ ഭാഗത്ത് ഹെല്‍മറ്റ് വേട്ടയ്ക്കായി വീണ്ടും കുരുക്കുണ്ടാക്കി പോലീസ്, ആര്‍.ടി.എക്കാര്‍ സദാ കാണുമെന്നുള്ളതു മാത്രമാണ് യാത്രക്കാര്‍ക്ക് ആശ്വാസം!