Breaking News

Trending right now:
Description
 
Sep 30, 2015

സര്‍ക്കാരിലേക്കുള്ള ഓണ്‍ലൈന്‍ പരാതി: മറുപടി രേഖകള്‍ ഇ-മെയിലിലൂടെ നല്കണം: കോള്‍ഫ്

image
ആലപ്പുഴ: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് അടക്കം സംസ്ഥാന സര്‍ക്കാരിലേക്ക് ഓണ്‍ലൈനായും ഇ-മെയിലായും അയക്കുന്ന പരാതികളില്‍ എടുക്കുന്ന നടപടിയും മറുപടിയും ഉത്തരവുകളും അനുബന്ധരേഖകളും പരാതിക്കാര്‍ക്ക് ഇ-മെയിലിലൂടെ തന്നെ നല്കാനുളള സ്ഥിരം നടപടികള്‍ സ്വീകരിക്കണമെന്ന് സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്) ചെയര്‍മാന്‍ തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവര്‍ത്തിച്ചു ഉന്നയിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായിട്ടും യാതൊരു മറുപടി പോലുമില്ല. ഓണ്‍ലൈന്‍ പരാതി പരിഹാരം ഇപ്പോള്‍ നിലച്ച മട്ടാണ്.

ആദ്യകാലങ്ങളില്‍ പരാതി പരിഹാര സെല്ലിലേക്ക് പരാതി ഓണ്‍ലൈനായി അയച്ചാല്‍ ഉടന്‍ അതിന്റെ രസീത് ലഭ്യമായിരുന്നു. പിന്നെ ഓഫീസില്‍ നിന്നു നേരിട്ടു ഫോണില്‍ വിളിച്ചുള്ള അന്വേഷണവുമുണ്ടായിരുന്നു. എന്നാല്‍ പരാതികള്‍ വര്‍ധിച്ചതോടെ അതു തുറന്നു നോക്കുകയോ നടപടിയെടുക്കുകയോ ചെയ്യാതായി. തുറക്കാത്തതിനെപ്പോലുമുള്ള പരാതികള്‍ അങ്ങനെ തന്നെ നിലനില്ക്കുകയാണ്. ട്രാക്കിംഗ് സംവിധാനം ഇല്ലാത്തതിനാല്‍ പരാതിയിന്മേലുള്ള നിലവിലുള്ള നില അറിയാനും മാര്‍ഗമില്ല. ഇത്തരത്തിലുള്ള നൂറു കണക്കിനുള്ള പരാതികളാണുള്ളത്. പൊതുമരാമത്തു വകുപ്പിന്റെ ഓണ്‍ലൈന്‍ റോഡു കുഴിയടക്കല്‍ പരാതി പരിഹാരം ഉള്‍പ്പടെയുള്ളവ പരാജയമായിരുന്നു. 

മന്ത്രിമാര്‍ക്കും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അയക്കുന്ന പരാതികളിലും നിവേദനങ്ങളിലും നടപടിയോ മറുപടിയോ ഇല്ല. സര്‍ക്കാര്‍ സംവിധാനത്തിലുള്ള പല ഇ-മെയില്‍ ഇന്‍ബോക്‌സുകളും നിറഞ്ഞു കിടക്കുന്നതിനാല്‍ പരാതി അയക്കുമ്പോള്‍ തന്നെ തിരികെ പോരും. അനേക ഉദ്യോഗസ്ഥര്‍ മെയില്‍ തുറക്കാറുപോലുമില്ല. പലര്‍ക്കും ഇ-മെയില്‍ ഐഡി ഇല്ലതാനും. കുറഞ്ഞ ചെലവില്‍ പൊതുജനങ്ങള്‍ക്ക് വ്യാപകമായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാതെ നടപടികള്‍ ഓണ്‍ലൈനിലാക്കുന്നതു മൂലം ആവശ്യക്കാര്‍ക്കു പ്രയോജനം ലഭ്യമാകില്ല. സര്‍ക്കാര്‍ വകുപ്പുകള്‍ ഫേസ്ബുക്ക് പേജുകള്‍ അടക്കമുള്ള സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ വമ്പിച്ച പരസ്യം നല്കി തുടങ്ങാറുണ്ടെങ്കിലും അതില്‍ ജനങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഒരു കാര്യത്തിനും മറുപടി നല്കുന്നതായി കാണുന്നില്ലെന്നു മാത്രമല്ല സര്‍ക്കാരിനു എതിര്‍പ്പുള്ള വിഷയങ്ങള്‍ ഉടനെ ഡിലീറ്റ് ചെയ്യുകയും ചെയ്യും.

ഇന്റര്‍നെറ്റിന്റെ ലഭ്യതയില്ലായ്മയും പ്രവര്‍ത്തന തകരാറുകളും കാരണം പൊതുജനങ്ങള്‍ സര്‍ക്കാരിലേക്ക് പരാതി ഓണ്‍ലൈനില്‍ അയക്കാന്‍ സാധാരണ ഇന്റര്‍നെറ്റ് കഫേകളുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ പരാതി ഓണ്‍ലൈന്‍ ആയി നല്കുമ്പോള്‍ തന്നെ അതിന്റെ പകര്‍പ്പ് എടുത്തു സൂക്ഷിച്ചില്ലെങ്കില്‍ അയച്ച പരാതിയിലെ കാര്യങ്ങള്‍ എന്താണെന്നു പോലും പിന്നീട് പരാതിക്കാരന് അറിയാനുള്ള സംവിധാനമില്ല. എപ്പോഴും വിവരം തിരക്കിക്കൊണ്ടിരിക്കുക പ്രായോഗികവുമല്ല. വെബ്‌സൈറ്റില്‍ നല്കുന്ന രേഖകളുടെ ഡൗണ്‍ലോഡിംഗ് സാങ്കേതിക പ്രശ്‌നങ്ങളാല്‍ പലപ്പോഴും സാധ്യവുമാകുന്നില്ല.

നിലവിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഭരണ കാലാവധി അവസാനിക്കാന്‍ പോകുന്നതിനാലും ഈ സംവിധാനം തുടരണമെന്നു നിര്‍ബന്ധമില്ലാത്തതിനാലും ഭരണകാലഘട്ടത്തില്‍ പൊതുജനങ്ങളില്‍ നിന്നു ലഭ്യമായ പരാതികളും അതിലെ എല്ലാ ഉത്തരവുകളും രേഖകളും പരാതിയുടെ പകര്‍പ്പു സഹിതം പരാതിക്കാര്‍ക്കു ഉടനൈ ഇ-മെയിലില്‍ ലഭ്യമാക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതിനാല്‍ സെര്‍വറുകളില്‍ മാത്രം സൂക്ഷിച്ചുവച്ചിട്ടുള്ള രേഖകള്‍ നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇക്കാര്യവും മുന്‍കൂട്ടി വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സര്‍ക്കാരിനെ കോള്‍ഫ് അറിയിച്ചിട്ടുള്ളതാണ്. സെപ്റ്റംബര്‍ 27-നു നടന്ന ഹാക്കിംഗിനു ശേഷവും ഏതായാലും പരാതിപരിഹാര സെല്ലോ രേഖകളോ നെറ്റില്‍ ലഭ്യമല്ല. 'ഫോര്‍ബിഡന്‍' (വിലക്കപ്പെട്ട) എന്ന സന്ദേശം മാത്രമാണ് ലഭ്യമാകുന്നത്. വെബ്‌സൈറ്റുകളിലേക്കുള്ള നുഴഞ്ഞുകയറ്റവും നശിപ്പിക്കലും ആവര്‍ത്തിക്കുന്നതിനാലും ഭരണനയങ്ങള്‍ ഭാവിയില്‍ തുടരണമെന്നില്ലാത്തതിനാലും ഇതിന്റെ പ്രസക്തി ഏറെയാണ്. കടലാസില്‍ രേഖപ്പെടുത്തി വയ്ക്കാത്ത രേഖകള്‍ സെര്‍വറില്‍ നിന്ന് ഇല്ലാതായാല്‍ പലകാര്യങ്ങളും നിഷ്പ്രയോജനമാകും.