Breaking News

Trending right now:
Description
 
Sep 30, 2015

ഇന്‍ഡോ-അമേരിക്കന്‍ പ്രസ്‌ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനം ഒക്ടോബര്‍ 9 മുതല്‍ 12 വരെ ന്യൂയോര്‍ക്കില്‍: മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും ദയാബായിക്കും ബോബി ചെമ്മണ്ണൂരിനും ഐഎപിസി പുരസ്‌ക്കാരങ്ങള്‍

image
തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബര്‍ 9   മുതല്‍ 12 വരെ  ന്യൂയൊർക്കിൽ നടക്കുമെന്നു ഐഎപിസി പുറത്തിറക്കുന്ന സ്‌പെഷ്യല്‍ സുവനീറിന്റെ ചീഫ് എഡിറ്ററും നാഷ്ണല്‍ കമ്മിറ്റി അംഗവുമായ തോമസ് മാത്യു ജോയിസും ലെയ്‌സണ്‍ സെക്രട്ടറി ലാലു ജോസഫും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒപ്പം ഐഎപിസിയുടെ ഈ വര്‍ഷത്തെ അവാര്‍ഡുകളും പ്രഖ്യാപിച്ചു. മിനിസ്റ്റര്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡിന്  സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും സത്കര്‍മ അവാര്‍ഡിന്  പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിയും സദ്ഭാവന അവാര്‍ഡിന് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ഗ്രൂപ്പ് സിഎംഡി ബോബി ചെമ്മണ്ണൂരും  അര്‍ഹരായി. 

കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ നടപ്പാക്കിയ ആധുനികവല്‍ക്കരണത്തെ മുന്‍നിര്‍ത്തിയാണ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ മിനിസ്റ്റര്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡിനായി  തെരഞ്ഞെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന വികസനത്തിനായി അനുവദിച്ച പദ്ധതി വിഹിതത്തിന്റെ മൂന്നിരിട്ടി വരെ തുക ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലുള്ള പൊതുമരാമത്ത് വകുപ്പ് വിനിയോഗിച്ചു. ലണ്ടനിലെ ഇന്ത്യ ഡെവലപ്‌മെന്റ് ഫണ്ടിന്റെ കേരളരത്‌ന പുരസ്‌ക്കാരം ഡെക്കാന്‍ ക്രോണിക്കിളിന്റെ ബെസ്റ്റ് മിനിസ്റ്റര്‍, അമേരിക്ക ആസ്ഥാനമായുള്ള ഇന്റര്‍നാഷ്ണല്‍ റോഡ് ഫെഡറേഷന്റെ തുര്‍ക്കിയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രത്യേക പുരസ്‌കാരം, റോട്ടറി ഇന്റര്‍നാഷ്ണലിന്റെ ബസ്റ്റ് മിനിസ്റ്റര്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ വി.കെ. ഇബ്രാഹിം കുഞ്ഞിനു ലഭിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ ചിന്ത്വാര ജില്ലയിലെ ബരുള്‍ ഗ്രാമത്തിലെ ആദിവാസി മേഖലയില്‍ സാധാരണ ജീവിതം നയിക്കുന്ന മേഴ്സി മാത്യു എന്ന ദയാ ബായ് ലോകശ്രദ്ധ പിടിച്ചുപറ്റിയ സാമൂഹിക പ്രവര്‍ത്തകയാണ്. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും മാനവികതയെയും സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിച്ച ദയാബായിക്ക് സത്കര്‍മ അവാര്‍ഡു നല്കിയാണ്  ആദരിക്കുന്നത് .  

ബിസിനസിലെയും സാമൂഹ്യപ്രവര്‍ത്തനത്തിലെയും മികവ് കണക്കിലെടുത്താണ് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ഗ്രൂപ്പ് സിഎംഡി ബോബി ചെമ്മണ്ണൂരിന് സത് ഭാവന പുരസ്‌കാരം നല്‍കുന്നത്. ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ് റ്റിന്റെ സ്ഥാപകനായ അദ്ദേഹം നിരവധി സാമൂഹ്യപ്രവര്‍ത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. രക്തദാനത്തിന്റെ മഹത്വം ജനങ്ങളില്‍ എത്തിക്കാന്‍ 600 കിലോമീറ്ററോളം ഓടി ശ്രദ്ധേയനാണ് അദ്ദേഹം. സ്വതന്ത്ര ആംബുലന്‍സ് സര്‍വീസ്, രക്തബാങ്ക്, സൗജന്യ അരിവിതരണം തുടങ്ങിയ അനേകം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളാണ് ബോബി ചെമ്മണ്ണൂര്‍ തന്റെ ബിസിനസിനൊപ്പം ചെയ്യുന്നത്. 

ന്യൂയോര്‍ക്ക് റോണ്‍കോണ്‍കോമയിലെ ക്ലാരിയോണ്‍ ഹോട്ടല്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന മാധ്യമ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന സെമിനാറുകളും വര്‍ക്കുഷോപ്പുകളും ഉണ്ടായിരിക്കും. 

റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ നികേഷ് കുമാര്‍,  ജയ്ഹിന്ദ് ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ്. ഇന്ദുകുമാര്‍, മംഗളം അസോസിയേറ്റ് എഡിറ്ററും തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്ടുമായ  ആര്‍. അജിത്ത്കുമാര്‍, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി.ചാക്കോ, ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍, മനോരമയുടെ സുജിത് നായർ ഡോക്യുമെന്ററി ഫിലിംമേകെഴ് സ്  സൈമണ്‍ കുര്യൻ,  ഗീതാജ്ഞലി കുര്യൻ,  ദി സൗത്ത് ഏഷ്യന്‍ ടൈംസ് മാനേജിംഗ് എഡിറ്റര്‍ പര്‍വീണ്‍ ചോപ്ര തുടങ്ങിയ മാധ്യമ പ്രതിഭകൾ സമ്മേളനത്തിൽ പങ്കെടുക്കും.  

മീഡിയ കോണ്‍ഫ്രന്‍സിന്റെ ബ്രോഷര്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ഐഎപിസി നാഷ്ണല്‍ കമ്മിറ്റി അംഗം തോമസ് മാത്യു ജോയിസില്‍ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. അജിത്ത് കുമാര്‍ പ്രകാശനം ചെയ്തു.

അച്ചടി ദൃശ്യ ഓണ്‍ലൈൻ മാധ്യമരംഗത്തുള്ള ഇന്ത്യൻ  അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സമന്വയിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) കഴിഞ്ഞ വര്‍ഷം നവംബറിലാണ് രൂപീകരിച്ചത്. പ്രസിഡന്റ്‌ അജയ് ഘോഷ് , ചെയർമാൻ ജിൻസ്മോൻ സക്കറിയ, ജനറൽ സെക്രട്ടറി വിനീത നായർ,  എക്സികുടിവ്  വൈസ്  പ്രസിഡന്റ്‌ ഫാദർ  ജോണ്‍സൻ പുഞ്ചകോണം , മറ്റ്  അംഗങ്ങൾ എന്നിവരുടെ  കര്‍മ്മനിരതമായ പ്രവര്‍ത്തന ശൈലികൊണ്ടും സഹകരണം കൊണ്ടുമാണ് ഇതിനോടകം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയിലേക്ക് ഈ സംഘടന വളര്‍ന്നത്. അമേരിക്കയിലും കാനഡയിലും ഓസ്‌ട്രേലിയയിലും ഗള്‍ഫിലുമുള്ള മാധ്യമരംഗത്തെ പ്രമുഖര്‍ ഐഎപിസിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. വളര്‍ന്നു വരുന്ന മാധ്യമപ്രവര്‍ത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പി ക്കുന്നതിനും ഐഎപിസി പ്രതിജ് ഞാബധ് ധമാണ്. 

സാമൂഹ്യപ്രവര്‍ത്തന മേഖലയിലും പ്രസ്‌ക്ലബ് സജീവമാണ്. അതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിനോടനുബന്ധിച്ച് ദയാബായി എന്ന മേഴ്‌സി മാത്യൂവിനു സത്കര്‍മ്മ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. സമ്പന്നതയുടെപടവുകള്‍ ചവിട്ടിയിറങ്ങി ദാരിദ്രത്തെ വാരിപ്പുണര്‍ന്നുകൊണ്ട് ആദിവാസികളുടെയും നിസഹായരുടെയും പരിരക്ഷക്കായി ജാതിയുടെയോ മതത്തിന്റെയോ ചിഹ്നങ്ങളില്ലാതെ സേവനം ഒരു തപസ്യ ആക്കി കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ത്യാഗിയായി ജീവിക്കുന്ന ദയാബായിയെ ആദരിക്കുന്നതിലൂടെ പ്രസ്‌ക്ലബ് തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത കൂടുതല്‍ വ്യക്തമാക്കുകയാണ്.  

അന്താരാഷ്ട്ര മാധ്യമ കണ്‍വന്‍ഷനോടനുബന്ധിച്ചു നാഷ്ണല്‍കമ്മിറ്റി അംഗം സിറിയക്ക്  സ്കറിയുടെ നേതൃത്വത്തിൽ  പ്രസ് ക്ലബ് തുടങ്ങിവെച്ചിരിക്കുന്ന പൊളിറ്റിക്കല്‍ ലോഗോമത്സരം ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെ പോലും സ്വാധീനിച്ച വ്യക്തിത്വമാണ് അമേരിക്കന്‍ പ്രസിഡന്റ് ബാറക് ഒബാമയുടെത്. ഒബാമ ആവിഷ്‌കരിച്ച സാങ്കേതികവിദ്യകളും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും ഒരു പരിധി വരെ ഫലപ്രദമായി പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പിലും വിനിയോഗിക്കുകയുണ്ടായി. പ്രത്യാശയുടെ ചിഹ്നമായ് ഉദയ സൂര്യനും മാറ്റം (CHANGE) എന്ന സ്ലോഗനും ഒബാമയെ ചരിത്ര വിജയത്തിന് സഹായിച്ചതുപോലെ അച്ചാദിന്‍ തുടങ്ങിയ രാഷ്ട്രീയസ്ലോഗനുകള്‍ ഇന്ത്യയിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ വിജയം കണ്ടെത്തുകയുണ്ടായി. വരും കാലങ്ങളില്‍ പൊളിറ്റിക്കല്‍ ലോഗോകള്‍ ഒരു സാര്‍വദേശീയ തന്ത്രമാകുമെന്നു ഈ പ്രസ്സ് ക്ലബ് വിലയിരുത്തുന്നതിനാല്‍, ജനാധിപത്യത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിത്തിരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോള്‍ തുടങ്ങിവെച്ചിരിക്കുന്ന അമേരിക്കന്‍ പൊളിറ്റിക്കല്‍ ലോഗോ മത്സരം(Political Logo Contest). ഒപ്പം അമേരിക്കയിലെ എഴുത്തുകാരെയും ഫോട്ടോഗ്രാഫര്‍മാരൈയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉപന്യാസരചനാമത്സരവും ഫോട്ടോഗ്രാഫി മത്സരവും പ്രസ്‌ക്ലബ് നടത്തുന്നത്.

 ഐഎപിസി അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സിന്റെ ബ്രോഷര്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ഐഎപിസി നാഷ്ണല്‍കമ്മിറ്റി അംഗം തോമസ് മാത്യു ജോയിസില്‍ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. അജിത്ത് കുമാര്‍ പ്രകാശനം ചെയ്യുന്നു. ലെയ്‌സണ്‍ സെക്രട്ടറി ലാലു ജോസഫ് സമീപം.